Saturday, November 10, 2012

അമ്മമണം

ഒട്ടുപാല് മണക്കുന്ന പ്രഭാതത്തില്‍ 
രാവിലെ കാണാറുണ്ട്‌
മങ്ങിയ വെളിച്ചത്തോടൊപ്പം നര ചാല് കീറിയ 
ഒരു ശിരസ്  റബറിന്റെ മുറിവിനു
വലം ചുറ്റുന്നത്‌ .

ഇടയ്ക്കിടെ അടുക്കള പുകഞ്ഞു വിളിക്കും .
പ്രാണനൂതി കണ്ണുകള്‍  കലങ്ങുകയും
തൊണ്ടക്കുഴി ചുമയുടെ ചോര തൊടുകയും
ചെയ്യും വരെ മുട്ടുകുത്തി പ്രാര്‍ഥിക്കാന്‍./...
'തൊണ്ടേ, ചൂട്ടേ, കൊളളിവിറകേ  കാത്തു രക്ഷിക്കണേ..'
നനവിറകിന്നീര്‍പ്പം മുഖത്തേക്കു പകര്‍ന്നാടുന്നതു മുതുകില്‍ ചേര്‍ന്നു നിന്നു കണ്ടിട്ടുണ്ട്.

സമയത്തിനൊപ്പമാണ് ഓട്ടം
പക്ഷെ ( ഒരിക്കലൊഴികെ) എപ്പോഴും 
സൂചികളിലുടക്കി വീണു തോറ്റു  പോകുന്നവള്‌..

അമ്മത്തഴമ്പുളള മൂന്നു കത്തികള്‍ തിരക്കു കൂട്ടും
(ടാപ്പിംഗ് കത്തി ചേരില്‍തിരുകുമ്പോഴേക്കും
കറിക്കത്തി അരകല്ലിന്‍ വക്കില്‍ 
രാകിരാകി പ്രാകി പ്രാകി
ആലേ പോണം ആലേ പോണം എന്നു ദുശാഠ്യം.
പിടിയൂരിത്തെറിച്ച വെട്ടുകത്തിയെ ഒതുക്കിയാലും ദയകാട്ടില്ല..)
ഉള്ളു തുരുമ്പിച്ച കത്തിയല്ലെന്നു നെടുവീര്‍പ്പ് .

കമുകിന്റെ പാലത്തില്‍ കയറിന്റെ തേയ്മാനക്കുഴിയിലൂടെ
കിണറ്റിലേക്കു പാള ഊര്‍ന്നു പോകുമ്പോഴും
 മൗനത്തിന്റെ ആഴം ചോരാതെ 
കവിഞ്ഞ മണ്‍കലം ഒക്കത്തെടുക്കുന്നേരവും  കരഞ്ഞുരുണ്ട എനിക്കമ്മ പറഞ്ഞുതന്നില്ല ഭാരത്തിന്റെ പാഠം.


മഴയത്ത്ചേമ്പിലയുടെ  കനിവില്‍
വിരലുകള്‍ മണ്ണുമാന്തിയാകണം
മെലിഞ്ഞു നീണ്ട  കര്‍ക്കിടകക്കപ്പ 
തുരപ്പന്‍ തിന്ന  കഥയില്‍ മോന്‍   നിശ്വസപ്പെടണം.
മുളം കുറ്റിയില്‍ കാപ്പിത്തണ്ട് വളച്ചു
എലിക്കെണി ഒരുക്കുമ്പോള്‍ ഓര്‍ക്കാറുണ്ട്
ഒരു അമ്മയെലി ചുമന്നു തുടുത്ത കുഞ്ഞുങ്ങളുടെ
ഇളം വിശപ്പിലേക്ക് മരണക്കഴുത്ത്  നീട്ടുന്നത്.


ചേനയുടെ കൂടെ കരിഞ്ഞ കാച്ചില്‍ പുഴുക്ക് 
കാന്താരിച്ചമ്മന്തിയോടു പിണങ്ങി .
കാരവെള്ളത്തില്‍ പുഴുങ്ങിയിട്ടും 
കരിമ്പന്‍ പോകാത്ത പോലെ 
എന്റെ അമ്മമണം .
അന്നും ഇന്നും
അടുപ്പിലേക്ക് തിളച്ചു കവിയുന്ന 
പുകയുന്ന ഒരു പ്രാര്‍ത്ഥന .

Sunday, September 30, 2012

വൃദ്ധവൃക്ഷം


പാതി മറന്നു പോം സ്വപ്നങ്ങള്‍, ഉണങ്ങും
ചില്ലകളിലൊഴിയും കലപിലക്കൊഞ്ചലുകള്‍
സ്നേഹപ്പച്ചയഴിയും തണല്‍ക്കൂടുകള്‍, നിറം
വറ്റിപ്പൊടിയും സൗഹൃദസായന്തനസംഗമങ്ങള്‍.

ഇടിമഴമിന്നല്‍ കൊടുങ്കാറ്റട്ടഹാസം ഭയതാണ്ഡവം
ശകാരങ്ങളാക്ഷേപശൂലങ്ങളില്‍ അടക്കിപ്പിടിച്ചഭയ
വാത്സല്യഗന്ധമാകും സ്നേഹശാഖകളെല്ലാം മുറിയുന്നുവോ?
സ്വന്തം നിഴലില്‍ തണല്‍ തേടുകത്രേ വാര്‍ധക്യകര്‍മം.

വാതകാലവും നീരുവലിഞ്ഞുണങ്ങും ഭുതകാലവും ചോദിക്കുന്നു
എവിടെയെവിടെ കൂട്ടുപാതി കൈനീട്ടം തന്ന ഹരിതകാവ്യങ്ങള്‍?
എങ്ങുപോയ് ഉടലാകെയുഴിഞ്ഞുണര്‍ത്തിയിടംവലം ചുംബിച്ചാ
ശ്ലേഷബദ്ധമാകുമുഷസ്സുകള്‍? കടലോളമാഴത്തിലായിരംവട്ടം
കൈത്തലം കോര്‍ത്ത യൗവ്വനമധ്യാഹ്നങ്ങള്‍?

എവിടെ ഹൃദയമുളകള്‍ വിരിയുമാകാശമായി പരസ്പരം
മംഗലം തീര്‍ക്കും തളിര്‍ നാമ്പിന്‍ തിരുനേരുകള്‍?
എവിടെയോരോ ദിനവുമോരോ സുകൃതജന്മമായ് നൂറായിരം
നേത്രനിവേദ്യമായ് അന്യോന്യം സമര്‍പ്പിച്ച ഋതുഭേദസൗഭാഗ്യങ്ങള്‍?

എവിടെയെവിടെ കരള്‍ കാണിക്ക വെച്ച മേടപ്പൊന്‍നാണ്യങ്ങള്‍?
തേന്‍വരിക്കച്ചുളപ്പാതി നാവിലെഴുതും കൊതിപ്പങ്കുകള്‍?
ഞാവല്‍ത്തണലുകള്‍ കുറുമ്പുകാട്ടും ചിണുങ്ങലുകള്‍ ?
കൂട്ടുകാരിപ്പിണക്കം പോലെ കയ്ച്ചുമധുരിക്കും കനികള്‍?
മായുന്നുവോ മാരുതരാഗതാളങ്ങള്‍ നിത്യവിസ്മയം ചേര്‍ക്കുമരയാലിന്‍
പ്രണയസ്പന്ദനങ്ങള്‍ വലംവെച്ചുളളിലാരാധിക്കും പ്രാണരൂപം?

കൂടൊഴിയന്നോരവരവര്‍തന്‍ പാടു നോക്കുന്നോര്‍
ചൊല്ലുന്നു പോടു കൂടും പൂമരം നാളെ വീഴും പാഴ് മരം
ചോരവേരുകള്‍ പറിച്ചണയൂ വേഗം ,കാത്തിരിക്കൂന്നൂ
ഗഗനസരസ്സിന്‍ പരിലാളനം,യശസ്സിന്‍ മൂല്യവര്‍ദ്ധന,
ലാഭമോഹതുലാഭാരം, രാജസദസ്സിന്‍ വിശിഷ്ടസായൂജ്യം....


ചുനമുറിച്ചര്‍ച്ചിക്കും ഞെടുപ്പിനു പകരമായി
കടല്‍സ്നേഹമയയ്ക്കും കാറ്റുലുത്തിവീഴ്ത്തും
നാട്ടുമാവിന്‍പെരുംരുചി തിമിര്‍ക്കും
ചോടരങ്ങുകളുഴുതെറിയുന്നുവോ?
ഉറുമ്പുബലി നല്കി മാമ്പഴപ്രസാദം
കാത്തിരിക്കുമിളംവിശ്വാസങ്ങള്‍
മൈലാഞ്ചിയെഴുതും മധുരകാലങ്ങള്‍
കൈവീശിക്കരഞ്ഞകന്നു പോകുന്നുവോ?


ഒടുവില്‍ക്കൊഴിഞ്ഞോരില,
                                   പൂവ്,
                                         പരാഗസ്നേഹം,
                                                            മധുരക്കനി,
തെല്ലിട പിന്തരിഞ്ഞൊരു നോട്ടം , മുഖം വാടുംനിശബ്ദതയായ്
പൊയ് വരട്ടെന്നു പറയാതെപറയും നേരം, ഇല്ല നല്കുവാനൊ
ന്നുമേയില്ലകം ദ്രവിച്ചമരുമോര്‍മ പൂക്കും ചുളളികയല്ലാതെ.






Saturday, September 15, 2012

തിരയില്‍ ഒരിലയില്‍

എന്‍റെ പനിക്ക് ആരോടും പരിഭവമില്ല
അതു  സൂര്യസമ്മാനം
ഇലപച്ചകളില്‍ വെയില്‍ഭാരം തൊടുന്ന തുമ്പികള്‍
ഓര്‍മയുടെ ഞരമ്പുകളില്‍ മയങ്ങി  നീന്തുന്ന മത്സ്യങ്ങള്‍
  
നെറ്റിയില്‍ കൈവെച്ചു അമ്മ   ചോദിക്കുന്നു
ഓമനക്കുട്ടാ നിന്നെ എന്നേപ്പോലെ  പൊള്ളുന്നല്ലോ ?
അമ്മേ
നിന്റെ മനസ്‌ പെറ്റിട്ട  ഈ  ശരീരം
കണ്പീലിത്തുംപുകളിലെ  മഞ്ഞുകണങ്ങള്‍ കൊണ്ട്
കഴുകിയെടുക്കുക വീണ്ടും .
നീ തന്നതെല്ലാം ഇപ്പോഴുമെന്നില്‍ തിളയ്ക്കുന്നുണ്ട്
ആറില്ലതൊരിക്കലും

ഈ പുഴയിലേക്ക് ഞാന്‍ കാലിറക്കി നില്‍ക്കട്ടെ
ഈ തിരയിലേക്ക് ഞാന്‍ ഒരില  പറിച്ചിടട്ടെ
ജലം തലോടുന്ന അതിലോലമായ അരികുകള്‍
എനിക്ക് ഈ  ഇലയുടെ മടിയില്‍ കിടക്കണം
മുകളില്‍ ആകാശം എന്നോടൊപ്പം ഒഴുകുന്നല്ലോ

ഈ സൂര്യപുത്രന്റെ ചൂട് ആരേറ്റെടുക്കും  ?
കയ്യൊഴിഞ്ഞ കടവുകള്‍ ചോദിക്കുന്നു .

Sunday, August 26, 2012

മറന്നുവോ ഈ മഹാ ബലി?


ഇരുളിന്റെ പാളത്തില്‍
ഫെബ്രുവരി  ചൂളം വിളിച്ചു
ചുരിദാറിട്ട കമ്പാര്‍ട്ട് മെന്റ്
ചുവന്നവള  കിലുക്കി

കണ്ണുകളില്‍ കനകത്താലിയുമായി
മാരനൊരുവാന്‍  നാളെയുദിക്കും
രാഗമാലിക കുഴല്‍ വിളിക്കും
സ്വപ്നകൂട്ടിലേക്കോ  യാത്ര ?

പാതാളത്തില്‍ നിന്നും  ഒരാള്‍
വള്ളത്തോള്‍ നഗറില്‍ പടം പൊഴിച്ചു .
സാഹിത്യമഞ്ജരിയുടെ ഏഴാം ഭാഗം
രക്തം ചീന്തി നിലവിളിച്ചു.

ഒളിച്ചു കളിച്ച സിഗ്നല്‍ വെളിച്ചം 
അഴികളിലൂടെ  ഒറ്റക്കൈ നീട്ടി 
"സീസന്‍ ടിക്കറ്റുകാരീ,
നിന്റെ സീസന്‍ നോക്കട്ടെ  "

"ഈ ശരീരം 
ഇവളുടെ ശരീരം 
ഇളം ശരീരം ... "

കരിങ്കല്ലിനു കാമദാഹം
ഒലിച്ചിറങ്ങിയ രുധിരകുങ്കുമം .

കന്യാചോരത്തിര!
കണ്ടവര്‍ കണ്ണ് തപ്പി 
"എവിടെയോ മറന്നു 
എവിടെയോ മറന്നു . "
വെളിച്ചവും പരിതപിച്ചു .
പെണ്ണുടയുംപോള്‍ കണ്ണ് അടയ്ക്കുക 
ഉയിര് കീറുമ്പോള്‍ കാതടയ്ക്കുക 
സ്വാര്‍ത്ഥം ചങ്ങല വലിച്ചില്ല
ആര്‍ത്തിവണ്ടി വേഗം കൂട്ടി

മണ്ണില്‍ ഉടഞ്ഞു വീണ
മഴവില്ലിന്റെ കുപ്പിച്ചില്ലുമുനകളില്‍
മലയാളത്തിന്റെ മാനം.

ഒരു കന്നിപ്പെണ്ണ് ചോദിക്കുന്നു
മറന്നുവോ ഈ മഹാ ബലി ?

2.


ഒപ്പമുറങ്ങുന്ന  സഖാവിന്റെ കണ്ണുകള്‍ നോക്കി കിടന്നു 
കൃഷ്ണമണികള്‍ വെട്ടി വെട്ടി നീങ്ങുന്നു 
സ്വപ്നത്തിന്റെ ചെങ്കതിരുകള്‍ക്കിടയിലൂടെ .
ചുണ്ടുകള്‍ മുറുകുകയും അയയുകയും
മന്ദഹസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു 
പുതു ലോകത്തിലേക്കുള്ള നിദ്രാടനം !
ആ പുരികങ്ങള്‍ ചുളിഞ്ഞു 
പിന്നെ നിലാചന്ദ്രനെ  പോലെ കരുണ പെയ്തു ..
ശ്വാസം അല്‍പനേരം അടക്കി ശ്രദ്ധ മുറുക്കി  
ചോദ്യത്തിനും ഉത്തരത്തിനും ഇടയില്‍ എവിടെയോ  ഒരു നിലവിളി ?
ഇല്ല.... ഉറക്കത്തിലും നിശ്വാസം .
വേദനയുടെ പാഠങ്ങള്‍ സംഘഗാനത്തിന്റെ  കൊടി  ഉയര്‍ത്തി 

ഇന്ന് ഞാന്‍ വീണ്ടും ആ കണ്ണുകള്‍ കണ്ടു
മിഴികളില്‍ നിന്നും ചെങ്കതിരുകള്‍ കൊത്തിയെടുക്കുന്ന
കൊടുവാള്‍ തലപ്പിനോടും ആര്‍ദ്രത.
 "സഖാവേ" എന്ന്  തിരിച്ചറിഞ്ഞ മുറിവ്

ചേര്‍ത്തരിഞ്ഞ ചുണ്ടുകളില്‍ നിന്ദിതരുടെയും പീഡിതരുടെയും
ശബ്ദത്തിന്റെ പ്രതിധ്വനി നൊന്തു 

വിണ്ടു കീറിയ പാടങ്ങള്‍ തുന്നിക്കെട്ടിയ കവിളില്‍
കടം വീടാത്ത ഒരു മുത്തം ചോദിക്കുന്നു  

സെമിത്തേരി പൂരിതമാണ് 
അറ്റ് പോയ ചൂണ്ടുവിരലുകള്‍  കൊണ്ട് 
നാടിന്റെ നട്ടെല്ലാണ് നാവെന്നു 
ഒരു കുട്ടി വിളിച്ചു പറയുന്നു 



മണ്ണില്‍ ഉടഞ്ഞു വീണ
മഴവില്ലിന്റെ കുപ്പിച്ചില്ലുമുനകളില്‍
മലയാളത്തിന്റെ മാനം.

ചുവന്ന മണ്ണ് ചോദിക്കുന്നു
മറന്നുവോ ഈ മഹാ ബലി ?






Sunday, August 19, 2012

നക്ഷത്രങ്ങള്‍



നടു റോഡില്‍  നാട്ടപ്പാതിരാവില്‍
നക്ഷത്രം കൈകുടഞ്ഞും കാല്‍ കുടഞ്ഞും

നിലവിളിയുടെയും പുഞ്ചിരിയുടെയും
ചക്രങ്ങള്‍ ഉള്ള രണ്ട് നക്ഷത്രങ്ങള്‍
ദൂരെ നിന്നും ഓടിപ്പഞ്ഞു വന്നു
വാത്സല്യത്തോടെ ആശ്ലേഷിച്ചു
ഇളംചുണ്ടുകള്‍ ചുവന്നു കവിഞ്ഞു

കുറ്റിക്കാട്ടില്‍ രണ്ട് നക്ഷത്രങ്ങള്‍
നെഞ്ചു പൊട്ടി കണ്ണിറുക്കിയടച്ചു
ഹൃദയം പൊട്ടിയ ഓണനിലാവ്  പോലെ.

നായകനും നായയും ഉപേക്ഷിച്ചാല്‍
നാടും നാഗരികതയും ആക്ഷേപിച്ചാല്‍
കുന്തി പിന്നെന്തു ചെയ്യും
കൊച്ചു നക്ഷ്ത്രത്തെ ?


Wednesday, August 15, 2012

പത്തായം

സായാഹ്നം നൃത്തം വെച്ച  പാടത്തിന്റെ വരമ്പില്‍
കൊയ്ത്തു കൂട്ടിയ നിലാവിന്റെ കറ്റകളില്‍ നിന്നും
ഉതിര്‍ന്നു വീഴുന്ന കതിരുകള്‍ പോലെ
ഭൂഹൃദയം തേടുന്ന വാക്കുകള്‍ ഇവിടെ   .


ഇരുളിലേക്ക് വെളിച്ചത്തിന്റെ രഥപാത കണ്ടു 

പൊന്‍തളികയില്‍  പുന്നെല്ലുമണം ചിരിക്കുന്നു
ശരീരത്തിന്റെ  വെളിച്ചം തേടുന്നു 
രുചിയുടെ ഇളം നാമ്പുകള്‍ 

കെട്ടിപ്പിടിച്ചുറങ്ങിയ നെല്ലോലത്തുമ്പില്‍ നിന്നും
നമ്മുടെ ഓണം ഈ പത്തായത്തിലേക്ക് 

പുലരിമഞ്ഞു പോലെ ഇറ്റു വീണു




ഒരിലയിലേക്ക് തൂവെള്ള മലരായി
എന്നിക്ക് വിളമ്പണം
നിറച്ചൂട്ടണം 
നമ്മുടെ ജീവിതം ..


Wednesday, July 25, 2012

ദാഹം

കണ്ണുകളില്‍ കവിതയുടെ പൂമുല്ലക്കാവ്
കാതുകളില്‍ സഞ്ചാരിക്കാക്കയുടെ നാടോടി രഹസ്യങ്ങള്‍
ജീവന്റെ  മുദ്ര വിളഞ്ഞ മാനസപ്പച്ച

വാക്കിനും വാക്കിനും ഇടയിലെ   മാത്രകളില്‍ 
ആഴമുള്ള സ്നേഹം ഹൃദയത്തെ തപോവൃക്ഷ ചുവട്ടിലെ
കുറ്റിയില്‍ കെട്ടിയിടും
ഇതു ആരുടെ സ്വന്തം സ്വപ്നം  എന്നു ചോദിച്ചു കൊണ്ട്
ദാഹജലം ചോദിച്ചു വന്നു
പ്രാണജലം കിട്ടി
അതൊരു ഉറവ

ബോധോദയം