Sunday, August 26, 2012

മറന്നുവോ ഈ മഹാ ബലി?


ഇരുളിന്റെ പാളത്തില്‍
ഫെബ്രുവരി  ചൂളം വിളിച്ചു
ചുരിദാറിട്ട കമ്പാര്‍ട്ട് മെന്റ്
ചുവന്നവള  കിലുക്കി

കണ്ണുകളില്‍ കനകത്താലിയുമായി
മാരനൊരുവാന്‍  നാളെയുദിക്കും
രാഗമാലിക കുഴല്‍ വിളിക്കും
സ്വപ്നകൂട്ടിലേക്കോ  യാത്ര ?

പാതാളത്തില്‍ നിന്നും  ഒരാള്‍
വള്ളത്തോള്‍ നഗറില്‍ പടം പൊഴിച്ചു .
സാഹിത്യമഞ്ജരിയുടെ ഏഴാം ഭാഗം
രക്തം ചീന്തി നിലവിളിച്ചു.

ഒളിച്ചു കളിച്ച സിഗ്നല്‍ വെളിച്ചം 
അഴികളിലൂടെ  ഒറ്റക്കൈ നീട്ടി 
"സീസന്‍ ടിക്കറ്റുകാരീ,
നിന്റെ സീസന്‍ നോക്കട്ടെ  "

"ഈ ശരീരം 
ഇവളുടെ ശരീരം 
ഇളം ശരീരം ... "

കരിങ്കല്ലിനു കാമദാഹം
ഒലിച്ചിറങ്ങിയ രുധിരകുങ്കുമം .

കന്യാചോരത്തിര!
കണ്ടവര്‍ കണ്ണ് തപ്പി 
"എവിടെയോ മറന്നു 
എവിടെയോ മറന്നു . "
വെളിച്ചവും പരിതപിച്ചു .
പെണ്ണുടയുംപോള്‍ കണ്ണ് അടയ്ക്കുക 
ഉയിര് കീറുമ്പോള്‍ കാതടയ്ക്കുക 
സ്വാര്‍ത്ഥം ചങ്ങല വലിച്ചില്ല
ആര്‍ത്തിവണ്ടി വേഗം കൂട്ടി

മണ്ണില്‍ ഉടഞ്ഞു വീണ
മഴവില്ലിന്റെ കുപ്പിച്ചില്ലുമുനകളില്‍
മലയാളത്തിന്റെ മാനം.

ഒരു കന്നിപ്പെണ്ണ് ചോദിക്കുന്നു
മറന്നുവോ ഈ മഹാ ബലി ?

2.


ഒപ്പമുറങ്ങുന്ന  സഖാവിന്റെ കണ്ണുകള്‍ നോക്കി കിടന്നു 
കൃഷ്ണമണികള്‍ വെട്ടി വെട്ടി നീങ്ങുന്നു 
സ്വപ്നത്തിന്റെ ചെങ്കതിരുകള്‍ക്കിടയിലൂടെ .
ചുണ്ടുകള്‍ മുറുകുകയും അയയുകയും
മന്ദഹസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു 
പുതു ലോകത്തിലേക്കുള്ള നിദ്രാടനം !
ആ പുരികങ്ങള്‍ ചുളിഞ്ഞു 
പിന്നെ നിലാചന്ദ്രനെ  പോലെ കരുണ പെയ്തു ..
ശ്വാസം അല്‍പനേരം അടക്കി ശ്രദ്ധ മുറുക്കി  
ചോദ്യത്തിനും ഉത്തരത്തിനും ഇടയില്‍ എവിടെയോ  ഒരു നിലവിളി ?
ഇല്ല.... ഉറക്കത്തിലും നിശ്വാസം .
വേദനയുടെ പാഠങ്ങള്‍ സംഘഗാനത്തിന്റെ  കൊടി  ഉയര്‍ത്തി 

ഇന്ന് ഞാന്‍ വീണ്ടും ആ കണ്ണുകള്‍ കണ്ടു
മിഴികളില്‍ നിന്നും ചെങ്കതിരുകള്‍ കൊത്തിയെടുക്കുന്ന
കൊടുവാള്‍ തലപ്പിനോടും ആര്‍ദ്രത.
 "സഖാവേ" എന്ന്  തിരിച്ചറിഞ്ഞ മുറിവ്

ചേര്‍ത്തരിഞ്ഞ ചുണ്ടുകളില്‍ നിന്ദിതരുടെയും പീഡിതരുടെയും
ശബ്ദത്തിന്റെ പ്രതിധ്വനി നൊന്തു 

വിണ്ടു കീറിയ പാടങ്ങള്‍ തുന്നിക്കെട്ടിയ കവിളില്‍
കടം വീടാത്ത ഒരു മുത്തം ചോദിക്കുന്നു  

സെമിത്തേരി പൂരിതമാണ് 
അറ്റ് പോയ ചൂണ്ടുവിരലുകള്‍  കൊണ്ട് 
നാടിന്റെ നട്ടെല്ലാണ് നാവെന്നു 
ഒരു കുട്ടി വിളിച്ചു പറയുന്നു മണ്ണില്‍ ഉടഞ്ഞു വീണ
മഴവില്ലിന്റെ കുപ്പിച്ചില്ലുമുനകളില്‍
മലയാളത്തിന്റെ മാനം.

ചുവന്ന മണ്ണ് ചോദിക്കുന്നു
മറന്നുവോ ഈ മഹാ ബലി ?


4 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഉത്തരം കിട്ടാത്ത മലയാളിയുടെ ചോദ്യങ്ങള്‍ ..വളരെ നല്ല വരികള്‍

Gireesh KS said...

നല്ല കവിത. ഓണാശംസകള്‍.

T. J. Ajit said...

വര്‍ത്തമാനകാല കേരളത്തിന്റെ നേര്‍ക്കാഴ്ചകള്‍ ചോദ്യങ്ങളായി മുന്നില്‍ തിറയാടുമ്പോള്‍ പകച്ചുനില്ക്കാനേ കഴിയൂ. കഷ്ടം! ഓണം.

hindi wayanad said...

നാടിന്റെ നട്ടെല്ലാണ് നാവെന്നു
ഒരു കുട്ടി വിളിച്ചു പറയുന്നു - എല്ലാവരും ഒന്നിച്ച് , ശരിയും തെറ്റും പറയുവാന്‍ ഇനിയും എത്രനാള്‍.....????.. !!!!