Saturday, April 23, 2011

കൈകാലുകളില്ലാതെ കരിനീലിച്ച ഒരു തുള്ളിചോര .

കൈകാലുകളില്ലാതെ
കരിനീലിച്ച ഒരു തുള്ളി ചോര..
പേറെടുക്കാന്‍ കാത്തു നിന്നോള്‍ വിതുമ്പി.
മാന്തളിരിലയുടെ സ്വപ്നം അറുത്തു പിഴിഞ്ഞപോലെ..
തുടിപ്പില്ലാതെ ഊറി വന്ന പിറവി.


പാലൂട്ടാന്‍ ചുരന്ന ഞെട്ടുകള്‍ ഞെട്ടി
തേനും പാലും നാവില്ലാതെ മടങ്ങി
താരാട്ട് മുഖം പൊത്തി നിലവിളിച്ചു
ശവത്തൊട്ടിലാട്ടങ്ങള്‍ മിഴി താഴിട്ടു പൂട്ടി

മാനം കുത്തിപ്പഴുത്ത മുറിവില്‍
പൊത്തിത്താങ്ങിയ മരുന്ന് കുതിര്‍ന്ന
പഞ്ഞിമേഘക്കെട്ടുകള്‍
കവിഞ്ഞൂറുംപോള്‍
പ്രസവ വാര്‍ഡു മോര്‍ച്ചറി .

കംസ ദൂതുമായി
പരശുരാം പാളത്തിലൂടെ പായുന്നു.
ബോഗികളില്‍ നിറയെ കുഞ്ഞുങ്ങള്‍

ശബ്ദങ്ങള്‍ ക്രൂശിക്കപ്പെട്ടു .
ഉയര്ത്തെഴുന്നെല്‍ക്കാനാവാത്ത്ത വിധം
ഗുഹാമുഖത്ത്‌ ഉരുട്ടി വെച്ച മാംസക്കല്ല്

കന്നി പ്രസവത്തിനു നഷ്ടപരിഹാരം
അന്വേഷണ കമ്മീഷന്‍ അവയവമില്ലാത്ത്ത
തെളിവെടുപ്പിന് നല്‍കിയ നോട്ടീസാണ്
അതാണ്‌ ജനന സര്‍ട്ടിഫിക്കറ്റു


അസംഖ്യം പാറ്റകള്‍ അടുക്കളയില്‍
ചത്തു മലച്ചു കിടക്കും പോലെ
അയല്‍വീടുകളില്‍ നിലവിളികളില്ലാത്ത
അമ്മമാരുടെ മടിത്തട്ടുകളില്‍ നിര്‍വികാരം..

കൈകാലുകളില്ലാതെ
കരിനീലിച്ച ഒരു തുള്ളി..
ദൈവമേ അങ്ങയുടെ ഭവനത്തില്‍
വാര്‍ദ്ധക്യഭാവ ശിശു മുഖങ്ങളില്‍
അന്തക (സള്‍ഫാന്റെ ) സല്ലാപം !

അഹങ്കാരം തലപ്പാവ് വെച്ച അധികാര
ശീര്‍ഷത്ത്തിലേക്ക്
പരശുരാം പായുന്നു.
ഹൃദയ പാളത്തിലൂടെ





Sunday, April 10, 2011

പ്രകടന പത്രിക.


നക്ഷത്ര ചിപ്പിയില്‍ തേന്‍ നിലാവ് കുറുകിയ ഹര്ഷോന്മാദചുംബനം..

മഴവില്ല് നെയ്ത കനകക്കസവുള്ള ഉടയാടയിലോരുങ്ങി വരും
സന്ധ്യയുടെ കൈത്തണ്ടയില്‍ കവിള്‍ ചേര്‍ത്തൊരു സുഖ നിദ്ര.
കാറ്റിന്‍ കവിതയില്‍ അകം പൂത്തൊരു മേഘതല്‍പ്പത്തില്‍
വെഞ്ചാമരം വീശും സ്വപ്നം കൊണ്ടൊരു താലിത്തിളക്കം.
രാവില്‍ ശാഖകളില്‍ തിരയിളക്കി പാലമരം ചിറകു വീശി ഉയരും ദാഹം.
പാതി ചാരിയ കരളില്‍ അനുഭൂതി ജ്വലിക്കും ശംഖുനാദസ്പര്‍ശം. .
സപ്തസാഗരസംഗമം വിശ്വലയ വിസ്മയം വിടരും നായനാലിംഗനം. ..

Monday, March 14, 2011

നിന്റെ അനുഗ്രഹം ഇവളില്‍ ചൊരിയേണമേ

നരകസഭയുടെ പുലരിവണ്ടിയോ
കുടുംബശ്രീപ്പെണ്ണുങ്ങളുടെ കൈപ്പുണ്യമോ കാത്തു
റോഡരുകില്‍ ഒതുങ്ങിക്കിടക്കുകയാണ്
ഗര്‍ഭാശയത്തില്‍ എന്നപോല്‍
ഒരു പ്ലാസ്ടിക് കൂടിനുള്ളില്‍ .
ഒരു പട്ടിയും തിരിഞ്ഞു നോക്കാതെ .

കൂട്ടിനു മിഴി പൂട്ടാതെ
വണ്ടി കയറി ആത്മാവ് പിളര്‍ന്നു പോയ
ഒരു പൂച്ച.
കൊടി വെച്ച കാറിനു കുറുകെ ചാടിയ
മനസാക്ഷി.


ഇന്നലെ കേരളം പെറ്റിട്ട പെണ്‍കുഞ്ഞു.
ഒറ്റ തവണയെ കരഞ്ഞുള്ളൂ
നാലാള്‍ കേള്‍ക്കാതെ നാവടക്കി
"നല്ല അടക്കവും ഒതുക്കവും"

അമ്മയ്ക്കിന്നു പത്താം ക്ലാസ് പരീക്ഷ-
ദാരിദ്ര്യത്തിന്റെ ജീവശാസ്ത്രവും
പെണ്ണിന്റെ രസതന്ത്രവും
മൊഴി മാറ്റിയ ഭാഷയില്‍ ഉത്തരം വിസ്തരിച്ചു.
എ പ്ലസ്‌ കൊടുക്കണം.
നിന്റെ അനുഗ്രഹം ഇവളില്‍
ഇനിയും ഇനിയും ചൊരിയേണമേ


Monday, February 28, 2011

ഒറ്റനക്ഷത്രം മാത്രമുള്ള ആകാശം

ചുണ്ടുകളില്‍ മൂന്ന് തുന്നലിട്ടു സ്റ്റിക്കര്‍ ഒട്ടിച്ചു
മുന്നില്‍ കഴുത്ത് ഞെരിഞ്ഞു പിടയുന്ന വാക്ക്
കണ്ണുകളില്‍ കടന്ന സിറിഞ്ച് ഊറ്റിയെടുത്തത്
കാടും കടലും പുലരിയും സന്ധ്യയും നിലാവും
തുളസിക്കാഴ്ചകള്‍ അര്ചിച്ച യാത്രകളും

പാതി വഴിയില്‍ വെച്ച് പാദത്തില്‍ ആണിയടിച്ചു
ഇനി അന്വേഷിക്കരുത്.മടങ്ങരുത് നീങ്ങരുത്...

ആകാശവും ഭൂമിയും അതിരിട്ടു
കരയും കടലും വേര്‍പെട്ടു
വെളിച്ചം കടഞ്ഞു രാവും പകലും മുറിഞ്ഞകന്നു

എങ്കിലും അതിരുകള്‍ സാക്ഷിയാക്കി
കരയില്‍ കയറ്റി വെച്ച തോണി അയവിറക്കും
ഭൂതവും ഭാവിയും അതില്‍ വര്‍ത്തമാനം പറഞ്ഞിരിക്കും

ഒടുക്കത്തിരയും മരിച്ച കടല്‍
സ്ഥലകാല സംഗമസന്ധ്യ അനാഥം .

പിന്‍ വാങ്ങലിന്‍ നിലാവെണ്ണ വറ്റും
കരിന്തിരിയുടെ നിശബ്ദ മൊഴികള്‍ക്കു കാതു ചേര്‍ത്ത്
ഒറ്റനക്ഷത്രം മാത്രമുള്ള ആകാശം ..

Wednesday, February 23, 2011

. രാവ്

മോഹിതന്‍ ഞാന്‍ , എത്രയോ കേട്ടിരിക്കുന്നു
ഋതുക്കള്‍ ഒരുക്കും പെരുമ കൊടി പാറും രാവിനെ

എവിടെ നീ പറയും നിലാവ് തിരയടിക്കും തീരം,
നക്ഷത്ര പന്തലില്‍ വന്നിറങ്ങും ഗന്ധര്‍വമേഘരഥങ്ങള്‍,
ചിത്രപൌര്‍ണമി പട്ടുടയാടഞൊറിക
ള്‍ വിടര്ത്തിയാടും കടല്‍ കാറ്റ് ?
ദാഹമേറുന്നൂ ശതാംശാനുഭവമെങ്കിലും പകരുമോ കുമ്പിളില്‍


എത്രയോ കേട്ടിരിക്കുന്നൂ രാവിന്‍ ഭാഷകള്‍
അടക്കം പറച്ചിലുകളായി നേര്‍ത്തലിയും
സന്ധ്യതന്‍ ചിറകൊതുക്കം
,
പെങ്ങള്‍ പേടിക്കും മൂളല്‍ മുഴക്കങ്ങളോരികള്‍ ,
കിന്നരിച്ചെത്തും പുരപ്പുറ മഴ വീഴ്ച ,
ചീവീടിന്‍ രാഗോത്സവ സന്ദേശങ്ങള്‍ ,
കരിയില ഞെരിഞ്ഞിഴപിരിയും
രാഗ വിവശസമാഗമങ്ങള്‍ ,
നിന്നുടലിന്നിളം ചൂട് നാളേക്ക്
കടം പറഞ്ഞകലും ഇടവേളകള്‍
മൂകത മുറ്റിത്തളരും മുഹൂര്‍ത്തങ്ങള്‍ ...
ഭാവഭേദങ്ങളില്‍ അപൂര്‍ണം രാവുകള്‍ ..

നിത്യാന്ധകാര ജാതകമെനിക്ക്
സത്യാനുഭവം ശബ്ദ
മാത്രകളവ
മുടന്തും പരിമിത ദൂരവും നിലയ്ക്കുന്നു

നിശ്ചലം രാവ്
കടലിളക്കങ്ങള്‍ മറന്ന
രാവ്
ഇലയനക്കങ്ങള്‍ വെടിഞ്ഞ രാവ്
ചിറകായങ്ങള്‍ കൊഴിഞ്ഞ രാവ്
നിന്നെ പൊലിഞ്ഞു തകര്‍ന്ന രാവ്
നിര്‍ദയം രാവ്


--

Friday, February 11, 2011

നീതിയുടെ പാഠപുസ്തകം

നീതിയുടെ പാഠപുസ്തകം ഈ ശ്മശാനത്തിലാണ്. .
പച്ചില നേരിന്‍ തഴപ്പുള്ള സ്വപ്നങ്ങള്‍ക്കും
വ്യഥകള്‍ തളിര്‍ക്കും പച്ച മണ്ണിന്നടരുകള്‍ക്കും
രക്തസാക്ഷിയുടെ ഹൃദയ വേരുകള്‍ക്കും അടിയില്‍
നിറയെ മുകുളങ്ങളുള്ള താളുകളുമായി

പിറവിയും ശ്രാദ്ധവും പക്ഷം വീശിയ
കാറ്റിന്‍ തല്പത്തില്‍,
കറുത്തവംശം കര്‍ക്കിടക സങ്കടങ്ങളില്‍ പെയ്ത

അവതാരികയുള്ള കുടുംബക്കല്ലറയില്‍ ..

നദീതടങ്ങള്‍ ചുട്ടെടുത്ത
മുനയും മൂര്ച്ചയുമുള്ള ലിപികളില്‍
എന്‍റെ അമ്മ എഴുതിയ
ഒരു
കനല്‍ പേജും അതിലുണ്ട്
"അറുത്തു വെച്ച നാക്ക്
അവസാനം പറയും വാക്ക്:- നീതി"

ചുവട്ടില്‍ എന്‍റെ കുഞ്ഞുവിരല്‍ത്തുമ്പിലെ
തരംഗ വലയങ്ങള്‍ പതിഞ്ഞ പാട്

Monday, January 31, 2011

ഓര്‍മയുടെ ജനവരി



ഓര്‍മയുടെ ജനവരിക്ക് തളിരിലകള്‍ ഇപ്പോഴും ഉണ്ട്
അതില്‍
പച്ചഞരമ്പുകള്‍ എഴുതിയ പുലരിമഴയുടെ നടത്തം
അമ്മവാക്കുകള്‍ തഴുകിയ ഇളം തുള്ളിത്തുടിപ്പ്
മഞ്ഞിന്റെ മുല്ലവിരല്‍ എണ്ണി വെച്ച കുളിര്‍കൂട്ട്‌
മലങ്കാറ്റ് കൊടുത്തയച്ച കല്യാണസൌഗന്ധികം.


മഞ്ഞു വീണ താഴ്വാരത്ത്തിലൂടെ ഒരു ദിവസം പോകണം.
അതിനടിയില്‍ നിന്നും കുരുന്നുപൂവുകള്‍
മുളച്ചു വരുന്ന നിമിഷത്തിനായി.
അവിടെ ഒറ്റയ്ക്കൊരു പൂവ്.
തണുത്തുവിരിഞ്ഞു ചോദിക്കും-
"എന്റെ ഈ മനസ്സില്‍ ചേരാന്‍ കൂടെ വന്നില്ലേ"
മറുപടി പറയാന്‍ ഏറെപേര്‍-
ചിറകിലോതുങ്ങിയ ശരം
വിരലറ്റ മോതിരം
കിഴക്ക് മുറിഞ്ഞ ചോര
മഴ പൊള്ളിയ ചുവടു
കടന്നല്‍ കുത്തിയ രാവ്








=