Tuesday, October 7, 2014

ഡയറിയിലെ നഷ്ടദിനം


1
പുളളിക്കുയിലിന്റെ പാട്ട് നിറം മാറി
വിഭ്രാന്തിയുടെ വേലിപ്പൂക്കളില്‍ വിരിഞ്ഞു.
കൊടുംവളവിലെ അഗാധഗര്‍ത്തത്തിലേക്ക്
വേരൊടെ പിഴുതുവീണ വീട്.
ചിറകുകള്‍ മുറിഞ്ഞ ആകാശം
അകത്തു നിന്നും ചിതറി.
സൂര്യന്‍ ഉടഞ്ഞ കണ്ണാടിയില്‍ മുഖം നോക്കി
വെളിച്ചത്തിന്റെ കുഞ്ഞുവിരലുകളില്‍ ചോര .

2
ഇന്ന് മുറ്റത്ത് വിടര്‍ന്ന പത്രം
ആരോ മുഖദലം മാറ്റി
ചരമത്താളിലാണ് കണി വെച്ചത്.
മരിച്ച കുഞ്ഞിന്റെ
പാസ് പോര്‍ട്ട് സൈസ് ചിരി
പ്രത്യഭിവാദനം കാത്തു.

3
ഇരുള് ഓരിയിടുന്നു
പകല്‍ ഏതു മാളത്തിലാണിത്തരം ശബ്ദങ്ങള്‍?
വെളിച്ചത്തെ ഭയന്ന ഗുഹകളാണാദ്യ വാസസ്ഥലം
പിന്നെ കെട്ടിയുയര്‍ത്തി കര്‍ട്ടനിട്ട ജിവിതവും ഇരുണ്ടുപോയി
പകല്‍വെട്ടത്തിലാണ് ഇരുട്ട് മുട്ടയിട്ടത്.
നഗരം ഓരിയിടുന്നു.

4.
ഞാന്‍ കെട്ടാല്‍ നീയും കെട്ടു പോകും
ഞാന്‍ കത്തിയാല്‍ നീ കരിഞ്ഞും പോകും

5
മിഴിത്തുള്ളി പെയ്തില്ല
കെട്ടിനിന്ന് കെട്ടിനിന്ന്
അകത്ത്
ആവിയെഞ്ചിന്‍ പായുന്നു

7
എന്റെ ശവമെടുക്കുമ്പോള്‍
തേങ്ങലുകള്‍ പൂക്കളാകും
ചുവപ്പു പൂക്കള്‍
സന്ധ്യയുടെ അന്ത്യാജ്ഞലി

8
കണക്കില്‍ എന്നും മണ്ടനായിരുന്നു.
ഒരു ദിവസം നഷ്ടപ്പെട്ടിട്ടുണ്ട്
അതെന്റെ പിറവിദിനം തന്നെ

 

3 comments:

ajith said...

എട്ടു ദലങ്ങള്‍! ഒന്നായി!!

Salim kulukkallur said...

നഷ്ട ദളങ്ങളുടെ കണക്കെടുപ്പ് ..!

Preetha Tr said...

"ചിറകുകള്‍ മുറിഞ്ഞ ആകാശം
അകത്തു നിന്നും ചിതറി.
സൂര്യന്‍ ഉടഞ്ഞ കണ്ണാടിയില്‍ മുഖം നോക്കി
വെളിച്ചത്തിന്റെ കുഞ്ഞുവിരലുകളില്‍ ചോര ."

Really marvelous the nobility of thoughts.