Saturday, October 18, 2014

നാവറുക്കപ്പെട്ട വീട്




ആരുമില്ലേ ഇവിടെ ?
കതകു തുറന്നകത്തു കയറി
കണ്ണിലേക്കുന്നം വെക്കുന്ന
ഇരുട്ടു കുലച്ച സൂചികള്‍.
കാഴ്ച കത്തിത്തീര്‍ന്ന വീട്.

എന്തോ തടഞ്ഞോ?
ശവപ്പെട്ടിയിലെ തണുത്ത കിടത്തം പോലെ
ശാന്തം രണ്ടുപേര്‍,
അഗ്നിപര്‍വതത്തിന്റെ നിദ്ര.
ഒരു മുറിയില്‍ രണ്ടു കട്ടിലുകള്‍
ഇടയിലെ പര്‍വതം
ലോഹദ്രവത്തില്‍ മുങ്ങിക്കരിഞ്ഞ
വീടാണിത്.

അടുക്കളയില്‍ കത്തുന്നുണ്ട്
കല്ലും തെറിയും
പാറ്റാതെയും പെറുക്കാതെയും
അരിയ്കാതെയയും കഴുകാതെയും
അടുപ്പത്തിട്ട അത്താഴം.
ഇലയിട്ടത് ഉണ്ണാനല്ല
കിടത്താനാണ്.
കിടപ്പറയില്‍ കുഴിവെട്ടിയ വീടാണിത്.

അക്ഷമയുടെ ശബ്ദം പടികടന്നെത്തി നോക്കുന്നു
പുറത്ത് കാറ് കാത്തു കിടക്കുന്നു
തീമഴ അകത്തും.
മേല്‍ക്കൂര ചോര്‍ന്നവതരിച്ച്
തലയിണ ചവിട്ടിനനച്ച്
പ്രളയക്കോലം തുളളുന്നു
നാവറുക്കപ്പെട്ട വീടാണിത്.
വാക്കുകളുടെ റീത്ത് വെക്കേണ്ട




5 comments:

Salim kulukkallur said...

പല വീടുകളും ഇങ്ങനെയാണ് ...രണ്ടു കട്ടിലുകൾക്കിടയിൽ ഒരു പർവ്വതമുള്ളവ ...

Salim kulukkallur said...
This comment has been removed by the author.
സങ്കൽ‌പ്പങ്ങൾ said...

good

സങ്കൽ‌പ്പങ്ങൾ said...
This comment has been removed by the author.
Preetha Tr said...

കിടപ്പറയിൽ കുഴിവെട്ടിയ വീട്. ഹൃദയം പറിഞ്ഞുപോകുന്ന പ്രയോഗമാണല്ലോ മാഷേ.