Saturday, October 11, 2014

പിന്നെന്തിനീ കണ്ണുകള്‍?


നാദവാതായനങ്ങള്‍ പൂട്ടി കണ്ണടച്ചിരിക്കുകയല്പനേരം
താനേ തെളിയുമിരുള്‍ക്കൊട്ടാരപ്പടികള്‍ കയറുക
മൗനസിംഹാസനം ,ദുസ്വപ്നത്തിന്‍ കീരീടഭാരം
ദുഖം വെഞ്ചാമരം വീശും നിശൂന്യരാജാങ്കണം
കരിന്തേള്‍ത്തേരിന്‍ മുള്‍പ്പാതകള്‍, വിഷധ്വജങ്ങള്‍
കുളമ്പുപഴുത്ത കൊടുങ്കാറ്റിന്‍ തിരകള്‍ ....!
അടയ്ക്കുവാനല്ലെങ്കില്‍ പിന്നെന്തിനീ കണ്ണുകള്‍?

അടരാന്‍തുടിക്കും കണ്ണുകള്‍, മീതേ കൂമ്പുമിതളുകള്‍,
കല്‍ക്കരിക്കറുപ്പിന്റെ സന്താപഖനിയിറങ്ങുക മെല്ലെ.
എക്സ്റേ ചിത്രമായി തെളിയും പടവുകളില്‍
പരേതാത്മാവിന്‍ കാല്പാടുകളൊട്ടിയ അസ്ഥിഖണ്ഡങ്ങള്‍,
അടിയിലെ പടിയില്‍
ശിരസുമൂടി
മുഖം താഴ്തി
മനം വാടി
കുന്തിച്ചിരിക്കുന്നല്ലോ പരിചിതരൂപം!
പായല്‍ പിടിച്ചോരമ്മമണം.
കവിളിലും മൂര്‍ദ്ധാവിലും ചൂടുനോക്കുന്ന വാത്സല്യം
കദനത്തിന്‍ കരിമഷി വിരല്‍ത്തുമ്പിലൊപ്പി
യുള്‍ക്കണ്ണെഴുതുക , മിഴികള്‍ മെല്ലെപ്പൂട്ടി
താക്കോലകത്തേക്കെറിയുക.
പൂട്ടുവാനല്ലെങ്കിലെന്തിനീ വീടുകള്‍?

അന്യോന്യമെരിയുമുമ്പേ
നയനങ്ങളൂതിക്കെടുത്തുക
അനുരാഗവൃഷ്ടിയുടെ ഉദ്യാനത്തില്‍
വരള്‍ച്ചയുടെ താണ്ഡവം പൂക്കുന്നു
പൂക്കളില്‍ ചെതുമ്പലുമുപ്പും
പുളിച്ചവാടയും.
അയവെട്ടിവേവും
പാദം മുറിഞ്ഞയിടവഴികളേ ,
മരിക്കാസ്മരണകളേ,
നേത്രദംശനങ്ങളേ,
അടയുവാനല്ലയെങ്കില്‍
പിടയുവാനല്ലയെങ്കില്‍
പിന്നെന്തിനീ കണ്ണുകള്‍?


2 comments:

ajith said...

പിന്നെയെന്തിന്!

Preetha tr said...

Turning pain into beauty, beauty into pain, then both into pessimism in a musical language , with a sweetness broken by irony and the tang of cruel disillusion.