Saturday, November 2, 2013

6.45pm-


ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല
സൂര്യന്‍ അന്തിവാനില്‍ മുഖം താഴ്ത്തുമ്പോള്‍
ഒര്‍മകളുടെ വേലിയേറ്റമുണ്ടാകും
കടലിനെ മറക്കുന്ന ഒരു കടലായി നാം മാറും
തോണി തനിയെ തുഴഞ്ഞുവരും
തീരക്കടലില്‍ നിന്ന് ആഴക്കടലിലേക്കു പോകുമ്പോള്‍
സൂര്യന്‍ ഉദയത്തെക്കുറിച്ച് ചെറിയകടങ്കഥ ചോദിക്കും
ആരാണാദ്യം നിന്നില്‍ വിരല്‍ തൊട്ടത് എന്നതുപോലെ..
നീണ്ട വെളുത്തു മെലിഞ്ഞ ഞരമ്പുകള്‍ തെളിഞ്ഞ വിരലുകള്‍
എത്ര തവണ തിരകളില്‍ നിന്നും കോരിയടുത്ത കടലിനെ
പുക്കിള്‍ത്തടത്തില്‍ തടവിലിടാന്‍ നോക്കി
അപ്പോഴൊക്കെ ഉദിച്ചസൂര്യന്‍ ആര്?

ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല
അവന്‍ എന്നില്‍ ചെയ്തപോലെ
അന്തിസൂരന്‍ ജലത്തേലേക്ക് പകുതി ആഴ്ന്നിറങ്ങി നില്‍ക്കുമ്പോല്‍
ഒരു പുസ്തകം മടിയില്‍ വന്നു വീഴും
ഒരു ഫോണ്‍ മണയടിക്കും
കപ്പലണ്ടിയുമായി ഒരു കച്ചവടക്കാരനെത്തും
നാമതൊന്നും കാണില്ല കേള്‍ക്കില്ല
കുട്ടികളുടെ കൈയ്യില്‍ നിന്നും കുതറിപ്പൊട്ടിപ്പറക്കുന്ന പട്ടത്തൊടൊപ്പം ഉയര്‍ന്നുയര്‍ന്ന് സൂര്യനെ പിന്തുടരും
ഇനി ഒരു തുളളി നേരം കൂടി കഴിഞ്ഞാലെല്ലാം ഇരുളു മൂടും
അതിനു മുമ്പ് അവന്‍ വരാതിരുന്നാല്‍
ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല



7 comments:

ajith said...

ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല>>>>

ഇല്ലേ?

ബൈജു മണിയങ്കാല said...

വേദനാജനകം ആണ് സന്ധ്യകൾ പൊതുവേ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കൂട്ടമായിരുന്നാല്‍ സൂര്യാസ്തമനം ആസ്വദിക്കാന്‍ കഴിയില്ല.

സൗഗന്ധികം said...

ചക്രവാളങ്ങൾ തേടിപ്പോകുന്ന ചിത്രപതംഗങ്ങൾ നമ്മൾ
നിന്നെ വിളിച്ചപ്പോൾ,
നീ വിളി കേട്ടപ്പോൾ,
മണ്ണും,വിണ്ണും നിർവൃതി കൊണ്ടു..


വളരെ ശരി.അസ്തമയം ഒരുമിച്ച് കാണുന്നത് തന്നെ നല്ലത്.പരസ്പരം കൈകോർത്ത്,വിളിച്ച്,വിളികേട്ട് അങ്ങനെ.. :)

നല്ല കവിത.ഇഷ്ടമായി. :)


ശുഭാശംസകൾ....

ബിന്ദു .വി എസ് said...

അസ്തമയങ്ങളില്‍ ചായമിട്ടിട്ടും സൂര്യന്‍ ഉദിച്ചുയരുന്ന പുലരികളെ എങ്ങനെ മറക്കും?തെളിഞ്ഞു മിന്നുന്ന പുഴ യുടെ വിരലുകളില്‍ സ്നേഹ സ്പര്‍ശം അനുഭവിപ്പിക്കുന്ന ഇളംകാറ്റിനെ എങ്ങനെ മറക്കും?പാറിയൊതുങ്ങുന്ന രാവിന്‍റെ മുടിയിഴകളില്‍ മുഖ മൊളിപ്പിക്കുന്ന ചാന്ദ്രനീലിമയെ എങ്ങനെ മറക്കും .അതുകൊണ്ടാണല്ലോ സൂര്യന്‍ പുലരിയുടെത് മാത്രമാകുന്നത്.ഉദയങ്ങളുടെ ആവേശമാകുന്നത്.

Unknown said...

ഒറ്റക്കുള്ള ആസ്വാദനം ഒരു നിമിഷംഎല്ലാം മറന്നു പുതിയൊരു ലോകത്തിലേക്ക്‌ നയിക്കുന്നു.അപ്പോഴുണ്ടാകുന്ന വേദന സൃഷ്ടിയുടെ തുടക്കമായതിനാല്‍ ഒരു പുതിയ സൂര്യോദയത്തിന്റെ തുടക്കമാണെന്ന് തോന്നുന്നു ,

Unknown said...
This comment has been removed by the author.