Tuesday, October 15, 2013

പനിപനി ഇളം പൈതലാണ്.
കൈവിരല്‍ത്തുമ്പില്‍ പിടിവിടാതെ നടക്കും
ആകാശത്താരോ കെട്ടിയ തൊട്ടിലില്‍ അരുമക്കലയായി മയങ്ങിക്കിടക്കും
ഒരു കവിള്‍ കയ്പിന്റെ ചക്രവാളത്തില്‍ പനിമതിയായി പിന്നെ
ഉഷ്ണാംശുഗോളമായുദിക്കുന്നതു കണ്ടു ഞെട്ടിക്കരയും

വരളുംചുണ്ടിന്റെ വക്കത്തു വഴുതിയ ചില്ലു ഗ്ലാസായി
വര്‍ത്തമാനത്തിന്റെ കൗതുകപ്പെട്ടി വീണുടയും
പാതിരാത്രിമൃഗഭയം കൊമ്പുകുലുക്കിയടുക്കും
ഇടിവെട്ടിക്കരയാന്‍ചുമയ്കാനാവാതെ മരച്ചപോലങ്ങു മലക്കും
കോരിയെടുത്തോടുന്ന നനഞ്ഞ കാറ്റിന്റെ തോളില്‍ വാടിക്കിടക്കും

ചുട്ടപപ്പടവും കഞ്ഞിയും ഉപ്പും രുചിയുമില്ലാതെ തൂവിക്കളയും
അല്ലെങ്കില്‍ ചൂടു കൂടിപ്പോയതിന് , 
തണുത്തുപോയതിന്,
വിളമ്പിയ പാത്രത്തിന് പഴി പറയും.

നിദ്രയില്‍ കരഞ്ഞും ചിരിച്ചുമേതോപുരാതനഗോത്രഭാഷയില്‍
അദൃശ്യാത്മക്കളോടെന്തെല്ലാമോ പങ്കുവെക്കും.
കണ്‍പോളകള്‍ക്കുളളിലെ  സ്വപ്നരഥവേഗങ്ങള്‍.
കാണാത്ത കുന്നിന്റെ നെറുകയില്‍ നിന്നും 
കണ്ണെത്താ പൊക്കത്തെ മേഘത്തിലൊരു പീലിയായി തീരാന്‍
വാഴക്കൂമ്പിന്‍ തേരില്‍ പൂവരശിലക്കുഴല്‍ വിളിയോടെ കുതിരസവാരി.
(നെഞ്ചോടു ചെവി ചേര്‍ത്തുവെച്ചാല്‍ ആ കുളമ്പടി കേള്‍ക്കാം.)
...
പനി ഇളം പൈതലാക്കുന്നു നമ്മെ
മരിച്ചോരമ്മയും വിട ചൊല്ലിയ ചുംബനങ്ങളും
കവിളില്‍ മാര്‍ബിള്‍ത്തണുപ്പായെത്തി
കാവല്‍ നില്‍ക്കുന്നു കാത്തു നില്‍ക്കുന്നു, 
പ്രാര്‍ഥനകളുടെ പച്ചിലച്ചാറിറ്റിക്കുന്നു,
ഉടപ്പിറന്നോരുടെ ഓര്‍മ്മപ്പുതപ്പ് ചൂടിക്കുന്നു,
ഉറക്കം കൊത്തിയ വിഷമിറങ്ങതെ
കണ്‍തടങ്ങള്‍ കരിനീലിച്ചിട്ടും
മഹാസ്നേഹമായി 
പരിപാലിക്കുന്നു,
ഒപ്പു കടലാസാകുന്നു.
 


8 comments:

ajith said...

പനി ഇളം പൈതലാക്കുന്നു നമ്മെ
മരിച്ചോരമ്മയും വിട ചൊല്ലിയ ചുംബനങ്ങളും
കവിളില്‍ മാര്‍ബിള്‍ത്തണുപ്പായെത്തി
കാവല്‍ നില്‍ക്കുന്നു കാത്തു നില്‍ക്കുന്നു

ഹോ! എന്നെയും ഈ വരികള്‍ ഏതോ ഒരനുഭൂതിയിലേയ്ക്ക് കൊണ്ടുപോകുന്നു.

ഭയങ്കര ഇഷ്ടം!!

ബൈജു മണിയങ്കാല said...

ശരിക്കും ഭാരമില്ലാതെ പനിച്ചു വിറയ്ക്കുന്ന ഒരു തുളസിയില പോലെ
പനി ചിലപ്പോഴെങ്കിലും പകര്ന്നു തരുന്നുണ്ട് ഒരിക്കലും തോന്നാത്ത ഒരു സുരക്ഷിതത്വം

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

കുളിര്‍ ചൂടിക്കുന്ന വരികള്‍

Sangeeth said...

വളരെ നന്നായിട്ടുണ്ട്....

സൗഗന്ധികം said...

പനി...


ഇനിയ്ക്കും നെഞ്ചിൻ കരിയ്ക്കുമായ്
പ്റന്നു വന്നൊരു മാരൻ... :) :)വളരെ നല്ലൊരു കവിത


ശുഭാശംസകൾ....

Kalavallabhan said...

ചുട്ടപപ്പടവും കഞ്ഞിയും ഉപ്പും

ബിന്ദു .വി എസ് said...

കവിത വായിച്ചു കുഞ്ഞായി അമ്മയുടെ മാറില്‍ ഒതുങ്ങിപ്പോയി .പനിയില്‍ നീലിച്ച ചുണ്ടുകളും കായ്ക്കുന്ന വായും ഇളം തണുപ്പും .പിന്നെ രുചിയില്ലാത്ത വിശപ്പും .ഇത്രയും മനൊഹരമായിആഅനുഭവത്തെ ഈ കവിത മടക്കി ത്തന്നു .വായിച്ചു തീര്‍ത്തപ്പോള്‍ ഒരു പ്രണയ നഷ്ടം സംഭവിച്ചപോലെ മനസ്സ് .ഒരു പൂവര ശില പോലെ അത് പറന്നു നടക്കുന്നു .നിദ്രയിലും കരയുന്നു .ഹോ ...

Unknown said...

ഒരു പുതപ്പിനുള്ളിൽ ഒന്നുമറിയാതെ ഞാൻ ...
കുറെ നാളുകൾക്കു ശേഷമാണു നീയെന്നെ കാണാനെത്തിയത് .... നിന്റെ കുളിരിൽ വിറക്കുന്നതു ഞാനാണല്ലോ .....
നീലിച്ച ചുണ്ടുകളും രുചിയറിത്ത വായയും ഇളം കുളിരും വീണ്ടും പനിമതിയായി ഞാനും ...
എന്റെ വിരലിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് പകർത്താനാവാതെ പോയ പനിച്ചൂടിൽ ഇന്നും വിറക്കുന്നുണ്ട് ഞാൻ