Saturday, April 23, 2011

കൈകാലുകളില്ലാതെ കരിനീലിച്ച ഒരു തുള്ളിചോര .

കൈകാലുകളില്ലാതെ
കരിനീലിച്ച ഒരു തുള്ളി ചോര..
പേറെടുക്കാന്‍ കാത്തു നിന്നോള്‍ വിതുമ്പി.
മാന്തളിരിലയുടെ സ്വപ്നം അറുത്തു പിഴിഞ്ഞപോലെ..
തുടിപ്പില്ലാതെ ഊറി വന്ന പിറവി.


പാലൂട്ടാന്‍ ചുരന്ന ഞെട്ടുകള്‍ ഞെട്ടി
തേനും പാലും നാവില്ലാതെ മടങ്ങി
താരാട്ട് മുഖം പൊത്തി നിലവിളിച്ചു
ശവത്തൊട്ടിലാട്ടങ്ങള്‍ മിഴി താഴിട്ടു പൂട്ടി

മാനം കുത്തിപ്പഴുത്ത മുറിവില്‍
പൊത്തിത്താങ്ങിയ മരുന്ന് കുതിര്‍ന്ന
പഞ്ഞിമേഘക്കെട്ടുകള്‍
കവിഞ്ഞൂറുംപോള്‍
പ്രസവ വാര്‍ഡു മോര്‍ച്ചറി .

കംസ ദൂതുമായി
പരശുരാം പാളത്തിലൂടെ പായുന്നു.
ബോഗികളില്‍ നിറയെ കുഞ്ഞുങ്ങള്‍

ശബ്ദങ്ങള്‍ ക്രൂശിക്കപ്പെട്ടു .
ഉയര്ത്തെഴുന്നെല്‍ക്കാനാവാത്ത്ത വിധം
ഗുഹാമുഖത്ത്‌ ഉരുട്ടി വെച്ച മാംസക്കല്ല്

കന്നി പ്രസവത്തിനു നഷ്ടപരിഹാരം
അന്വേഷണ കമ്മീഷന്‍ അവയവമില്ലാത്ത്ത
തെളിവെടുപ്പിന് നല്‍കിയ നോട്ടീസാണ്
അതാണ്‌ ജനന സര്‍ട്ടിഫിക്കറ്റു


അസംഖ്യം പാറ്റകള്‍ അടുക്കളയില്‍
ചത്തു മലച്ചു കിടക്കും പോലെ
അയല്‍വീടുകളില്‍ നിലവിളികളില്ലാത്ത
അമ്മമാരുടെ മടിത്തട്ടുകളില്‍ നിര്‍വികാരം..

കൈകാലുകളില്ലാതെ
കരിനീലിച്ച ഒരു തുള്ളി..
ദൈവമേ അങ്ങയുടെ ഭവനത്തില്‍
വാര്‍ദ്ധക്യഭാവ ശിശു മുഖങ്ങളില്‍
അന്തക (സള്‍ഫാന്റെ ) സല്ലാപം !

അഹങ്കാരം തലപ്പാവ് വെച്ച അധികാര
ശീര്‍ഷത്ത്തിലേക്ക്
പരശുരാം പായുന്നു.
ഹൃദയ പാളത്തിലൂടെ





5 comments:

സുദിന്‍ സോമന്‍ said...

എന്‍ഡോസള്‍ഫാന്‍ കൈക്കൊണ്ടു കരിനീല കണ്oന്‍മാരായി മാറിപ്പോയവര്‍...
കാച്ചിയ കത്രികപ്പാച്ചിലിനു അടിവയര്‍ കൊണ്ട് കീഴടങ്ങുന്നവര്‍....
മുമ്പൊക്കെ ചോര പോരാട്ടത്തിന്റെ പ്രതീകമായിരുന്നു....
ഇപ്പോള്‍ ഭയപ്പെടുത്തുന്ന കീഴടങ്ങലിന്റെ നിറമാണത്...
കാലം കബളിപ്പിച്ചു കടക്കുമ്പോള്‍ അവശേഷിപ്പിക്കുന്നത്.

രമേശ്‌ അരൂര്‍ said...

തീഷ്ണമായ വരികള്‍ ...ദൈവങ്ങള്‍ കണ്ണടച്ചിരുന്നാല്‍ പാവം ഈ കുഞ്ഞുങ്ങളുടെ ഗതി എന്താവും മാഷേ :(

Unknown said...

കൈകാലുകളില്ലാതെ
കരിനീലിച്ച ഒരു തുള്ളി..

തീവ്രമായിത്തന്നെ പറഞ്ഞു...

ഷമീര്‍ തളിക്കുളം said...

ഇനിയും കാണാത്ത കാഴ്ചകള്‍ കാണാനാവാതെ കണ്ണുകള്‍ക്ക്‌ അന്ധത പടര്‍ന്നിരിക്കുന്നു.

നികു കേച്ചേരി said...

മാഷേ..വരികളിലെ തേങ്ങൽ...രോഷം...എല്ലാം നന്നായി സംവദിക്കുന്നു.
ഈ വിപത്തിനെതിരെ പോരാടുന്നവർക്ക് അഭിവാദ്യങ്ങൾ.
സസ്നേഹം