Wednesday, January 13, 2016

ഒരു...




ചെളിയിലുപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞിന്‍
നിലവിളി പോലെ
അനാഥമായ പാദങ്ങളില്‍
വഴിമുറിച്ചു കടന്നപ്പോഴാണ്
ഒരുതുളളിച്ചോരയുടെ
ഓര്‍മ ചിതറിത്തെറിച്ചത്.
നിലംപറ്റി അമര്‍ന്നടങ്ങിയപ്പോഴും
വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു മറവിയുടെ മഴക്കാലം.
മോര്‍ച്ചറിയിലേക്കെടുത്ത കലണ്ടറിലെ
ചുവന്നയക്കങ്ങള്‍ കറുപ്പിനെ സ്തുതിച്ചു.
വിലാപത്തിന്റെ ചതുരപ്പെട്ടികള്‍ക്കുളളില്‍
സമാധാനപ്പെട്ടവയിലേക്ക്
ഒരു നെടുനിശ്വാസം.
പ്രണയത്തിന്റെ ചോരമണം
ഉയിര്‍പ്പു കാത്തു കിടക്കുന്നു.

Friday, July 17, 2015

മൗനത്തെക്കുറിച്ച് വീണ്ടും


നന്നേ ചെറുപ്പത്തിലേ
എനിക്ക് കിട്ടിയ സമ്മാനമാണ്
ആരാണ് ഇളം കൈയില്‍ വെച്ചുതന്നതെന്നറിയില്ല
നാളിതുവരെ കൈവിടാതെ  സൂക്ഷിച്ചു.

ഒരിക്കല്‍ നീ ആ പൊതി അഴിച്ചുനോക്കിയതാണ്
കണ്ടത് മറ്റൊന്നുമല്ല-
മഴ കഴിഞ്ഞു പെയ്യുന്ന തോരാത്ത മൗനം
വെളിച്ചം മുട്ടിനിലവിളിച്ചിട്ടും തുറക്കാത്ത ഒററമുറി
ശബ്ദങ്ങള്‍ ചിറകൊതുക്കുന്ന സന്ധ്യയുടെ രഹസ്യം
മച്ചില്‍ ഇരുള്‍ വലനെയ്യുമ്പോള്‍ കാത് കണ്ടെടുത്ത സത്യം

മിണ്ടാച്ചെക്കനൊപ്പം മൗനവും വളരുന്നതറിഞ്ഞിട്ടും നീ ചോദിച്ചു
"ഒന്നുരിയാടിക്കൂടേ? എപ്പോഴും ഞാന്‍ തന്നെ പറയുന്നു ,വിളിക്കുന്നു
നീ ഒന്നും പറയുന്നില്ലല്ലോ , അറിയുന്നതായി നടിക്കുന്ന പോലുമില്ലല്ലോ"

പെണ്ണേ,
എനിക്കറിയാം
മൗനവും പ്രണയമാണെന്ന്
പ്രണയവും മൗനമാണെന്ന്

ഒരിക്കല്‍ കാക്ക കരയുന്ന പ്രഭാതത്തില്‍
എന്റെ കൈകളില്‍ നിന്നും അത് ഊര്‍ന്നുപോകാം
അല്ലെങ്കില്‍ മൗനത്തിന് എന്നെ നഷ്ടപ്പെടാം
അന്ന്
നിന്റെ ചുണ്ടുകളിലെ വിതുമ്പലുകളില്‍
എന്റെ മൗനം ചുണ്ടുകള്‍ അമര്‍ത്തും.
നീ നാളിതുവരെ ആഗ്രഹിച്ചതെല്ലാം അതിലുണ്ടാകാം
ഒരു തുളളി ജീവിതത്തെ നിശബ്ദതകൊണ്ട് തന്നെ സംസ്കരിക്കും



Monday, June 1, 2015

മരതകമൗനം


കാലം അസ്തമിച്ചപ്പോള്‍ വിടര്‍ന്ന പൂവിന്റെ ജന്മമുഹൂര്‍ത്തമായിരുന്നു എന്റേതും.
ശോകത്തിന്റെ പച്ചിലയില്‍ കിടത്തിയാണെന്നെ അമ്മ കുളിപ്പിച്ചത്
കണ്ണീരു കൈക്കുമ്പിളില്‍ കോരി തിരിച്ചും മറിച്ചുമെന്നെ
നനച്ചെടുത്തപ്പോള്‍ ഒപ്പം കരഞ്ഞുപോയി.

വാഗ്ദാനങ്ങളുമായി സന്ധ്യാദീപം
എന്നും മോഹിപ്പിക്കാനുണ്ടായിരുന്നു
കല്ലുപെന്‍സില്‍ ,മഷിത്തണ്ട്, വക്ക് പൊട്ടിയ സ്ലേറ്റ്
ഇതിനപ്പുറം ആരോടാണ് ഞാന്‍ സംസാരിച്ചിട്ടുളളത്?

പാതി വേവുംമുമ്പേ ഊറ്റിപ്പകര്‍ന്ന വറ്റുകള്‍ക്ക്
പിറന്നാളിന്റെ നിറമായിരുന്നു.
കുപ്പി വിളക്കിന്റെ മഞ്ഞളിച്ച മുഖം
നിഴലുകളായി പിരിഞ്ഞഴിഞ്ഞുവീഴുന്നത് പോലെ ബാല്യം.

ആഗ്രഹങ്ങളുടെ ദാഹജലം ചുണ്ടില്‍ വഴുതിത്തൂവി.
ജന്മാനുഗ്രഹമാകാം.
അരളിയിലകളുടെ അടിയില്‍ ആരും കാണാതെ സൂക്ഷിച്ച
മരതകമൗനം ഒരിക്കല്‍ ഹൃദയത്തില്‍ ചിറകടിക്കുമെന്ന്
നീ ആശ്വസിപ്പിച്ചുകൊണ്ടേേേേയിരിക്കുന്നു.

Tuesday, May 26, 2015

മറന്നിട്ടില്ല


കണ്ണെത്താദൂരത്തിരുന്നു തലോടിയ വിരലുകളെ
കാതില്‍ പറയാന്‍ കൊതിച്ച രഹസ്യങ്ങളെ
ആള്‍ക്കൂട്ടത്തിലൊറ്റപ്പെട്ട പോയ കണ്‍തിളക്കത്തെ
കൊടുങ്കാറ്റിലുലഞ്ഞിടറിയ കടുംപ്രണയനിമിഷങ്ങളെ

കടല്‍ പുഴയോട് ചോദിച്ചറിഞ്ഞ വിശേഷങ്ങളില്‍
വെളുത്ത പരലുകളായി നമ്മുടെ ആഗ്രഹങ്ങള്‍
അലിയാന്‍ കിടപ്പുണ്ടാകാം.
ശംഖുകളുടെ രഹസ്യഅറകളില്‍ അവ കൈകോര്‍ത്ത്
ലയിച്ചു കിടക്കട്ടെ.

നാമൊരിക്കലും പരസ്പരം കണ്ടമുട്ടാത്തവരാണെന്ന്
എല്ലായ്പോഴും പറഞ്ഞ് നീ എന്റെ നെററിയിലുമ്മ വെച്ച്
ഇനി കാണില്ലെന്നു യാത്ര പറഞ്ഞതെത്രതവണ?
എന്നിട്ടും നിന്റെ പരിഭവങ്ങളുടെ മടിത്തട്ടില്‍ തണലു വീശുന്നല്ലോ.

ആരാണാദ്യം മറക്കുക എന്ന് ചോദിച്ചുചോദിച്ചു നീ
കലഹിക്കുന്നതെന്തിന്?
ആരാണാദ്യം മായ്കുക എന്നു ചോദിച്ചു കരയുന്നതെന്തിന്?
മരണവാര്‍ഷികത്തിലും നിന്റെ പുഷ്പങ്ങള്‍ക്കായി ഞാന്‍
കാത്തിരിക്കില്ലേ?





Monday, December 1, 2014

നിര്‍വചനം


തിരുവോണത്തില്‍ നിന്ന് ക്രിസ്തുമസിലേക്ക്
മൗനത്തിന്റെ രേഖ നീണ്ടു,
നാഥുലാചുരവളവിടിഞ്ഞ് ഇലക്ട്രിക്പോസ്റ്റ്
ഗര്‍ത്തത്തിലേക്കൂര്‍ന്ന പോലെ
മുള്‍ക്കിരീടത്തില്‍ നിന്നും പാതാളത്തിലേക്ക് വലിഞ്ഞ്.
തുലാവര്‍ഷത്തിന്റെ നനവ് പടര്‍ന്ന് അതില്‍
നീറ്റല്‍ ഇററുവീണുകൊണ്ടേയിരിക്കുന്നു

രക്തധമനികള്‍ മുറിച്ചൊട്ടിച്ച അക്കങ്ങള്‍
വാരാന്ത്യകോളത്തില്‍ കവിഞ്ഞൊലിച്ചു.
കറുത്തബാഡ്ജ് കുത്തിയ ശിഷ്ടദിനങ്ങള്‍
മഞ്ഞുവീണ സെമിത്തേരിയിലെ പുല്‍നാമ്പുകള്‍ പോലെ
വിറങ്ങലിച്ചു നിന്നും വിലാപം ചൊല്ലിക്കൊണ്ടേയിരിക്കുന്നു

മൗനം, അതെന്താണെന്ന് എനിക്ക് വിശദീകരിക്കാനാകില്ല
കടല്‍ പിന്‍വാങ്ങിയ ആഴം പോലെയാണത്.
(തിരയില്‍ ഉപേക്ഷിച്ചതെല്ലാം അവിടെ തിരയരുത്.)

മൗനം 
മഹസര്‍ എഴുതുന്നതിനു മുമ്പുളള ഇടവേള?
അല്ലെങ്കില്‍ സിനിമാശാലയിലെ ഒഴിഞ്ഞ കസേര?
പളളിമണിയുടെ നാവെഴുത്തിനോട് കല്ലറകളുടെ പ്രതികരണം?
നമ്മള്‍ എന്ന ബഹുവചനത്തില്‍ നിന്നും വര്‍ണങ്ങള്‍ പാറിപ്പോകുന്നത്?
കലാപഭൂമിയില്‍ ഉന്നം തെറ്റി ചോരപൊട്ടിയ സൗഹൃദം?
അല്ല ഇതൊന്നുമല്ല മൗനം
എഴുതാനാഗ്രഹിച്ചു മനസു തടഞ്ഞ
അടുത്ത ഒറ്റ വരിയിലുളളതാണത്..
....................................................




Sunday, November 2, 2014

അമ്മത്തെങ്ങ്


തലതെല്ലും കുനിക്കാതെ
താങ്ങൊട്ടും തേടാതെ
എന്റെ ആകാശത്തെ തൊടുന്ന ഒരു പെണ്‍തെങ്ങ്
പറമ്പിലുണ്ട്
വീടിന്റെ വടക്ക്.

ചിന്തയിലേക്ക്  ഓലവീശി നില്‍പ്പാണ്.
നെടുനിശ്വാസത്തിന്റെ ഒറ്റത്തടി.
ഈ തെങ്ങെനിക്കെന്തുതന്നു?
ഓലപ്പന്തും പീപ്പിയും ഓടിക്കളിച്ച മേച്ചില്‍ക്കാലങ്ങള്‍,
കുരുത്തോലക്കിളിയും ഓലപ്പാമ്പും കൂട്ടുകൂടിവിരിയിച്ച വിസ്മയകഥകള്‍
മച്ചിങ്ങവണ്ടിയിലേറ്റി വലിച്ച ജീവിതഭാരങ്ങള്‍,
നാക്കിന്‍ശുചികൂട്ടുമീര്‍ക്കില്‍ പാളിയനുഗ്രഹിച്ച
അഴുക്കുപുരളാത്ത വാക്കുകള്‍ ,
സന്ധ്യാനാമംചൊല്ലി നിമിഷങ്ങള്‍ക്കകം
ദൈവങ്ങളെ പേടിപ്പിച്ചോടിച്ച് പടിക്കലെത്തുമരൂപഭയങ്ങളെ
വീശിപ്പായിക്കും ഓലച്ചൂട്ടിന്‍ തങ്കക്കതിരുകള്‍.

ഇനിയുമുണ്ട് ബാലപാഠങ്ങള്‍.
കിണര്‍ത്തണുപ്പു ചോരാതെ കോരും
പാളത്തൊട്ടിയുടെയരികുകള്‍ മടക്കിക്കോര്‍ക്കാന്‍
തെറ്റും തെറിയും നാറും പല്ലിടകുത്താന്‍
പൂക്കളുടെ നിറവും മണവും
പറങ്കിമാങ്ങകളും കറയും ചമര്‍പ്പും
കാട്ടു ചെടികളുടെ മുത്തുപവിഴങ്ങളും കൊരുക്കാന്‍
വറ്റും വറുതിയും കോരും പ്ലാവിലകുമ്പിളു കോര്‍ക്കാന്‍ 
പിന്നെ,കുത്തി നോവിക്കാനും പഠിപ്പിച്ച ഈര്‍ക്കില്‍മൂര്‍ച്ചകള്‍.
ചിരട്ടയില്‍ ചുട്ട മണ്ണപ്പം നിവേദിച്ചിട്ടും ദേവകള്‍ കോപിച്ചത്
മുക്കണ്ണുപൊട്ടി ഗംഗ ചോര്‍ന്നൊലിച്ചു അടുപ്പു കെട്ടത്.

അമ്മയാണാദ്യം പറഞ്ഞു തന്നത്
ചകിരി പിരിച്ചാണ് കയറുണ്ടാക്കുന്നതെന്ന്.
കഴുത്തില്‍ കുരുങ്ങി പശുക്കിടാവ് പിടഞ്ഞുതുറിച്ചപ്പോള്‍
മാത്രമേ അതിന്റെ അര്‍ഥം കണ്ടുളളൂ
ശ്വാസം മുട്ടിയതെനിക്കാണന്ന്.
പിന്നെ കയറുകട്ടിലില്‍ പുതപ്പിച്ചു കിടത്തിയ
അമ്മയുടെ കഴുത്തില്‍ അതേ ഓര്‍മയുടെ പാടുകള്‍ .
ശ്വാസം മുട്ടിയതെനിക്കാണെന്നും.

പ്രണയത്തിന്റെ ഇളനീരും സൗഹൃദത്തിന്റെ മധുരക്കള്ളും
എനിക്കാരും തന്നില്ല.
കെട്ടിക്കിടക്കുന്ന വെളളത്തിലെ
അഴുകിയ തൊണ്ടുപോലെ യൗവ്വനം.

എണ്ണ വറ്റിയകണ്ണുകള്‍ ദീപസ്മരണകളോര്‍ത്തെടുക്കുന്ന പോലെ
പാളയില്‍ കിടത്തിക്കുളിപ്പിച്ച നൈര്‍മല്യഭാവങ്ങള്‍
ഓടയില്‍ കിടന്നരിക്കുന്ന പോലെ
നോവുകളുടെ ആരുകള്‍ .
വലതുകാല്‍ വെച്ച് നിറദീപം പിടിച്ചാരും
കയറാത്ത ഈ കൂര ഇനി ആര്‍ക്കു വേണം?
അമ്മയുടെ കുഴിമാടത്തിനു മുകളില്‍ ഞാന്‍ നട്ട ഈ തെങ്ങിനെ
പച്ചമണ്ണിന്റെ ഹാജര്‍ബുക്കില്‍ നിന്നും വെട്ടിയേക്കൂ..





Saturday, October 18, 2014

നാവറുക്കപ്പെട്ട വീട്




ആരുമില്ലേ ഇവിടെ ?
കതകു തുറന്നകത്തു കയറി
കണ്ണിലേക്കുന്നം വെക്കുന്ന
ഇരുട്ടു കുലച്ച സൂചികള്‍.
കാഴ്ച കത്തിത്തീര്‍ന്ന വീട്.

എന്തോ തടഞ്ഞോ?
ശവപ്പെട്ടിയിലെ തണുത്ത കിടത്തം പോലെ
ശാന്തം രണ്ടുപേര്‍,
അഗ്നിപര്‍വതത്തിന്റെ നിദ്ര.
ഒരു മുറിയില്‍ രണ്ടു കട്ടിലുകള്‍
ഇടയിലെ പര്‍വതം
ലോഹദ്രവത്തില്‍ മുങ്ങിക്കരിഞ്ഞ
വീടാണിത്.

അടുക്കളയില്‍ കത്തുന്നുണ്ട്
കല്ലും തെറിയും
പാറ്റാതെയും പെറുക്കാതെയും
അരിയ്കാതെയയും കഴുകാതെയും
അടുപ്പത്തിട്ട അത്താഴം.
ഇലയിട്ടത് ഉണ്ണാനല്ല
കിടത്താനാണ്.
കിടപ്പറയില്‍ കുഴിവെട്ടിയ വീടാണിത്.

അക്ഷമയുടെ ശബ്ദം പടികടന്നെത്തി നോക്കുന്നു
പുറത്ത് കാറ് കാത്തു കിടക്കുന്നു
തീമഴ അകത്തും.
മേല്‍ക്കൂര ചോര്‍ന്നവതരിച്ച്
തലയിണ ചവിട്ടിനനച്ച്
പ്രളയക്കോലം തുളളുന്നു
നാവറുക്കപ്പെട്ട വീടാണിത്.
വാക്കുകളുടെ റീത്ത് വെക്കേണ്ട