Monday, December 1, 2014

നിര്‍വചനം


തിരുവോണത്തില്‍ നിന്ന് ക്രിസ്തുമസിലേക്ക്
മൗനത്തിന്റെ രേഖ നീണ്ടു,
നാഥുലാചുരവളവിടിഞ്ഞ് ഇലക്ട്രിക്പോസ്റ്റ്
ഗര്‍ത്തത്തിലേക്കൂര്‍ന്ന പോലെ
മുള്‍ക്കിരീടത്തില്‍ നിന്നും പാതാളത്തിലേക്ക് വലിഞ്ഞ്.
തുലാവര്‍ഷത്തിന്റെ നനവ് പടര്‍ന്ന് അതില്‍
നീറ്റല്‍ ഇററുവീണുകൊണ്ടേയിരിക്കുന്നു

രക്തധമനികള്‍ മുറിച്ചൊട്ടിച്ച അക്കങ്ങള്‍
വാരാന്ത്യകോളത്തില്‍ കവിഞ്ഞൊലിച്ചു.
കറുത്തബാഡ്ജ് കുത്തിയ ശിഷ്ടദിനങ്ങള്‍
മഞ്ഞുവീണ സെമിത്തേരിയിലെ പുല്‍നാമ്പുകള്‍ പോലെ
വിറങ്ങലിച്ചു നിന്നും വിലാപം ചൊല്ലിക്കൊണ്ടേയിരിക്കുന്നു

മൗനം, അതെന്താണെന്ന് എനിക്ക് വിശദീകരിക്കാനാകില്ല
കടല്‍ പിന്‍വാങ്ങിയ ആഴം പോലെയാണത്.
(തിരയില്‍ ഉപേക്ഷിച്ചതെല്ലാം അവിടെ തിരയരുത്.)

മൗനം 
മഹസര്‍ എഴുതുന്നതിനു മുമ്പുളള ഇടവേള?
അല്ലെങ്കില്‍ സിനിമാശാലയിലെ ഒഴിഞ്ഞ കസേര?
പളളിമണിയുടെ നാവെഴുത്തിനോട് കല്ലറകളുടെ പ്രതികരണം?
നമ്മള്‍ എന്ന ബഹുവചനത്തില്‍ നിന്നും വര്‍ണങ്ങള്‍ പാറിപ്പോകുന്നത്?
കലാപഭൂമിയില്‍ ഉന്നം തെറ്റി ചോരപൊട്ടിയ സൗഹൃദം?
അല്ല ഇതൊന്നുമല്ല മൗനം
എഴുതാനാഗ്രഹിച്ചു മനസു തടഞ്ഞ
അടുത്ത ഒറ്റ വരിയിലുളളതാണത്..
....................................................




4 comments:

ബൈജു മണിയങ്കാല said...

കടല്‍ പിന്‍വാങ്ങിയ ആഴം പോലെയാണത്. സുന്ദരം ഓരോ വരിയും എഴുതാനുള്ളതെന്ന നിർത്തലും

സൗഗന്ധികം said...

കവിത സത്യത്തിലാരംഭിക്കുന്നത്‌ ആ അവസാന വരിയിൽ നിന്നാണ്‌.

മനോഹരം.

ശുഭാശംസകൾ......

ajith said...

നിര്‍വചനമില്ലാത്തത്

Preetha tr said...


അല്ല ഇതൊന്നുമല്ല മൗനം
എഴുതാനാഗ്രഹിച്ചു മനസു തടഞ്ഞ
അടുത്ത ഒറ്റ വരിയിലുളളതാണത്..
....................................................


Interesting definition of silence.