Sunday, February 23, 2014

ആലിപ്പഴം



ശിവരാത്രിക്ക് രണ്ടു ദിവസം മുമ്പ്
എന്റെ ഉളളം കൈയിലേക്കു
മനസുപോലെ വെളുത്ത,
സ്വപ്നഹൃദയം പോലെ തെളിഞ്ഞ
ഒരു പുന്നാരസ്ഫടികത്തുണ്ട് വീണു.
മാനത്തെ മേഘങ്ങളുടെ പിണക്കമലിഞ്ഞ്
പരസ്പരം  പരിഭവം പറഞ്ഞു പുണര്‍ന്നുചുംബിക്കുമ്പോള്‍
സ്നേഹനയനങ്ങളില്‍ നിന്നും ഉതിര്‍‌ന്നു വീഴുന്നതത്രേ
ഈ പളുങ്കുമുത്തുകള്‍.

ഞാന്‍ ആര്‍ക്കാണിത് കൊടുക്കുക
അലിഞ്ഞുതീരുന്ന ജിവിതത്തിലെ
തീരുമാനമെടുക്കേണ്ട നിമിഷങ്ങളില്‍
അടുത്താരുമില്ലെങ്കില്‍..?

ഞാന്‍ ജീവിതമന്ദാരത്തിന്റെ ഇലയില്‍
ഇതു പൊതിഞ്ഞു വെക്കുകയാണ്.
മാത്രകള്‍ വകഞ്ഞോടിയെത്തി
അലിയും മുമ്പേ വന്നെടുക്കണേ പെണ്ണേ
ഈ ആലിപ്പഴം.

Sunday, January 5, 2014

ശിരുവാണിയും ഞാനും


ശിരുവാണിയെന്നാല്‍ നിറത്തണുപ്പാണ്.
ഓളങ്ങള്‍ ബലാത്തുടി കൊട്ടുന്ന പുലരിയില്‍
മഞ്ഞിന്റെ മേലാടയ്കടിയില്‍ കുഞ്ഞുമത്സ്യങ്ങള്‍
വെള്ളാരങ്കല്ലുകളിലെ ഇരുളമൊഴിമുദ്രകളിലൊട്ടിച്ചേര്‍ന്ന്
സ്നേഹകാവ്യം വായിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് .

കടുംചേല ചുറ്റി, ചുവന്നതിലകം തൊട്ട്, കനവുമാലയിട്ട 
കാട്ടുചെടികളുടെ ഒളിനോട്ടം വകവെക്കാതെ,
പുഴമേലൊരു പാലം തീര്‍ത്ത് അതിരാവിലെ
പൂങ്കാറ്റും തൂവെളിച്ചവും പുണര്‍ര്‍ര്‍ന്നു നടക്കുന്നതും 
ഞാന്‍ കണ്ടു നിന്നിട്ടുണ്ട് 

ആലിലകളനുഗ്രഹിക്കുന്ന കര്‍ക്കിടകമാസാന്ത്യവെളളിയില്‍
ശിവന് തിനയും തേനും നിവേദിച്ച് അമ്പിളി നീരാടുന്നതും 
ഞാന്‍ കണ്ണു പറിക്കാതെ നോക്കി നിന്നിട്ടുണ്ട്

നീലപ്പീലിക്കണ്ണുകളില്‍ കാനനമുകിലുകളുടെ താളത്തിനൊപ്പം
പുഴയില്‍ മഴയുടെ മയിലാട്ടവും മനംനിറഞ്ഞു കണ്ടതാണ്

ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല 
കാരണം
മല്ലികയും മല്ലീശ്വരനും മലമുടിയല്‍ നിന്നും
ഒഴുകി മുഴുമിപ്പിക്കാന്‍ കൊതിച്ച (എന്റെ കൂടി)ജീവിതമാണ്
ശിരുവാണി  

Friday, November 29, 2013

നീ പറഞ്ഞതെത്ര ശരി


മരുഭൂമിയുടെ പനിപിടിച്ച ചുണ്ടുകളിലേക്ക്
നൂറ്റാണ്ടുകളുടെ മഞ്ഞു വീണ കവിള്‍ത്തടം ചേര്‍ക്കുമ്പോള്‍
കണ്ണുകളില്‍ ഞാന്‍ കണ്ടു; ഒരു കുഞ്ഞുപൂമ്പാറ്റ ചിറകടിക്കുന്നത്.
അതിന്റെ വര്‍ണങ്ങളിലല്ല ഞാന്‍ ശ്രദ്ധിച്ചത്
അത് അവടെ എങ്ങനെയാണ് വന്നതെന്നാലോചിക്കുകയായിരുന്നു
നാം കണ്ടുമുട്ടുന്നതിനും മുമ്പേ 
ചുംബനത്തിന്റെ ദിവ്യനക്ഷത്രജാതകവുമായി
ഈ പൂമ്പാറ്റ അലഞ്ഞു പറക്കുകയായിരുന്നോ?
ഗ്രാമങ്ങളിലും നഗരങ്ങളിലും തേടിയ തീഷ്ണാധരങ്ങള്‍ കാണാതെ, കാണാതെ വന്നിട്ടും
തുടുത്ത ചില കവിളുകളിലെ അരുവിക്കുളിരുകള്‍ 
പൂച്ചെണ്ടു നീട്ടി മാടി മാടി വിളിച്ചിട്ടും
ഇളം ചിറകുകളെ തളര്‍ച്ചിലേക്ക് ഒതുക്കാതെ
മഹാപ്രയാണത്തിന്റെ പ്രാണനില്‍ അത് നമ്മിലേക്ക് എത്തിച്ചേരുകയായിരുന്നിരിക്കാം.

ഈ കടല്‍ക്കരയില്‍ പ്രണയത്തിന്റെ പൂന്തോട്ടമുണ്ടെല്ലോ
എന്നിട്ടും 
ഒതുങ്ങിപ്പൂവിട്ട നമ്മുടെ ചുംബനത്തിലേക്ക് 
അതു വഴി ചോദിക്കാതെ വന്നണഞ്ഞുവല്ലോ
ഈ നിമിഷത്തില്‍ നിന്നും എന്തായിരിക്കും ഈ പൂമ്പാറ്റ ആഗ്രഹിക്കുന്നത്?
അതിന്റെ ദാഹത്തേയും മോഹത്തേയും വെല്ലുവിളിക്കുന്ന എന്താവാം അത്?

എന്റെ ചുണ്ടുകള്‍ നിന്റെ കവിളില്‍ സ്പര്‍ശിച്ചപ്പോള്‍
ഈ പൂമ്പാറ്റ അതിലോലമായ ചെറുഹൃദയത്തിലേക്കു ഊറ്റയെടുത്തത്
ലോകത്തവശേഷിക്കുന്ന കറപുരളാത്ത കാട്ടുതേനാകണം
എനിക്കതിശയം
നേരമേറെ കഴിഞ്ഞിട്ടും അതു നമ്മെ വിട്ടുപോകുന്നില്ലല്ലോ.
ഇതിനിടയില്‍ കടല്‍ എത്രവട്ടം ഉറങ്ങാന്‍ പോയി!
കണ്ണില്‍ പൂമ്പാറ്റ ചിറകടിക്കുമ്പോള്‍ നിനക്കെങ്ങനെ പീലികളെ താഴ്ത്തുവാനാകും?
അതെ പൂമ്പാറ്റ വെറും ചിത്രശലഭമല്ലെന്നു നീ പറഞ്ഞതെത്ര ശരി.



Saturday, November 2, 2013

6.45pm-


ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല
സൂര്യന്‍ അന്തിവാനില്‍ മുഖം താഴ്ത്തുമ്പോള്‍
ഒര്‍മകളുടെ വേലിയേറ്റമുണ്ടാകും
കടലിനെ മറക്കുന്ന ഒരു കടലായി നാം മാറും
തോണി തനിയെ തുഴഞ്ഞുവരും
തീരക്കടലില്‍ നിന്ന് ആഴക്കടലിലേക്കു പോകുമ്പോള്‍
സൂര്യന്‍ ഉദയത്തെക്കുറിച്ച് ചെറിയകടങ്കഥ ചോദിക്കും
ആരാണാദ്യം നിന്നില്‍ വിരല്‍ തൊട്ടത് എന്നതുപോലെ..
നീണ്ട വെളുത്തു മെലിഞ്ഞ ഞരമ്പുകള്‍ തെളിഞ്ഞ വിരലുകള്‍
എത്ര തവണ തിരകളില്‍ നിന്നും കോരിയടുത്ത കടലിനെ
പുക്കിള്‍ത്തടത്തില്‍ തടവിലിടാന്‍ നോക്കി
അപ്പോഴൊക്കെ ഉദിച്ചസൂര്യന്‍ ആര്?

ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല
അവന്‍ എന്നില്‍ ചെയ്തപോലെ
അന്തിസൂരന്‍ ജലത്തേലേക്ക് പകുതി ആഴ്ന്നിറങ്ങി നില്‍ക്കുമ്പോല്‍
ഒരു പുസ്തകം മടിയില്‍ വന്നു വീഴും
ഒരു ഫോണ്‍ മണയടിക്കും
കപ്പലണ്ടിയുമായി ഒരു കച്ചവടക്കാരനെത്തും
നാമതൊന്നും കാണില്ല കേള്‍ക്കില്ല
കുട്ടികളുടെ കൈയ്യില്‍ നിന്നും കുതറിപ്പൊട്ടിപ്പറക്കുന്ന പട്ടത്തൊടൊപ്പം ഉയര്‍ന്നുയര്‍ന്ന് സൂര്യനെ പിന്തുടരും
ഇനി ഒരു തുളളി നേരം കൂടി കഴിഞ്ഞാലെല്ലാം ഇരുളു മൂടും
അതിനു മുമ്പ് അവന്‍ വരാതിരുന്നാല്‍
ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല



Tuesday, October 15, 2013

പനി



പനി ഇളം പൈതലാണ്.
കൈവിരല്‍ത്തുമ്പില്‍ പിടിവിടാതെ നടക്കും
ആകാശത്താരോ കെട്ടിയ തൊട്ടിലില്‍ അരുമക്കലയായി മയങ്ങിക്കിടക്കും
ഒരു കവിള്‍ കയ്പിന്റെ ചക്രവാളത്തില്‍ പനിമതിയായി പിന്നെ
ഉഷ്ണാംശുഗോളമായുദിക്കുന്നതു കണ്ടു ഞെട്ടിക്കരയും

വരളുംചുണ്ടിന്റെ വക്കത്തു വഴുതിയ ചില്ലു ഗ്ലാസായി
വര്‍ത്തമാനത്തിന്റെ കൗതുകപ്പെട്ടി വീണുടയും
പാതിരാത്രിമൃഗഭയം കൊമ്പുകുലുക്കിയടുക്കും
ഇടിവെട്ടിക്കരയാന്‍ചുമയ്കാനാവാതെ മരച്ചപോലങ്ങു മലക്കും
കോരിയെടുത്തോടുന്ന നനഞ്ഞ കാറ്റിന്റെ തോളില്‍ വാടിക്കിടക്കും

ചുട്ടപപ്പടവും കഞ്ഞിയും ഉപ്പും രുചിയുമില്ലാതെ തൂവിക്കളയും
അല്ലെങ്കില്‍ ചൂടു കൂടിപ്പോയതിന് , 
തണുത്തുപോയതിന്,
വിളമ്പിയ പാത്രത്തിന് പഴി പറയും.

നിദ്രയില്‍ കരഞ്ഞും ചിരിച്ചുമേതോപുരാതനഗോത്രഭാഷയില്‍
അദൃശ്യാത്മക്കളോടെന്തെല്ലാമോ പങ്കുവെക്കും.
കണ്‍പോളകള്‍ക്കുളളിലെ  സ്വപ്നരഥവേഗങ്ങള്‍.
കാണാത്ത കുന്നിന്റെ നെറുകയില്‍ നിന്നും 
കണ്ണെത്താ പൊക്കത്തെ മേഘത്തിലൊരു പീലിയായി തീരാന്‍
വാഴക്കൂമ്പിന്‍ തേരില്‍ പൂവരശിലക്കുഴല്‍ വിളിയോടെ കുതിരസവാരി.
(നെഞ്ചോടു ചെവി ചേര്‍ത്തുവെച്ചാല്‍ ആ കുളമ്പടി കേള്‍ക്കാം.)
...
പനി ഇളം പൈതലാക്കുന്നു നമ്മെ
മരിച്ചോരമ്മയും വിട ചൊല്ലിയ ചുംബനങ്ങളും
കവിളില്‍ മാര്‍ബിള്‍ത്തണുപ്പായെത്തി
കാവല്‍ നില്‍ക്കുന്നു കാത്തു നില്‍ക്കുന്നു, 
പ്രാര്‍ഥനകളുടെ പച്ചിലച്ചാറിറ്റിക്കുന്നു,
ഉടപ്പിറന്നോരുടെ ഓര്‍മ്മപ്പുതപ്പ് ചൂടിക്കുന്നു,
ഉറക്കം കൊത്തിയ വിഷമിറങ്ങതെ
കണ്‍തടങ്ങള്‍ കരിനീലിച്ചിട്ടും
മഹാസ്നേഹമായി 
പരിപാലിക്കുന്നു,
ഒപ്പു കടലാസാകുന്നു.
 


Wednesday, October 9, 2013

ഒറ്റമുറിയുളള പുര




മരങ്ങള്‍ ഉടുപ്പൂരി ഉണക്കാനിട്ടിരിക്കുന്നു
കാറ്റൂ ഊതിയൂതി തീ പിടിപ്പിക്കുന്നുണ്ട്
തവിട്ടു നിറം വിരുന്നു വരുന്നെന്നു കാക്ക
വിരലുകളുടെ അഗ്രത്ത് ചാരം കുടയുന്നു.

തിളവെയിലില്‍ മുങ്ങിപ്പനിച്ച ഒറ്റമുറിയിലേക്കു
ഞാന്‍ ഓടിക്കയറി കയറി
കതകിന്റെ കത്തുന്നകൊളുത്തു തപ്പി.
അകത്തു വേവുന്നു.
ഇനി ആരാണ് അത്താഴം?
ചാരക്കറുപ്പുളള ഒറ്റത്തൂവല്‍ പിടയുന്ന പേലെ
ആവിയും പുകയും,
പുറത്താരോ ചുമച്ചോ?
അല്ലതകത്തു തന്നെ,
ഈ പുരയും പുകയും ഞാന്‍ തന്നെ.


Wednesday, August 14, 2013

നാം പതിഞ്ഞിടമിവിടം..

തിട്ടകളിടിയുമീ തീരത്തു വീണ്ടും സന്ധ്യകായുമ്പോള്‍
നീ വിരല്‍ ചൂണ്ടിക്കാട്ടുന്ന"തായവിടെ നോക്കൂ ..
കൈകള്‍ കോര്‍ത്തും തളിര്‍മനം ചേര്‍ത്തും
തിരതോല്കും തിരയായി നാം പതിഞ്ഞിടം.
കണ്ണിമവെട്ടാതെ സഹസ്രതാരങ്ങളിറുത്തതും
മൈലാഞ്ചിരാവുകളില്‍ നിലാക്കടലായതും
മാരുതചാരുവിരലുകള്‍ മുടിയിഴകളില്‍ തിരയായ്
ആഴിയെ പരിഹസിച്ചു ചിരിച്ചു തോല്പിച്ചതും
കരമണ്ഡപത്തില്‍ കാല്‍വെക്കും കതിര്‍ വെളിച്ചത്തിന്‍
മുത്തുതിരും തീരമായി, തീരത്തിന്‍ ധ്യാനമായി,
ധ്യാനക്കടലായി, കടലിന്നാനന്ദാതീതഭാവമായി
നാമന്യോന്യം കാതില്‍ സാഗരരാഗങ്ങളായി,
രാഗവിവശമായി പുണര്‍ന്നു പൂര്‍ണമായോരിടം"

ഒരുകൂരക്കു കീഴിലടമഴത്തണുപ്പിലൊന്നിച്ചുണ്ടു
റങ്ങിയതോര്‍മയില്‍ താഴിട്ടുടച്ചാലുമന്തരംഗം
ഈ വിളിക്കൊളുത്തില്‍ പിടയാതിരിക്കില്ല,
മടങ്ങാന്‍ തുടിക്കാതിരിക്കില്ല,
വീണ്ടുമെത്തുമോ നിഴലടങ്ങിയ തീരത്തി-
ലിവിടെ മരണമാരെയാദ്യം വിളിച്ചലും.?