Saturday, July 7, 2012

ശരീരഗ്രഹണം


ഇന്നലെ മഞ്ഞിന്റെ വിരലുകള്‍ എന്നെ തൊട്ടു
കുന്നിറങ്ങി വന്ന തൂമഞ്ഞ്
അതില്‍  ഇലകളുടെ സംഗീതം
മഴയുടെ ആശ്ലേഷം ആകെ തുടുപ്പിച്ചിരുന്നു
ഊഞ്ഞാല്‍ വള്ളികളുടെ ചാന്ച്ചക്കത്തില്‍
അല്പം വിശ്രമിച്ചു വൈകിയ പരിഭവം
മുളംകാടുകളുടെ  പാദസരം വീണ പുഴയുടെ
ഓളങ്ങളില്‍ നിന്നും ഗന്ധര്‍വ്വഗന്ധം
കോരി മടിയിലൊളിപ്പിച്ചു വരികയാണ്..
മഞ്ഞ് ഉടലില്‍ ചേര്‍ന്നു നിന്നു
ഉടല്‍ മഞ്ഞായി.
ശരീരഗ്രഹണം
നട അടയ്കാം.

Thursday, July 5, 2012

തൊട്ടാവാടി


തൊടുമ്പോള്‍ മുഖം വാടി
ആര് തൊടുമ്പോള്‍ ?
സന്ധ്യ  തൊടുമ്പോള്‍

തൊടുമ്പോള്‍ മനസ്സ് വാടി

ആര് തൊടുമ്പോള്‍
വാക്ക് തൊടുമ്പോള്‍

കാറ്റ് തൊട്ടാലും വാടും

കനവു തൊട്ടാലും  വാടും
തൊട്ടില്ലേലും  വാടും
എന്തിനാ വാടുന്നെ ?

വീണ്ടും തൊടാന്‍

വീണ്ടും നിവരാന്‍
കുഞ്ഞു മുള്ളിന്റെ നുള്ള് തരാന്‍
ഇലവിരലുകള്‍ മടക്കി നിന്നെ പ്രാര്‍ഥിക്കാന്‍
മനസ്സ് കുമ്പിടുന്നത്‌
വാട്ടം എന്ന് ആര് പറഞ്ഞു ?
ഓരോ തൊടീലും
ജീവിത സ്പര്‍ശം
വരൂ
സമയമായി തൊടാന്‍

Thursday, June 28, 2012

വഴി തെറ്റുന്നില്ല

1
അടുക്കളപ്പുകയുടെ  അത്താഴപ്പട്ടിണിയില്‍ 
അമ്മക്കണ്ണീര്‍  നിറഞ്ഞ മാഞ്ചുവടു പോലെ 
ഞാന്‍ കരളടച്ചു ഇരുന്നിട്ടുണ്ട് .
ഇരുള്‍ മുറിച്ചു മിന്നാമിന്നി വരച്ചിടുന്ന 
സുവര്‍ണ രേഖയായ് അപ്പോള്‍ 
ഒരു മനസ്സ് കൈനീട്ടാറുണ്ട് 
അത് ആരുടെതാണ്  ?
2.

പുറപ്പെടാതെ എത്തപ്പെടുന്നോര്‍ക്ക് 
വഴി തെറ്റുന്നില്ല 
ഇല ഇട്ടുണ്ണാന്‍ 
കൂട്ടുകറിയോ കൂട്ടുകാരിയോ 
ഇല്ലാത്ത വിരുന്നു .



3. 

നിലവിളക്ക് എന്ന് എഴുതുമ്പോഴെല്ലാം 
വാക്കുകള്‍ കെട്ടു  പോകുന്നു 
നിലവിളിക്ക്  എന്നാണു വായിക്കുന്നത് 

4. 
നിന്റെ ശരീരത്തിലാണോ 
മനസ്സിലാണോ ഋതുക്കളുടെ മഹാനിധി ?
 
5.
ഇടവപ്പാതി എവിടെ 
നിന്റെ കണ്ണില്‍ കാറ് പാര്‍ക്ക് ചെയ്തിട്ടും ?

6 ( കുട്ടികള്‍ക്ക് )
സിംഹം കിണറിലേക്ക് നോക്കി
അതില്‍ അമ്പിളിക്കലയുടെ 
താരാട്ടില്‍ ഒരു മുയല്‍.
കഥകളുടെ സദസ്സിലേക്ക്
രാജാവ് പടവുകള്‍  ഇറങ്ങി .
പുറത്തു പരദൂഷണം





Thursday, June 14, 2012

ഇതിഹാസം-2

മേല്‍വിലാസക്കാരനെ കണ്ടുകിട്ടാതെ ലങ്കയില്‍ നിന്നും 
ശിരസറ്റു  മടങ്ങിയ സന്ദേശവും 
മേല്‍വിലാസക്കാരിയെ കണ്ടെത്താനാവാതെ അയോധ്യയില്‍ നിന്നും 
തേങ്ങി മടങ്ങിയ സന്ദേശവും 
ചേര്‍ത്ത് വെച്ചപ്പോള്‍ ഇതിഹാസമായി 
....................................

ഇവ കൂടി വായിക്കുക -

കാനന സ്മരണകള്‍ - ജാനകി

സീതേ, രാവണ തൃഷ്‌ണേ ..

 

Saturday, April 21, 2012

അര്‍ദ്ധ വിരാമം

അര്‍ദ്ധ വിരാമം ഇങ്ങനെ -
സ്കൂള്‍ വേനലവധിയിലേക്ക് കതകു ചാരുമ്പോള്‍
പൂട്ടാനായി താക്കോല്‍ പെരുമാറ്റത്തിന് കാതോര്‍ക്കുന്ന താഴ് പോലെ,
വെളിച്ചത്തിന്റെ കവിള്‍ ചുവക്കുന്ന കടല്‍ക്കരയില്‍  പിരിയുമ്പോള്‍
പരസ്പരം കൊരുത്ത വിരലുകള്‍ അയയുന്നത് പോലെ ,
"എന്‍റെ എത്രയും പ്രിയപ്പെട്ട "..
എന്നു തുടങ്ങുന്ന  ,
"നിന്റെ സ്വന്തം "എന്നവസാനിക്കുന്ന 
വസന്തത്തിന്റെ കത്ത് പോസ്റ്റ്‌ ചെയ്യാനോങ്ങി 
കീറിക്കളയുംപോള്‍  വാക്കുകളുടെ  നിശ്വാസം പോലെ,

അര്‍ദ്ധ വിരാമം ഇങ്ങനെ -
ഫോണിന്റെ  അങ്ങേ തലയ്ക്കല്‍ 
റിംഗ് ടോണ്‍ തൊണ്ട വറ്റി നിശബ്ദമാകുംപോലെ,
ഇ മെയില്‍   ബോക്സില്‍ ചാറ്റ്പച്ച 
കരിഞ്ഞു പുക ഉയരും പോലെ,
ശൂന്യതയുടെ ചുള്ളിക്കൂടിലേക്ക് 
തിരിഞ്ഞു നോക്കുന്ന പക്ഷിയെപോലെ,
കണ്ണില്‍ പൊടിഞ്ഞ കണ്ണാടിയുടെ  ഹൃദയ സ്പന്ദനം 
അവസാന ശോണിമയുടെ ഒപ്പിടും പോലെ ,
സ്മരണകളുടെ പെന്‍ഡ്രൈവ് കുത്തിയാല്‍ 
നിന്റെ സിസ്റ്റത്തില്‍  വൈറസ് കോലം തുള്ളും എന്ന് ! 
'അഗ്നിനാളത്തിനു  ഹിമശയ്യയ്യില്‍ നിദ്ര വിരിക്കും '-
ഫേസ്ബുക്കില്‍ നിന്റെ ആത്മഗതം. 

പുതിയ ന്യായവാദങ്ങള്‍ മൂര്‍ച്ച കൂട്ടി 
ശരീരകോശങ്ങളില്‍  പ്രാണനെ വേട്ടയാടുന്ന ശസ്ത്രക്രിയ പോലെ ,
അതെ ,
നീ ഇപ്പോള്‍ ചെയ്ത പോലെ ,
അര്‍ദ്ധ വിരാമം,
അതിന്റെ തുള്ളി പാദത്തില്‍ വീഴുമ്പോള്‍ പൂര്‍ണ വിരാമം.

Friday, April 20, 2012

ഒരു വിഷു
കൊന്നയുടെ ഇലകളിലോ ദലങ്ങളിലോ ഞാനില്ല
ആഘോഷത്തിന്റെ ചില്ലയിലെ പാട്ടിലും ഞാനില്ല
രാവിന്റെ പൂത്ത്തിരിയിലും ഞാനില്ല
ഒറ്റയ്ക്ക് കണി കാണുകയായിരുന്നു
ഉള്ളില്‍ പൂത്ത നിന്നെ .
കൈനീട്ടം വാങ്ങാന്‍ പൌര്‍ണമി വന്നപോലെ .