Sunday, June 3, 2018

നമ്മള്‍ പിണങ്ങുമേ


ഓര്‍ത്തുനോക്കൂ പിരിയാതിരിക്കാനെത്രയേറെക്കൊതിച്ചു നാം
മെതിക്കും വാക്കിന്‍കറ്റകളില്‍ നിന്നും വഴിപിരിയു-
മുതിര്‍മണികള്‍ നോക്കി നിശ്വസിച്ചവര്‍ 
ഇരുളിലിമ പെയ്തു  തിരിഞ്ഞു നടക്കുമ്പോളിനി 
കാണില്ലേയെന്നു മുളളാണിച്ചോദ്യം തറച്ചവര്‍

പരസ്പരമറിയാതെ കേള്‍ക്കാതെയെന്തോ
പ്രതീക്ഷിച്ചെത്രമേലസ്വസ്ഥമാകും ദിനരാത്രഭാരങ്ങള്‍,
വേനല്‍ക്കാറ്റായോടിയെത്തിപ്പിടിച്ചുലച്ചുവലിക്കുമോര്‍മകള്‍,
മുട്ടിയരുമ്മിതൊട്ടുതലോടി പകുത്തുപങ്കിട്ടയായിരം യാത്രകള്‍,
മുളങ്കാടുകള്‍ കാവലാക്കും കാനനത്തിന്നാശ്ലേഷനിമഷങ്ങള്‍,
കൈകോര്‍ത്തു മെയ്ചേര്‍ത്തു തീരത്തമരും തിരമാലക്കുളിരുകള്‍,
ഓര്‍ത്തുനോക്കൂ മറക്കാതിരിക്കാനെത്രയേറെക്കൊതിച്ചു നാം

വാക്കുകള്‍ വിരല്‍തൊട്ടുവിളിച്ചപ്പോളറിയാതെ കൂട്ടുകൂടി
സമുദ്രസംഗമങ്ങളിലുദിച്ച നേരുപോല്‍ തിളങ്ങി നാം
കാറ്റാടിപ്പാടത്താറാടും മേഘത്തലോടലിന്‍ കുളിരായി,
മയില്‍പ്പീലിയില്‍ കൃഷ്ണവര്‍ണം തിരഞ്ഞോടക്കുഴലായി
രാഗമായനുരാഗമായി യമുനാതീരസന്ദേശമായി നാം
ഓര്‍ത്തുനോക്കൂ പിരിയാതിരിക്കാനെത്രയേറെക്കൊതിച്ചു നാം

മൗനഋതുവിന്‍ഭാവമേറെ പരിചിതം 
പിണങ്ങാതിരിക്കുവാന്‍ പിരിയേണ്ടതുണ്ടുനാം

പിരിയാതിരിക്കാനഴിയാതെ പിരിയേണ്ടതുണ്ടു നാം
ഇണക്കമിറുക്കിക്കുറുക്കികടല്‍സന്ധ്യയായസ്തിമിക്കും വരെ
നാമെന്ന വാക്കിനെ നാലുദിക്കും ദാനമായി ചോദിക്കും വരെ
 

3 comments:

ബിന്ദു .വി എസ് said...

ഒരര്‍ഥത്തില്‍ ഒരായിരം കാട് വിരിയിക്കുന്ന കവിത .അസ്തമയമില്ലാത്ത പ്രകാശ ബിംബം വഴികാട്ടിയാവുന്നു .കാറ്റാടിപ്പാടങ്ങളില്‍ നിലാവ് പൂത്തിട്ടുണ്ടാവുമോ ?സാന്ദ്രാനന്ദം തേടും മുളം പാട്ടിനുള്ളില്‍ പ്രപഞ്ചം മയക്കമായിട്ടുണ്ടാവുമോ .."അഴിയാതെ പിന്നെയും പിന്നെയും മുറുകുന്ന കവിത

Preetha tr said...
This comment has been removed by the author.
Unknown said...

ചക്രവാളങ്ങൾക്കുമപ്പുറത്തു നിന്നും ആ ഹൃദയത്തുടിപ്പുകൾ കേൾക്കും!