Wednesday, July 20, 2011

മധുരം പിഴയൊടുക്കണം

പാത മുറിയുമ്പോള്‍ പാദം മുറിയുന്നു.
ചിത്തം മുറിയുമ്പോള്‍ സ്വപ്നം മറയുന്നു
നീ മുറിയുമ്പോള്‍ വെളിച്ചം മുറിയുന്നു
മുറിവിനും മുറിവ്, ദിനരാത്ര രുധിരധാര

തുന്നിക്കൂട്ടണം,വിളക്കിച്ചേര്‍ക്കണം
പിന്നിപ്പോകും ജന്മവസന്തങ്ങള്‍.
മഞ്ഞക്കണി നിറം കുറുകിത്തിടം
വെച്ചൊലിക്കും പ്രഭാങ്ങള്‍.

പഴുത്തനോവുകളാറ്റിയെടുക്കണം
പഴക്കം കനത്താലറ്റു പോം പറ്റമായ്
അഴുകി കുതിരും മേഘസന്ദേശങ്ങള്‍
മഴനാമ്പുകളെഴുതും സ്നേഹവേരുകള്‍ ,

മരുന്ന് മടങ്ങുന്നൂ; മധുരമത്രേ ശത്രു-
സൗരഭത്തേന്‍ പകര്‍ന്നു പരസ്പരം
പൂത്തുലഞ്ഞു മധുരക്കനികളായി
സൌവര്‍ണമാത്രകള്‍ നിറഞ്ഞ ജീവിതം

മധുരം പിഴയൊടുക്കണം.
ത്യജിക്കണം മാധുര്യങ്ങള്‍ -
കാതിലെ ത്രിസ്സന്ധ്യാ കടലിരമ്പങ്ങള്‍
കണ്ണില്‍ പുഷ്പിക്കും കാനനക്കനവുകള്‍

ഗന്ധര്‍വസ്പര്‍ശ മഴരാവുക-
ളമൃതം കടയും ആശ്ലേഷങ്ങള്‍
പാരിജാത സ്നേഹഗന്ധങ്ങള്‍
പൂമരത്തില്‍ താലി കെട്ടും നിലാവ്
.
കുഞ്ഞുകൈത്തലം കവിളില്‍ ചേര്‍ത്തമ്മ
നെറ്റിയില്‍ തേന്‍മുദ്രചാര്‍ത്തി വിളിച്ചതും
പൊന്നുതൊട്ടു നാവിലെഴുതിയ നേരുകള്‍
എന്നുമെന്നും കാത്തുരക്ഷിച്ചതും
വെള്ളിടിവെട്ടിപ്പിടിയുമോര്‍
മകള്‍

ഉള്‍ച്ചിതയില്‍ ത്രികാലങ്ങള്‍ കത്തുന്നു



8 comments:

ദൃശ്യ- INTIMATE STRANGER said...

:)

രമേശ്‌ അരൂര്‍ said...

@@മാഷേ മൂത്ത നെല്ലിക്ക പോലെ തോന്നി ഈ കവിത ..കയ്പും ചവര്‍പ്പും പിന്നെ അമൃത് പോലെ തിരിച്ചറിവിന്റെ പുഞ്ചിരി വെട്ടം തരുന്ന മധുരവും :)

ബിന്ദു .വി എസ് said...

ത്രിസ്സന്ധ്യകളിലെ കടലിരമ്പം .....കവിതയായി മുഴങ്ങുന്നു.ഓര്‍മ്മകളുടെ ഇലപ്പച്ചകള്‍ കാടായി നിറയുന്നു ...... അശാന്തങ്ങളായ പകലിരവുകളില്‍ ഈ കവിത മന പാഠമായി കീഴടക്കുന്നു ........കവിതയ്ക്ക് ഗന്ധര്‍വ സ്പര്‍ശം .........
അമ്മ മണം.... . ഉള്‍ ചിതയില്‍ . ത്രികാലങ്ങള്‍ ഓര്‍മ്മകളുടെ കൂട് പിളര്‍ക്കുന്നു ....
അതില്‍ നിന്ന് സ്വപ്നങ്ങളുടെ പൊന്‍ പക്ഷികള്‍ .. ദൂരെ .ദൂരെ .തീരം നോക്കി ..
തിരത്തൂവല്‍ തേടി ...........യാത്ര .അവസാനമില്ലാത്ത യാത്ര.

Mohammed Kutty.N said...

കവിത നന്നായി ...ആശംസകള്‍ !

കെ.എം. റഷീദ് said...

കുഞ്ഞുകൈത്തലം കവിളില്‍ ചേര്‍ത്തമ്മ
നെറ്റിയില്‍ തേന്‍മുദ്രചാര്‍ത്തി വിളിച്ചതും
പൊന്നുതൊട്ടു നാവിലെഴുതിയ നേരുകള്‍
എന്നുമെന്നും കാത്തുരക്ഷിച്ചതും
വെള്ളിടിവെട്ടിപ്പിടിയുമോര്‍മകള്‍
ഉള്‍ച്ചിതയില്‍ ത്രികാലങ്ങള്‍ കത്തുന്നു

ഒരു പാട് നന്ദി മാഷേ
കനെലെരിയുന്ന ഈ കവിത ഞങ്ങള്‍ക്ക് തന്നതിന്

ഷാജു അത്താണിക്കല്‍ said...

ശെരികും കാവ്യം പിഴുതു തന്നിരികുന്നു
നല്ല വരികള്‍
നല്ല ഓര്‍മകള്‍ ഇനിന്റെ മധുരങ്ങള്‍ തന്നെ
പക്ഷെ ചവര്‍പ്പ് പുത്തന്റെ കൂട്ടാണ്

Sandeep.A.K said...

ഇഷ്ടമായീ കവിത..

drkaladharantp said...

പ്രിയ രമേശ്‌,ബിന്ദു,മുഹമ്മദു കുട്ടി..
നിങ്ങളുടെ വരവാണ് മുറിവുകള്‍ ഉണക്കുന്നത്
റഷീദ്,ഷാജു സന്ദീപ്‌
നിങ്ങള്‍ക്കായി എന്‍റെ പക്കല്‍ സ്നേഹവാക്കുകള്‍ ഉണ്ട് തരട്ടോ
എല്ലാവെര്‍ക്കുമായി നാല് വരി

"പാത താണ്ടുവാന്‍ പാദം കൊതിക്കുന്നു .
ചിത്തം തളിര്‍ക്കുവാന്‍ സ്വപ്നം വിധിക്കുന്നു .
നീയുണരുമോ വെളിച്ചം തുളുമ്പുവാന്‍
മുറിവ് മായുവാന്‍ ദിനരാത്ര പുഷ്പങ്ങളാകുവാന്‍ "