Wednesday, February 6, 2013


ഒരു പുസ്തകം വായിച്ചു
അവതാരികയില്‍ ത്രികാലങ്ങളുടെ രക്തപ്രവാഹത്തെക്കുറിച്ച് പറയുന്നു.
ഒന്നാമത്തെ കവിത- സങ്കടവസന്തം.
അതു വിവരണാതീതമായപ്രണയഭാവം കൊണ്ടു നിറഞ്ഞതും കാട്ടുപൂങ്കുലകളുടെ സൗരഭ്യം ചൊരിയുന്നതുമായിരുന്നു..
അടുത്തത് പൗര്‍ണമിരാവിന്റെ കടല്‍.
തീരം വിജനമാകുമ്പോള്‍ തിരകളുടെ ഞൊറിവുകളില്‍ നിലാവിന്റെ ഇളം കാറ്റ് കാണിച്ചതിനപ്പുറം ഉടലിലിളകിയ തിരകളെക്കുറിച്ച് അഗാധതയില്‍ നിന്നെടുത്ത വാക്കുകളടുക്കി വെച്ചെഴുതിയ ആ കവിത ‍‍ഞാന്‍ രണ്ടു തവണ വായിച്ചു .ചില ബിംബങ്ങള്‍ വേഗം അയഞ്ഞു തന്നില്ല. അവളെ വായിച്ചെടുക്കാന്‍ പ്രയാസപ്പെടുമെന്നു കവിതയിലെഴുതിയതിനു സമാനമായ സുഖാവസ്ഥയായിരുന്നു അത്.
മാതംഗി കിണര്‍ക്കരയിലുണ്ടിപ്പോഴും എന്ന കവിത മൂന്നാമതല്ല ഒന്നാമതു കൊടുക്കേണ്ടതു തന്നെ.
ആശാന്റെ കഥാപാത്രങ്ങളെല്ലാം കിണര്‍ക്കരയിലെത്തി പ്രണയാനുഭവം പങ്കിടുകയാണ്. ഏതു പ്രണയമാണുത്തുംഗം? മഹാസമുദ്രങ്ങള്‍ തടവിലിട്ട പ്രണയദ്വീപിലെ അശോകവനിയില്‍ നിത്യം വന്നു കണ്‍നിറഞ്ഞുകണ്ടൊന്നുമേ അവശ്യപ്പെടാതെ ഒരു താമരപ്പൂവു നിവേദിച്ചു മടങ്ങുന്ന മഹാമൗനമായിരുന്നു ആദ്യത്തെ എട്ടു വരികളില്‍ മയില്‍പ്പേട പോലെ വിരിഞ്ഞാടിയത്. ശരണമന്ത്രങ്ങള്‍ ദാഹം ശമിപ്പിക്കാത്ത താപസയൗവ്വനത്തിന്റെഹൃദയത്തിന്‍ ഉള്‍ക്കനലുകളില്‍ പ്രണയക്കുളിര്‍തണ്ണീരായി തുളുമ്പിയവളെ മൊത്തിക്കുടിക്കുന്ന ഓര്‍മകളുടെ ഉറവകള്‍ വറ്റാത്ത കിണര്‍..വളരെ തീവ്രമായ, പൊന്നു കാച്ചിയ സ്നേഹം വ്യക്തമാക്കാന്‍ ഭാഷയപൂര്‍ണമാകുന്നില്ലിവിടെ.
ഇത്തരം ഒരു പുസ്തകം ജീവിതത്തില്‍ ഇതേ വരെ വായിച്ചിട്ടില്ലാത്തതു കൊണ്ടാകും എനിക്കത്യന്തം സംതൃപ്തി തോന്നുകയും ഒരു കവിത പുസ്തകത്തിന്റെ അവസാന പേജില്‍ എനിക്കായി ഒഴിച്ചിട്ടതെന്നു കരുതാവുന്നിടത്ത് എഴുതിച്ചേര്‍ക്കുകയും ചെയ്തു.അത്ഭുതമെന്നു പറയട്ടെ അതു പൂര്‍ത്തിയായപ്പോള്‍ ഓരോ വരിയും പറന്നുയര്‍ന്ന് മറ്റു കവിതകളുടെ ചില്ലകളുടെയിടയിലെവിടെയൊക്കെയോ ചേക്കേറി. പലതവണ ശ്രമിച്ചിട്ടും അവയെ വേര്‍തിരിച്ചെടുക്കാനായില്ല. രക്തത്തില്‍ നിന്നും പ്രണയത്തിന്റെചുവപ്പ് വേര്‍തിരിക്കുന്ന പോലെ ക്ലേശകരവും അസാധ്യവുമായിരുന്നു ആ യത്നം.
ഈ പുസ്കകത്തിന്റെ മാര്‍ബിള്‍ നിറസ്പര്‍ശമുളള പുറംചട്ട ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്
അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു
ഒരു വായനക്കാരനു വേണ്ടി മാത്രം രചിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കാവ്യസമാഹാരം!



Thursday, January 3, 2013

നഗ്നതയാല്‍ അനുഗ്രഹിക്കപ്പെട്ടവളേ..

"അനുഗ്രഹിക്കപ്പെട്ടോളേ ,
എന്തു നീ തേടുന്നു?"
പകലിന്റെ പാളിയും
ഇരുളിന്റെ പാളിയും
മാറു ഞെരുങ്ങുമ്പോല്‍
ചേര്‍ത്തുകൊളുത്തിട്ട-
കത്തു നീ കത്തുമ്പോള്‍,
അന്തിവെളിച്ചം വാലാട്ടി 
വലം വെച്ചു നാളേറെ മുട്ടീം തട്ടീം
പൂച്ചകരഞ്ഞിട്ടും കൊതികൂമന്‍ മൂളീട്ടും
നാവിന്റെ തുമ്പിലഴകു വിരിഞ്ഞതു
കാതോരം ചുണ്ടോരം
പാറി നടന്നിട്ടും
നാടാകെ രാത്തോണി തുഴഞ്ഞു വന്നിട്ടും
താലത്തില്‍ താരകം നിലാപ്പട്ടു നീട്ടീട്ടും
പാതിരാപ്പൂന്തെന്നല്‍ മണിയറയൊരുക്കീട്ടും
പുറങ്കൈയാലേ പുരികച്ചുളിവാലേ
തകതിക കട്ടായം കരളുറപ്പാലേ
പരിചപിടിച്ചോളേ കന്നിപ്പെണ്ണേ
പാടത്തെ പാട്ടിന്റെ പച്ചക്കതിരായി
നിറഞ്ഞുവിളഞ്ഞവള്‍ നീയല്ലോ  പെണ്ണേ...


"അനുഗ്രഹിക്കപ്പെട്ടവളേ
നീയെന്തിനു  തടവറ തേടുന്നു  ?"

തീരത്തിരകള് മുടി കോതിക്കെട്ടീട്ടും
കടലോരം പൂക്കള്‍ തിരുമുടീല്‍ തിരുകീട്ടും
ഒതുങ്ങാതെ വഴങ്ങാതെ മുടിയിഴവിടര്‍ന്നാടി
ചുരുള്‍കാറ്റിലിളകിത്തുളളിത്തൂവിമറിയുന്നേ
കാടുലയും മാനത്താകെ കാര്‍കൂന്തല്‍  പെണ്ണേ..
.
"നഗ്നതയാല്‍ അനുഗ്രഹിക്കപ്പെട്ടവളേ
നീയെന്തിനു  തടവറ തേടുന്നു  ?"


കുടം പൊട്ടിത്തൂവെളളം തുടുതുടെ ചാറി
ഇടവപ്പാതിപ്പുരത്താളം മുറുകിത്തുടങ്ങി
മുട്ടോളം മൂവന്തിവെളളം പൊങ്ങി
അരയോളം രാപ്പാതിവെളളം പൊങ്ങി
ഏഴരവെളുപ്പിനു  മുലയോളം  പൊങ്ങി
മൂക്കോളം മലവെളളം മധുവെള്ളം പൊങ്ങി
നിറനനവിലും നിന്നുടല്‍ കത്തിക്കയറുന്നു
അകനിറവിലും പെണ്ണുടല്‍ കത്തിക്കയറുന്നു
ഉണര്‍വിന്റെ പൊരുളായി തേന്‍മാരി  പെണ്ണേ..

ഒരു തുളളി ഉടലില് ചിതറിമറിയുന്നു

മറുതുളളി ഉടലില് മടിയോടെ ചരിയുന്നു
ചെറുതുളളി ഉടലില്‍ വടിവായലിയുന്നു
നറുതുളളി ഉടലിന്റെയുളളം തടയുന്നു
ഉടലിന്റെ പൊരുളിലും
പൊരുളിന്റെയുടലിലും
തൂമണിത്തുളളികള്‍ 
തക തക തക തക..


"നഗ്നതയാല്‍ അനുഗ്രഹിക്കപ്പെട്ടവളേ
നീയെന്തിനു വസ്ത്രങ്ങളുടെ  തടവറ തേടുന്നു? "


Monday, December 31, 2012

ഇതിലേതല്ലെന്‍ സന്ദേശക്കുറി?

1.
മറക്കരുത് -
തനിച്ചു നനഞ്ഞ ദിനങ്ങളുടെ നിലവിളികള്‍.
അന്ന്...
പക്ഷികള്‍ ചിറകിനെ ഭയന്നിരുന്നു 
നക്ഷത്രങ്ങളുടെ നാലുകെട്ടില്‍ കുറുനരി മേഘങ്ങള്‍
കടിച്ചു കീറിയിട്ട നിലാവിന്റെ കണ്ണും കവിളും.
കാറ്റിന്റെ രഥം മേഘശാഖയിലുടക്കി വീണു.
അപ്പോള്‍ ....
രക്തം കൊണ്ടു മുടികഴുകികെട്ടാനാഗ്രഹിച്ച ഒരു പെണ്ണിന്റെ 
വിലാപം  ദിക്കുകളെ പ്രഹരിച്ചു.
പ്രതിയാരെന്നും പ്രതിജ്ഞയെന്തെന്നും മറക്കരുത്.


2.
ഓര്‍മയുണ്ടോ?
പുതുവര്‍ഷത്തിന്റെ തലേന്ന്
കൈകുമ്പിളില്‍ നിന്നും അടര്‍ന്നു വീണ
തുളളി വിരിഞ്ഞു തൂവെളിച്ചമായത്?
കണ്‍പീലിത്തന്ത്രികളില്‍ വെളിച്ചം
നേര്‍ത്ത വിരലുകള്‍ തൊട്ടപ്പോള്‍
പുലരിയുടെ കവിള്‍ തുടുത്തത്?

3.

വര്‍ഷാന്ത്യക്കുറിപ്പുകളില്‍ കാലം ഇങ്ങനെ കുറുകി.
    ' പുലരിയില്‍ കാടകച്ചോലയിലെ തെളിവെളിച്ചം
     പകല്‍മധ്യത്തില്‍ ആകാശനീലയുടുത്ത സ്വപ്നസഞ്ചാരം.
       മൂവന്തിയില്‍ നേരിന്റെ ദീപക്കാഴ്ചയായി സാന്നിധ്യം
     രാമൂര്‍ധന്യത്തിലെ  നിലാവിന്റെ തിരയിളക്കം.'
                       
ആഴത്തിലെ മരതകമത്സ്യങ്ങള്‍ക്കൊപ്പം 
അയഞ്ഞു നീന്തിയ കൃഷ്ണമണികള്‍ 
ജലാശയത്തോടു കടം ചോദിച്ച ആന്തരികസൗന്ദര്യം
ഏതു നേരമാണ് നിനക്കാശംസിക്കുക
ഇന്നല്ലാതെ ?




Thursday, December 20, 2012

ഭൂമിയിലെ അവസാനനാളുകള്‍


കാല്‍വിരലുകളില്‍ നിന്നുംപച്ചമണ്ണിന്‌‍ ഗന്ധം
ഈയാം പാറ്റകള്‍ പോലെ പറന്നുയരുന്നു.
ജനാലയഴികള്‍ക്കപ്പുറം ഇരുളുകുടഞ്ഞുകളയുന്നയിലകള്‍.
പച്ചയുടെ ഇളംതൂവലുകള്‍ വിരിയുന്നു.
കിടക്കയിലേക്കു കാപ്പിപ്പൂക്കളുടെ പ്രഭാതസുഗന്ധം.
ഓര്‍മ്മപ്പുതപ്പിനുളളില്‍ മഴ ചാറി
ചേമ്പിലക്കുമ്പിളില്‍ മുത്തുകള്‍ എണ്ണിത്തെറ്റി.

മണ്ണ് -മണ്ണപ്പം-കര്‍പ്പൂരമാന്തണല്‍ ,കണ്ണു പൊത്തി-
യെണ്ണി,യൊളിച്ചപെണ്ണിനെ പാക്കാനെടുത്തതും....
മണ്ണാങ്കട്ട-കരിയില-കാശി,
യാത്രക്കൂട്ടു വന്ന മഴയെ ആട്ടിയോടിച്ചതും
വഴികാട്ടാന്‍ വന്ന പൂങ്കാറ്റിനെ കല്ലെറിഞ്ഞതും
തെറ്റാലിക്കല്ലു തിരിച്ചു വന്നതും
മണ്ണിടിഞ്ഞതും വഴിവഴുക്കിയതും
ഉണ്ണാനിരുന്നപ്പോള്‍ കഥയില്‍ കല്ലുകടിച്ചതും.....
പശുക്കിടാവ് നറുനീണ്ടിത്തലപ്പില്‍ കടിച്ചു നാവുനീലിച്ചതും
മണ്ണാത്തിക്കിളികള്‍ വായ് പൊത്തിയതും
പുല്ലരിഞ്ഞപ്പോള്‍ മഞ്ഞച്ചേര മുറിഞ്ഞതും
അതെ,അവസാനനാളില്‍ ഒത്തിരി പ്രമാണങ്ങള്‍
പേരില്‍കൂട്ടാതെ കിടക്കുന്നു.
പിടിമുറ്റാത്ത പെരുമരത്തിന്റെ വാക്കിനു
പരുക്കന്‍ സ്പര്‍ശമെന്നു പരാതി.

ഒറ്റക്കുടയില്‍ ഇടവഴിയിലെ മഴയില്‍
ഒപ്പം കൂടിയ നനവിന്റെ കൈത്തണ്ട
ചുമലിലൂടെ അരക്കെട്ടിലോക്കൊഴുകിയതും
ഇടിവെട്ടിയതും.
കുടയെവിടെ?
മഴയെവിടെ?

ഇന്നു ലോകം അവസാനിക്കുകയാണ്
ഞാന്‍ നിന്നിലും നീയെന്നിലും
ബാക്കിയുണ്ടാകുമെങ്കിലും
കടലും തിരയും തൊട്ടുരിയാടാതെയിരിക്കുമെങ്കില്‍
കാട്ടുപുല്‍ത്തടത്തില്‍ മേഞ്ഞ മഞ്ഞു വേട്ടയാടപ്പെടുമെങ്കില്‍
സന്ധ്യയുടെ കൂട്ടില്‍നിന്നും നക്ഷ‍ത്രരാവു ചിറകുവിരിക്കുകില്ലെങ്കില്‍
രാവിന്റെ നെഞ്ചില്‍ നിലാവു ഗന്ധര്‍വമുദ്ര ചാര്‍ത്തുകില്ലെങ്കില്‍
പ്രണയപര്‍വതങ്ങള്‍ മരുഭൂമിയോടു തോല്കുമെങ്കില്‍
നമ്മള്‍ ബാക്കിയാകുന്നതെന്തിന്?

എങ്കിലും ഭൂമിയിലെ അവസാന നാളുകള്‍
ഒന്നു ബാക്കി വെക്കാതിരിക്കില്ല-
ബോധിവൃക്ഷശിരസ്സിലെ ഒരില പ്രളയജലത്തിനും മേല്‍
ഗഗനനെറുകയിലേക്കു ഞെട്ടുയര്‍ത്തി നില്‍ക്കും
അതിന്റെ ഞരമ്പുകളില്‍ തുടിക്കുന്ന വാക്കായി
ഞാന്‍ നിന്നെ എഴുതിയിട്ടുണ്ടാകും.











Saturday, November 10, 2012

അമ്മമണം

ഒട്ടുപാല് മണക്കുന്ന പ്രഭാതത്തില്‍ 
രാവിലെ കാണാറുണ്ട്‌
മങ്ങിയ വെളിച്ചത്തോടൊപ്പം നര ചാല് കീറിയ 
ഒരു ശിരസ്  റബറിന്റെ മുറിവിനു
വലം ചുറ്റുന്നത്‌ .

ഇടയ്ക്കിടെ അടുക്കള പുകഞ്ഞു വിളിക്കും .
പ്രാണനൂതി കണ്ണുകള്‍  കലങ്ങുകയും
തൊണ്ടക്കുഴി ചുമയുടെ ചോര തൊടുകയും
ചെയ്യും വരെ മുട്ടുകുത്തി പ്രാര്‍ഥിക്കാന്‍./...
'തൊണ്ടേ, ചൂട്ടേ, കൊളളിവിറകേ  കാത്തു രക്ഷിക്കണേ..'
നനവിറകിന്നീര്‍പ്പം മുഖത്തേക്കു പകര്‍ന്നാടുന്നതു മുതുകില്‍ ചേര്‍ന്നു നിന്നു കണ്ടിട്ടുണ്ട്.

സമയത്തിനൊപ്പമാണ് ഓട്ടം
പക്ഷെ ( ഒരിക്കലൊഴികെ) എപ്പോഴും 
സൂചികളിലുടക്കി വീണു തോറ്റു  പോകുന്നവള്‌..

അമ്മത്തഴമ്പുളള മൂന്നു കത്തികള്‍ തിരക്കു കൂട്ടും
(ടാപ്പിംഗ് കത്തി ചേരില്‍തിരുകുമ്പോഴേക്കും
കറിക്കത്തി അരകല്ലിന്‍ വക്കില്‍ 
രാകിരാകി പ്രാകി പ്രാകി
ആലേ പോണം ആലേ പോണം എന്നു ദുശാഠ്യം.
പിടിയൂരിത്തെറിച്ച വെട്ടുകത്തിയെ ഒതുക്കിയാലും ദയകാട്ടില്ല..)
ഉള്ളു തുരുമ്പിച്ച കത്തിയല്ലെന്നു നെടുവീര്‍പ്പ് .

കമുകിന്റെ പാലത്തില്‍ കയറിന്റെ തേയ്മാനക്കുഴിയിലൂടെ
കിണറ്റിലേക്കു പാള ഊര്‍ന്നു പോകുമ്പോഴും
 മൗനത്തിന്റെ ആഴം ചോരാതെ 
കവിഞ്ഞ മണ്‍കലം ഒക്കത്തെടുക്കുന്നേരവും  കരഞ്ഞുരുണ്ട എനിക്കമ്മ പറഞ്ഞുതന്നില്ല ഭാരത്തിന്റെ പാഠം.


മഴയത്ത്ചേമ്പിലയുടെ  കനിവില്‍
വിരലുകള്‍ മണ്ണുമാന്തിയാകണം
മെലിഞ്ഞു നീണ്ട  കര്‍ക്കിടകക്കപ്പ 
തുരപ്പന്‍ തിന്ന  കഥയില്‍ മോന്‍   നിശ്വസപ്പെടണം.
മുളം കുറ്റിയില്‍ കാപ്പിത്തണ്ട് വളച്ചു
എലിക്കെണി ഒരുക്കുമ്പോള്‍ ഓര്‍ക്കാറുണ്ട്
ഒരു അമ്മയെലി ചുമന്നു തുടുത്ത കുഞ്ഞുങ്ങളുടെ
ഇളം വിശപ്പിലേക്ക് മരണക്കഴുത്ത്  നീട്ടുന്നത്.


ചേനയുടെ കൂടെ കരിഞ്ഞ കാച്ചില്‍ പുഴുക്ക് 
കാന്താരിച്ചമ്മന്തിയോടു പിണങ്ങി .
കാരവെള്ളത്തില്‍ പുഴുങ്ങിയിട്ടും 
കരിമ്പന്‍ പോകാത്ത പോലെ 
എന്റെ അമ്മമണം .
അന്നും ഇന്നും
അടുപ്പിലേക്ക് തിളച്ചു കവിയുന്ന 
പുകയുന്ന ഒരു പ്രാര്‍ത്ഥന .

Sunday, September 30, 2012

വൃദ്ധവൃക്ഷം


പാതി മറന്നു പോം സ്വപ്നങ്ങള്‍, ഉണങ്ങും
ചില്ലകളിലൊഴിയും കലപിലക്കൊഞ്ചലുകള്‍
സ്നേഹപ്പച്ചയഴിയും തണല്‍ക്കൂടുകള്‍, നിറം
വറ്റിപ്പൊടിയും സൗഹൃദസായന്തനസംഗമങ്ങള്‍.

ഇടിമഴമിന്നല്‍ കൊടുങ്കാറ്റട്ടഹാസം ഭയതാണ്ഡവം
ശകാരങ്ങളാക്ഷേപശൂലങ്ങളില്‍ അടക്കിപ്പിടിച്ചഭയ
വാത്സല്യഗന്ധമാകും സ്നേഹശാഖകളെല്ലാം മുറിയുന്നുവോ?
സ്വന്തം നിഴലില്‍ തണല്‍ തേടുകത്രേ വാര്‍ധക്യകര്‍മം.

വാതകാലവും നീരുവലിഞ്ഞുണങ്ങും ഭുതകാലവും ചോദിക്കുന്നു
എവിടെയെവിടെ കൂട്ടുപാതി കൈനീട്ടം തന്ന ഹരിതകാവ്യങ്ങള്‍?
എങ്ങുപോയ് ഉടലാകെയുഴിഞ്ഞുണര്‍ത്തിയിടംവലം ചുംബിച്ചാ
ശ്ലേഷബദ്ധമാകുമുഷസ്സുകള്‍? കടലോളമാഴത്തിലായിരംവട്ടം
കൈത്തലം കോര്‍ത്ത യൗവ്വനമധ്യാഹ്നങ്ങള്‍?

എവിടെ ഹൃദയമുളകള്‍ വിരിയുമാകാശമായി പരസ്പരം
മംഗലം തീര്‍ക്കും തളിര്‍ നാമ്പിന്‍ തിരുനേരുകള്‍?
എവിടെയോരോ ദിനവുമോരോ സുകൃതജന്മമായ് നൂറായിരം
നേത്രനിവേദ്യമായ് അന്യോന്യം സമര്‍പ്പിച്ച ഋതുഭേദസൗഭാഗ്യങ്ങള്‍?

എവിടെയെവിടെ കരള്‍ കാണിക്ക വെച്ച മേടപ്പൊന്‍നാണ്യങ്ങള്‍?
തേന്‍വരിക്കച്ചുളപ്പാതി നാവിലെഴുതും കൊതിപ്പങ്കുകള്‍?
ഞാവല്‍ത്തണലുകള്‍ കുറുമ്പുകാട്ടും ചിണുങ്ങലുകള്‍ ?
കൂട്ടുകാരിപ്പിണക്കം പോലെ കയ്ച്ചുമധുരിക്കും കനികള്‍?
മായുന്നുവോ മാരുതരാഗതാളങ്ങള്‍ നിത്യവിസ്മയം ചേര്‍ക്കുമരയാലിന്‍
പ്രണയസ്പന്ദനങ്ങള്‍ വലംവെച്ചുളളിലാരാധിക്കും പ്രാണരൂപം?

കൂടൊഴിയന്നോരവരവര്‍തന്‍ പാടു നോക്കുന്നോര്‍
ചൊല്ലുന്നു പോടു കൂടും പൂമരം നാളെ വീഴും പാഴ് മരം
ചോരവേരുകള്‍ പറിച്ചണയൂ വേഗം ,കാത്തിരിക്കൂന്നൂ
ഗഗനസരസ്സിന്‍ പരിലാളനം,യശസ്സിന്‍ മൂല്യവര്‍ദ്ധന,
ലാഭമോഹതുലാഭാരം, രാജസദസ്സിന്‍ വിശിഷ്ടസായൂജ്യം....


ചുനമുറിച്ചര്‍ച്ചിക്കും ഞെടുപ്പിനു പകരമായി
കടല്‍സ്നേഹമയയ്ക്കും കാറ്റുലുത്തിവീഴ്ത്തും
നാട്ടുമാവിന്‍പെരുംരുചി തിമിര്‍ക്കും
ചോടരങ്ങുകളുഴുതെറിയുന്നുവോ?
ഉറുമ്പുബലി നല്കി മാമ്പഴപ്രസാദം
കാത്തിരിക്കുമിളംവിശ്വാസങ്ങള്‍
മൈലാഞ്ചിയെഴുതും മധുരകാലങ്ങള്‍
കൈവീശിക്കരഞ്ഞകന്നു പോകുന്നുവോ?


ഒടുവില്‍ക്കൊഴിഞ്ഞോരില,
                                   പൂവ്,
                                         പരാഗസ്നേഹം,
                                                            മധുരക്കനി,
തെല്ലിട പിന്തരിഞ്ഞൊരു നോട്ടം , മുഖം വാടുംനിശബ്ദതയായ്
പൊയ് വരട്ടെന്നു പറയാതെപറയും നേരം, ഇല്ല നല്കുവാനൊ
ന്നുമേയില്ലകം ദ്രവിച്ചമരുമോര്‍മ പൂക്കും ചുളളികയല്ലാതെ.






Saturday, September 15, 2012

തിരയില്‍ ഒരിലയില്‍

എന്‍റെ പനിക്ക് ആരോടും പരിഭവമില്ല
അതു  സൂര്യസമ്മാനം
ഇലപച്ചകളില്‍ വെയില്‍ഭാരം തൊടുന്ന തുമ്പികള്‍
ഓര്‍മയുടെ ഞരമ്പുകളില്‍ മയങ്ങി  നീന്തുന്ന മത്സ്യങ്ങള്‍
  
നെറ്റിയില്‍ കൈവെച്ചു അമ്മ   ചോദിക്കുന്നു
ഓമനക്കുട്ടാ നിന്നെ എന്നേപ്പോലെ  പൊള്ളുന്നല്ലോ ?
അമ്മേ
നിന്റെ മനസ്‌ പെറ്റിട്ട  ഈ  ശരീരം
കണ്പീലിത്തുംപുകളിലെ  മഞ്ഞുകണങ്ങള്‍ കൊണ്ട്
കഴുകിയെടുക്കുക വീണ്ടും .
നീ തന്നതെല്ലാം ഇപ്പോഴുമെന്നില്‍ തിളയ്ക്കുന്നുണ്ട്
ആറില്ലതൊരിക്കലും

ഈ പുഴയിലേക്ക് ഞാന്‍ കാലിറക്കി നില്‍ക്കട്ടെ
ഈ തിരയിലേക്ക് ഞാന്‍ ഒരില  പറിച്ചിടട്ടെ
ജലം തലോടുന്ന അതിലോലമായ അരികുകള്‍
എനിക്ക് ഈ  ഇലയുടെ മടിയില്‍ കിടക്കണം
മുകളില്‍ ആകാശം എന്നോടൊപ്പം ഒഴുകുന്നല്ലോ

ഈ സൂര്യപുത്രന്റെ ചൂട് ആരേറ്റെടുക്കും  ?
കയ്യൊഴിഞ്ഞ കടവുകള്‍ ചോദിക്കുന്നു .