Monday, May 6, 2013

സംഭവിച്ചത്


വീടിനും റോഡിനുമിടയില്‍ വെച്ചാണത് സംഭവിച്ചത്.
ഒരു സ്പര്‍ശമൂര്‍ച്ച-
ബ്ലേഡ്!
വെട്ടിത്തിരിഞ്ഞു
ആരുമില്ല
രാജമല്ലികനകാമ്പരംമന്ദാരം
മുല്ലപിച്ചി,ചെമ്പകം...
മറ്റൊന്നുമില്ല.
ഇലയിളക്കം മാത്രം
പുറം നീറിപ്പുളയുന്നു
ബ്ലൗസിനകത്തിറങ്ങി
വിരല് നനവെടുത്തു
ബ്ലഡ്!
ചെടിത്തലപ്പില്‍ ചോപ്പ് കണ്ണിറുക്കി.
ബ്ലഡ്ബ്ലേഡ്...
ഭീതിയുടെ കുടങ്കഥ പടര്‍ന്നു കയറി.
പല്ലും നഖവും മുളയ്ക്കുമോ നാട്ടു ചെടികള്‍ക്കും?


പ്രാര്‍ഥനാപുസ്തകം തുറക്കുമ്പോഴാണതു
സംഭവിച്ചത്...
ഉഷ്ണം വസ്ത്രത്തെ ചീത്ത പറഞ്ഞു
ആ നിമിഷം കറന്റ് ഇരുളിന്റെ ബലാത്കാരം നടത്തി.
മേശപ്പുറത്ത് ദാഹജലം മറിഞ്ഞു തൂകി.
ധൈര്യമുടഞ്ഞു ചിതറി.

നക്ഷത്രജാലകം തുറക്കുമ്പോള്‍ വിരലുടക്കി


പൂത്തിരുവാതിരച്ചുവടുകള്‍ക്കൊപ്പം
പാടാനെത്തിയതാണ് പതിനാലു തികഞ്ഞ ചന്ദ്രിക
അരങ്ങത്തു ചുറ്റിപ്പറ്റി ആസ്വദിച്ചു നിന്ന മേഘം
വായ് പൊത്തിയെടുത്തു തിരശീല വീഴ്ത്തി
മാനവും തരകങ്ങളും പിരിഞ്ഞു.
വെളിച്ചത്തിനു മീതേ ഇരുളുണ്ടായി 
എന്നു ദൈവം തിരിച്ചറിഞ്ഞു.

Tuesday, April 30, 2013

നഷ്ടപ്പെട്ടു



കൊഞ്ചിക്കലമ്പുന്ന വെള്ളിപ്പാദസരം
കളിപ്പാട്ടം ( ചിരിക്കുന്ന പാവക്കുട്ടി)
തുള്ളിക്കിലുങ്ങുന്ന കമ്മല്‍
മഞ്ഞപ്പട്ടുപാവാട
ഒപ്പം
ഏഴുവയസു തികയാത്തൊരിളം ശരീരവും
കണ്ടു കിട്ടുന്നവര്‍
ഈ ഫോണ് നമ്പറിലോ
അടുത്ത പോലീസ് സ്റ്റേഷനിലോ....
?
ഹാജര്‍ ബുക്കില്‍ നിന്നും
ഒരു പെണ്‍കുട്ടിയുടെ പേരു വെട്ടാനെന്തെളുപ്പം
ആര്‍ത്തികൂര്‍ത്ത നിറമഷിപ്പേന തുറന്നിരിക്കുകയല്ലേ?


Saturday, March 30, 2013

പെണ്‍കുരിശ്


ഒരു നക്ഷത്രത്തിന്റെയും അടയാളത്തിനു കാത്തു നില്‍ക്കാതെ
സമ്മതം ചോദിക്കാതെയവള്‍ മരപ്പണിക്കു പോയി
ഉരുപ്പടി കാണ്ണാടിയിലളന്നു
തിരിഞ്ഞും മറിഞ്ഞും
അടിക്കണക്കിലും അംഗുലക്കണക്കിലും
അളവുകള്‍ ഭദ്രം.
വൃക്ഷം മരമാകുന്നതും ഉരുപ്പടിയാകുന്നതും ദൈവഹിതംതന്നെ.
ഹിതവും അവിഹിതവും കര്‍ത്താവും കര്‍മവും എല്ലാം പടച്ചവന്റെ കടം

ഇനി പണി തുടങ്ങാം
വിത്തും തണലും ചെത്തി
കിളിക്കൂട്ടിലെ പാട്ടറുത്തു
നാരും വേരും നീക്കി
ബാഹ്യാവരണം പൊളിച്ചുമാറ്റി
ചിന്തേരിട്ടു മിനുക്കി

കാമുകനും ചോരക്കുഞ്ഞും അവകാശം ചോദിച്ച
മുലഞെട്ടിനു അലപം മീതേ ആദ്യത്തെ ആണി
പാലും ചോരയും കൈകോര്‍ത്ത ഗ്രന്ഥികളില്‍
ഒച്ചയും ബഹളവും നിലവിളിയും വിലാപവും ഊറാതെ നിന്നു


ശരീരമാണ് കുരിശ്
സ്വശരീരത്തില്‍ അവള്‍ ക്രൂശിതയായി
ചുവട്ടില്‍ കിടന്ന മുനയുളള കല്ലുകള്‍ ചോദിച്ചു
ആരില്‍ നീ ഉയിര്‍ത്തെഴുന്നേല്‍ക്കും?

Wednesday, March 27, 2013

പുഴ

നമ്മുടെ പുഴയില്‍ നിന്നും
പ്രണയം ഒഴുകിപ്പോയെന്നു നീ
പരിഭവിക്കുന്നേരമാണ്
ഒരു വെളളാരം കല്ലിനെ
ഓളങ്ങള്‍ ചുംബിച്ചുരുട്ടിയത്.
ഒറ്റയിലയുളള ചെടിയുടെ
വര്‍ത്തമാനം ആരോടാണെന്നു
നീ ചോദിച്ചപ്പോഴാണ്
തണ്ടിനും ഇലയ്കുമിടയിലെ
രഹസ്യം പനിനീരീലഭിഷിക്തമായത്.
ശിരോവസ്ത്രം  മൂടിയ മേഘങ്ങള്‍
സ്വപ്നം കാണുമോ ഇപ്പോഴുമെന്നു
സംശയിച്ചപ്പോഴാണ്
മാലാഖയുടെ സംഗീതമുയര്‍ന്നത്.
എവിടെയെന്നെന്നെ നീ തിരിയുമ്പോഴാണ്
കണ്ണില്ലാത്തവര്‍ ആഹ്ലാദം പങ്കിട്ടത്.
ചാണകം മെഴുകിയ  തറയില്‍
തഴപ്പായുടെ ഇഴകള്‍ പാകിയപോലെ
കെട്ടി പിടിച്ചു കിടക്കുന്ന  മഴക്കാലം
ഇനിയും തോരാതെ ..
എന്നിട്ട് പുഴ വറ്റിയെന്ന്!
പുഴ
അതു ജലമല്ല
ഒഴുക്കല്ല
കാടിനും കടലിനുമിടയിലുളള കിനാവെഴുത്തല്ല
മാനത്താംകണ്ണികളുടെ അമൃതകുടീരമല്ല
ഗന്ധര്‍വന്റെ നീരാട്ടിടമല്ല
പുഴ
അത്
എന്റെ  പ്രവാഹമായിരുന്നു
നിന്റെയും
കണ്ണുകളില്‍ വഞ്ചിപ്പാട്ടുണരുന്നതു കേള്‍ക്കുന്നില്ലേ





Sunday, March 10, 2013

ശിവകാമി


കൈലാസത്തിന്റെ കണ്ഠത്തിലെ
ആകാശനീലിമയില്‍ അവളൊരു മുത്തമിട്ടു
മുക്കാലങ്ങളുടെ ജടയഴിച്ച്
അവളതിലൊരു വനപുഷ്പം ചൂടി
തീക്ഷ്ണഗന്ധത്തിന്റെ തൃശൂലമുനകള്‍ വിയര്‍ത്തു.
താരങ്ങള്‍ വിടര്‍ന്നുകൊണ്ടേയിരുന്നു
രാത്രി പ്രണയതാണ്ഡവമാടി.
അര്‍ധനാരീശ്വരരൂപം ഉടുക്കിന്റെ താളമായി.
കണ്പീലികളടഞ്ഞു പോകുന്നതു മയക്കം കൊണ്ടല്ലെന്നു പാര്‍വതി
കൈകളയഞ്ഞു പോകുന്നതു വീണ്ടും മുറുകാനെന്നു ശിവന്‍
ശിവരാത്രി മാഹാത്മ്യം

Saturday, March 2, 2013

മാതംഗി / ആനന്ദി


നിന്റെ തണ്ണീരില്‍ ദാഹം നിറയുമ്പോള്‍
മാതംഗി,യോര്‍ക്കുന്നുവോ നിന്റെ കാലം?
ഉറവ പൊടിയാത്ത നാളുകള്‍, രാവിന്റെ -
കറവ വറ്റാത്ത തൊഴുത്തിലെ കണ്ണുകള്‍.
എങ്കിലും കിനാവിന്റെ കറ്റ തെറുത്തു
ചുമക്കുവേ ചുണ്ടിലെന്തേ ചിറകടിച്ചുയരുന്നു?
'അകലെയാകാശത്തസ്തമിക്കും സൂര്യനൊരുനാളാ
മലമ്പാതയില്‍ തെല്ലു സന്ദേഹക്കാല്‍വെച്ചു നില്കാം.
അല്ലെങ്കിലുദയകിരണത്തോടൊപ്പം വന്നു
ഈ മണ്‍കുടില്‍വാതിലില്‍ മുട്ടിവിളിക്കാം.
രാവിന്‍ ദുഖമകറ്റും വെളിച്ചം വെളിച്ചം.”

നിന്റെ കൈക്കുമ്പിളില്‍ ദാഹം നിറയുമ്പോള്‍
ആനന്ദ, ഓര്‍ക്കുന്നുവോ നിന്റെ കാലം?
നിറമിഴിജലഘടികാരം?
അമ്പിളിമാമനെക്കാട്ടിക്കൊതിപ്പീച്ചൂട്ടാനുറക്കാ
നോടിക്കളിക്കുവാന്‍, ആനകേറാമലയിലാരും
കാണാതെ പൂക്കളിറുക്കുവാന്‍
കാക്കയോ പൂച്ചയോ പൂവാലനണ്ണാറക്കണ്ണനോ
പൂവോ പൊരുളോ ശരണഗന്ധമായാരുമൊന്നുമില്ലെങ്കിലും
കൂട്ടിനുണ്ടുളളില്‍ കൂരമ്പു കുത്തുമൊരു പേര്!
ആനന്ദനിവനെന്ന സങ്കടസത്യം.
പ്രാണന്‍ പൊളളിക്കരയും ചുണ്ടിലമ്മപ്പൊരുളായേതോ
കിണര്‍വെളളം തുണിമുലഞെട്ടായൂറിനനവായ്.
ദാഹമല്ലോ ദുഖം, ദുഖമല്ലോ ദാഹമെന്നറിഞ്ഞവന്‍

നിന്റെ തണ്ണീരില്‍ ദാഹം കുളിരുമ്പോള്‍
മാതംഗി,യോര്‍ക്കുന്നുവോ നിന്റെ കാലം?
കയറില്‍ തൂങ്ങിത്തുടിച്ചുലയും പാളപോലെത്രനാളീ-
ക്കിണറിന്‍ തൊടികളെണ്ണിക്കഴിയുമെന്നോര്‍ത്തതും
കാട്ടുപൂവിന്നിതള്‍ വിടര്‍ത്തി മധുഗന്ധം മാരുതി
വാരിവിതറുംപോലെ പോകണം,
പാറണം സീമന്തരാശിയിലെന്നാശിച്ചതും...
ആശയല്ലോ ദുഖം ദുഖമെന്നറിഞ്ഞവള്‍ മാതംഗി.

നിന്റെ കൈക്കുമ്പിളില്‍ ദാഹം നിറയുമ്പോള്‍
ആനന്ദ, ഓര്‍ക്കുന്നുവോ നിന്റെ പില്കാലം?
കൈലാസശിരസിലുമയര്‍ച്ചിച്ച പൂവിലും
ഗംഗാമാറ്‍ത്തടമാറ്‍ദ്ദവച്ചൂടിലും
പുക്കിള്‍ച്ചുഴിയിലും പൂങ്കാവനത്തിന്റെ പുല്ലാങ്കുഴലിലും
പ്രജ്ഞയും പൊരുളും ജ്ഞാനമാര്‍ഗവും തേടി പാദം പഴുത്തതും
ആസക്തിയാല്‍മരമായി വളര്‍ന്ന കൊമ്പിലനാസക്തി
തലകീഴിട്ടുലകം വെല്ലും തപംചെയ്തു ബോധം മറഞ്ഞതും...
ഉണര്‍വിന്‍കാറ്റിലാലിലകളിളകുന്നൂ,
കാതിലകളിലാരോ മന്ത്രിക്കുന്നു :-
"കൈക്കുമ്പിള്‍ നീട്ടി മൊത്തിക്കുടിക്കുക
പൈതലിന്‍ ദുഖം പൈദാഹദുഖം,
പെണ്ണിന്റെ ദുഖം പെണ്ണെന്ന ദൂഖം.
മണ്ണിന്റെ മര്‍ത്ത്യന്റെ ദുഖം കുടിച്ചു ക്ഷയിച്ചു
ലോകാന്ദപൂര്‍ണിമായി വളരുക ശരണമായിത്തീരുക..”

നീരൊഴിച്ചു മനം നിറയ്ക്കുമ്പോളിടക്കു മുറിഞ്ഞതെ
ന്തെന്നറിയാന്‍ മുഖമുയര്‍ത്തുമവനിലേക്കൊഴുകുന്നൂ
നിറജലം കവിയും പോലവള്‍..
"മാതംഗി ഞാന്‍, പാഴ്വാക്കാമെങ്കിലും ചോദിക്കട്ടെ,
ഈ കിണറാണെന്‍ ലോകം.
അവിവേകമെങ്കില്‍ പൊറുക്കുക നിലാവേ..
പൊരുളഴിച്ചു തരുമോ, ഉള്‍ദാഹം ശമിപ്പിക്കുമോ?
പാതാളത്തോളം താഴ്നും നീരു ചുരത്തുമീ
കിണറും പിന്നീ കയറും പാളയും കോരിപ്പകരുമീ
ഞാനുമെന്തെന്നു ചൊല്ലൂ? സൂര്യനൊപ്പം നടന്നവന്‍
നീ ലേകസഞ്ചാരി, കുന്നുകള്‍ കണ്ടോന്‍
ഉറവയുടെ കാരുണ്യം തേടി ദാഹിച്ചവന്‍.....
പൊരുളൊഴിച്ചു തരിക നീ..

കൈക്കുമ്പിള്‍ നീട്ടുന്നൂ മാതംഗി മുന്നില്‍.
കോരിയതൊക്കെയും ചോര്‍ന്നു പോയെന്നോ?
എന്താണ് കിണര്‍? എന്താണിവള്‍?
ദാഹിയാം പുരുഷന്റെ ദാഹമോ?
കടലിന്‍ കൊതികള്‍ കുടത്തിലൊതുക്കും
പാഴ്ജന്മമോ? ആരു നീ?...
ആരു നീ?ചോദ്യം തിരിഞ്ഞു ചോദിക്കുന്നു!
കിണറിനെയറിയാത്തവന്‍
കയറായ് പിരഞ്ഞു മുറുകാത്തവന്‍
പാളയായുളളില്‍ സ്നേഹം കോരാത്തവന്‍
തുളുമ്പി കവിയാത്തവന്‍
ആനന്ദനവനെ ജ്ഞാനസ്ഫടികജല-
ക്കുമ്പിളില്‍ത്തിരയുന്നു.

മന്ദഹസിക്കുന്നൂ മാതംഗി …
പൂക്കള്‍ ചൂടും ശിരസില്‍
വാക്കു പൂക്കും വസന്തം
വാക്കു ചൂടും മനസ്സില്‍
കാടു പൂക്കും സുഗന്ധം









Wednesday, February 6, 2013


ഒരു പുസ്തകം വായിച്ചു
അവതാരികയില്‍ ത്രികാലങ്ങളുടെ രക്തപ്രവാഹത്തെക്കുറിച്ച് പറയുന്നു.
ഒന്നാമത്തെ കവിത- സങ്കടവസന്തം.
അതു വിവരണാതീതമായപ്രണയഭാവം കൊണ്ടു നിറഞ്ഞതും കാട്ടുപൂങ്കുലകളുടെ സൗരഭ്യം ചൊരിയുന്നതുമായിരുന്നു..
അടുത്തത് പൗര്‍ണമിരാവിന്റെ കടല്‍.
തീരം വിജനമാകുമ്പോള്‍ തിരകളുടെ ഞൊറിവുകളില്‍ നിലാവിന്റെ ഇളം കാറ്റ് കാണിച്ചതിനപ്പുറം ഉടലിലിളകിയ തിരകളെക്കുറിച്ച് അഗാധതയില്‍ നിന്നെടുത്ത വാക്കുകളടുക്കി വെച്ചെഴുതിയ ആ കവിത ‍‍ഞാന്‍ രണ്ടു തവണ വായിച്ചു .ചില ബിംബങ്ങള്‍ വേഗം അയഞ്ഞു തന്നില്ല. അവളെ വായിച്ചെടുക്കാന്‍ പ്രയാസപ്പെടുമെന്നു കവിതയിലെഴുതിയതിനു സമാനമായ സുഖാവസ്ഥയായിരുന്നു അത്.
മാതംഗി കിണര്‍ക്കരയിലുണ്ടിപ്പോഴും എന്ന കവിത മൂന്നാമതല്ല ഒന്നാമതു കൊടുക്കേണ്ടതു തന്നെ.
ആശാന്റെ കഥാപാത്രങ്ങളെല്ലാം കിണര്‍ക്കരയിലെത്തി പ്രണയാനുഭവം പങ്കിടുകയാണ്. ഏതു പ്രണയമാണുത്തുംഗം? മഹാസമുദ്രങ്ങള്‍ തടവിലിട്ട പ്രണയദ്വീപിലെ അശോകവനിയില്‍ നിത്യം വന്നു കണ്‍നിറഞ്ഞുകണ്ടൊന്നുമേ അവശ്യപ്പെടാതെ ഒരു താമരപ്പൂവു നിവേദിച്ചു മടങ്ങുന്ന മഹാമൗനമായിരുന്നു ആദ്യത്തെ എട്ടു വരികളില്‍ മയില്‍പ്പേട പോലെ വിരിഞ്ഞാടിയത്. ശരണമന്ത്രങ്ങള്‍ ദാഹം ശമിപ്പിക്കാത്ത താപസയൗവ്വനത്തിന്റെഹൃദയത്തിന്‍ ഉള്‍ക്കനലുകളില്‍ പ്രണയക്കുളിര്‍തണ്ണീരായി തുളുമ്പിയവളെ മൊത്തിക്കുടിക്കുന്ന ഓര്‍മകളുടെ ഉറവകള്‍ വറ്റാത്ത കിണര്‍..വളരെ തീവ്രമായ, പൊന്നു കാച്ചിയ സ്നേഹം വ്യക്തമാക്കാന്‍ ഭാഷയപൂര്‍ണമാകുന്നില്ലിവിടെ.
ഇത്തരം ഒരു പുസ്തകം ജീവിതത്തില്‍ ഇതേ വരെ വായിച്ചിട്ടില്ലാത്തതു കൊണ്ടാകും എനിക്കത്യന്തം സംതൃപ്തി തോന്നുകയും ഒരു കവിത പുസ്തകത്തിന്റെ അവസാന പേജില്‍ എനിക്കായി ഒഴിച്ചിട്ടതെന്നു കരുതാവുന്നിടത്ത് എഴുതിച്ചേര്‍ക്കുകയും ചെയ്തു.അത്ഭുതമെന്നു പറയട്ടെ അതു പൂര്‍ത്തിയായപ്പോള്‍ ഓരോ വരിയും പറന്നുയര്‍ന്ന് മറ്റു കവിതകളുടെ ചില്ലകളുടെയിടയിലെവിടെയൊക്കെയോ ചേക്കേറി. പലതവണ ശ്രമിച്ചിട്ടും അവയെ വേര്‍തിരിച്ചെടുക്കാനായില്ല. രക്തത്തില്‍ നിന്നും പ്രണയത്തിന്റെചുവപ്പ് വേര്‍തിരിക്കുന്ന പോലെ ക്ലേശകരവും അസാധ്യവുമായിരുന്നു ആ യത്നം.
ഈ പുസ്കകത്തിന്റെ മാര്‍ബിള്‍ നിറസ്പര്‍ശമുളള പുറംചട്ട ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്
അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു
ഒരു വായനക്കാരനു വേണ്ടി മാത്രം രചിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കാവ്യസമാഹാരം!