Wednesday, July 18, 2018

കാര്‍മാനമുനത്തുടിപ്പില്‍

സജ്ജലകലശം തുളവീണുതിരും 
വിലാപപാരായണം കര്‍ക്കടകം .
പുത്രശോക മൂര്‍ഛയിലഗ്നി കത്തും ശാപം
കാലാതീതദശരഥവ്യഥ പെയ്യും കര്‍ക്കടകം
ബോധമുണ്ടെങ്കിലും ബോധ്യം വരുന്നില്ല
അകാലമരണങ്ങളിലന്ധരാകുന്നേവരും .
ഊര്‍ന്നുപോകുന്നൂന്നുവടികള്‍ 
ഓരോക്ഷയവും വാര്‍ധക്യമോതുന്നു
കിളി മാഞ്ഞുപോകുമ്പോഴും കിളിപ്പാട്ടുകള്‍ ബാക്കി

ചൊല്ലിനീട്ടും മധ്യേ നാവുതാണുപോയപോല്‍
ഓട്ടവേഗക്കുതികാലില്‍ പക്ഷാഘാതം കടിച്ചപോല്‍
കണ്ണിലുണ്ണികള്‍ കണ്ണടയ്ക്കുന്നേരം
കണ്ണിപൊട്ടുന്നു
കണ്ണിലുറവ പൊട്ടുന്നു
ധാരധാരയായി ചോരചേരുമീരടികളില്‍
തോരാതെ കര്‍ക്കടകം നോവു നീട്ടിവായിക്കുന്നു

പോയവര്‍ക്കെല്ലാം പലവഴിയെങ്കിലും
കുടുബഭാഗനിര്‍ഭാഗ്യങ്ങളൊന്നുമേ തെറ്റാ-
തോര്‍ത്തെടുക്കുകയീണം കൊടുക്കുക
കച്ചിത്തുറുവിന്നടിയില്‍ കുഞ്ഞിക്കൈനീട്ടും കൗതുക-
മേറ്റുവാങ്ങും കരിനീലക്കൊത്തിന്‍ വാത്സല്യമേ,
കയത്തില്‍ പൊന്തി പുഴയോളത്താരാട്ടിന്‍
നടുക്കു യതിയാകും നിരാശ്രയരക്തമേ,
എട്ടുദിക്കും പൊട്ടിഞെട്ടും പൂരത്തിരിനാള-
മന്നമായുരുട്ടിഭക്ഷിച്ച തന്റേടമേ,
ചങ്കില്‍കുരുക്കിട്ടു പങ്കയില്‍ വീശും രക്തശൈത്യമേ,
അന്നനാളം വേവുമഗ്നിശൈലത്തിന്നാരോഹണദുഖമേ,
സങ്കടബലി കുതിരും കര്‍ക്കടകമല്ലോ നിങ്ങള്‍
പാതവേഗത്തിലൂരിത്തെറിക്കും കൗമാരചക്രങ്ങള്‍
ഓരത്തൊതുങ്ങിയൊടുങ്ങുന്നു വീണ്ടും
ഒരസ്ത്രം സദാ പിന്തുടരുന്നതിന്‍
കാര്‍മാനമുനത്തുടിപ്പാല്‍ മുറിയാന്‍
കാത്തിരിക്കുന്നൂ കര്‍ക്കടകംമഴ എന്നതിനുള്ള ചിത്രം




4 comments:

ബിന്ദു .വി എസ് said...

സങ്കട ബലി

Unknown said...

സഹനത്തിൻ മിഴിനീർ..
മാനവജന്മത്തിലാർക്കുമൊരിക്കലും
യൗവ്വനം നീണാൾ വിളങ്ങുകില്ല
പാരിലെവിടെയും കാണുന്നില്ലെ നമ്മൾ
വാർദക്യ നൊമ്പര കാഴ്ച്ചകൾ
വാടാത്ത പൂവുണ്ടൊ
കൊഴിയാത്ത കനിയുണ്ടൊ
ഉദയത്തിനസ്തമയമില്ലാതുണ്ടൊ...

Preetha tr said...
This comment has been removed by the author.
Preetha tr said...
This comment has been removed by the author.