രാത്രിയുടെ
വിരലുകള്‍ എങ്ങനെയാണ് ?
വകതിരിവില്ലാത്ത
സ്പര്‍ശവൃക്ഷങ്ങള്‍
ആയിരം
ശാഖകളിലും ആലിംഗനപക്ഷികള്‍
ആകാശം
ഇളംചൂടിന്റെ മേല്‍ക്കുപ്പായമഴിച്ചിട്ടിരിക്കുന്നു
കുളിച്ചുകയറിവന്ന
സന്ധ്യ അത്താഴവിരുന്നൊരുക്കുകയാണ്
സഞ്ചിയിലെ
മൗനം കവിത ചൊല്ലാനായി
തിടുക്കപ്പെടുകയാണ്
താളുകളുടെ
കൊളുത്തുകളഴിച്ച് കല്പനകള്‍
ഹൃദയപ്രകാശത്തിനു
മീതെ ഋതുയാത്ര നടത്തുന്നു
വിരലുകള്‍
ഓരോന്നും പതിയെ നിവരുമ്പോള്‍
അലസമായി
വിടരുകയും നിറയുകയും
ഉന്മാദിക്കുകയുമാണ്
കാപ്പിപ്പൂക്കള്‍
, ഗന്ധരാജന്‍,
സൗഗന്ധികം
പാലപ്പൂക്കള്‍,
ഇലഞ്ഞിപ്പൂമണം,
മുല്ലക്കെട്ട്...
ധ്യാനഗന്ധ
നിമിഷങ്ങള്‍
ഓരോ
വിരലിനുമുണ്ട് നിവേദിക്കാനൊരിടം
ഇത്
അണിവിരലിന്
ഇത്
കണങ്കാലിന്
ഇത്
അഗാധനിമിഷങ്ങളുടെ കാനനത്തിന്
ഇത്
..ഇത്.ഇത്..
ഓരോരോ
കര്‍മസ്ഥാനങ്ങള്‍
അതിശയിപ്പിക്കുന്ന
വേഗതിയിലണ് വിരലുകള്‍
പെരുമാറുന്നത്
ഓര്‍മകളുടെ
നീര്‍മാതളം കൊടുത്ത മുത്തുമാല
ചുരങ്ങളുടെ
ശിശിരം നല്‍കിയ നിധിപേടകം
യാത്രയില്‍
ഗോത്രമാതാവ് നല്‍കിയ കര്‍ണഭൂഷണം
അനാഥരായവരുടെ
ദുഖം നീട്ടിയ തോള്‍സഞ്ചി
കാലത്തേയും
ലോകത്തേയും തപ്പിപ്പെറുക്കി
മുന്നില്‍ വെക്കുന്ന വിരലുകള്‍
രാത്രിവിരലുകള്‍
-അത്
ഗന്ധം
രൂപമാക്കും
ചുണ്ടുകളെ
സമുദ്രമാക്കും
തിരകളെ
രഥവേഗമാക്കും
യുദ്ധമധ്യരഥത്തില്‍
പ്രണയാശ്വങ്ങളായി
കുതിക്കും
ജാലകത്തില്‍
എപ്പോഴും ഒരു മിന്നാമിനുങ്ങ്‍-
ചില്ലുകള്‍ക്കപ്പുറം
മുത്തമിടുന്ന ചിറകടിവെട്ടം
അതിരുവിട്ടകത്തുവന്ന്
പുലരിമരമാകുമോ
എന്നു
ഭയക്കുന്ന വിരലുകള്‍
ചേര്‍ത്തടയ്ക്കുന്നുണ്ട്
ഉടല്‍പാളികള്‍.
2 comments:
ഗുല്‍ മോഹര്‍ പൂത്തു നില്ക്കുംപോലെ ....
Post a Comment