Friday, September 8, 2017

പനിത്തീവണ്ടി



അകത്താണാവിവണ്ടി
ഓണത്തിരക്കിന്‍ നോവു വണ്ടി
ചാറുന്നുണ്ടത്തം ഇറുക്കുന്നുണ്ട് ചിത്തം
ഉത്രാടപ്പാച്ചിലിന്‍ കഫം തുപ്പി
കിതച്ചമര്‍ത്തും നെഞ്ചകപ്പാളം
നനവെല്ലാമൊപ്പി, വാക്കെല്ലാം വറ്റി
ശ്വാസവേഗത്തിലൂഞ്ഞാലാടുന്നീ പനിത്തീവണ്ടി
കൂകല്‍ കുരയ്കലാര്‍പ്പുകളാരോ വലിച്ചെറിയു-
ന്നുണ്ടാഘോഷോച്ഛിഷ്ടങ്ങള്‍

കടലിരമ്പം മറന്ന തണുത്തതിരകള്‍
തിക്കിക്കയറുന്നു ടിക്കറ്റെടുക്കാതെ
അവ്യക്തമാള്‍രൂപങ്ങളെല്ലാം പരിചിതമെങ്കിലും
സന്ദേഹമാരിവളേതു ഋതുവിന്‍ പൊന്നോമന?
പച്ചമാങ്ങാമുളകിട്ട പകലുപോലൊരുത്തി
ചെണ്ടുമല്ലിക്കമ്മലിട്ട പുലരിപോലൊരുത്തി
തീരവഞ്ചിത്തണല്‍മണല്‍ച്ചുഴിച്ചിരിപൊലൊരുത്തി
വേളിക്കായലിന്‍ ഹൃദയമര്‍മരം പോലൊരുത്തി
സാഗരസംഗമസന്ധ്യയായ് മുടിയഴിച്ചൊരുത്തി
ആനന്ദദാഹം തീര്‍ക്കാന്‍ മാതംഗിയൗവനമായൊരുത്തി
കനകമാനിന്റെ നടനമില്ലാത്തൊരുടലുമായൊരുത്തി

രക്തമൂത്രകഫപരിശോധനാഫലം നിരര്‍ഥകം
ചാഞ്ഞും ചരിഞ്ഞും കുലുങ്ങി, ബോധംകലങ്ങിത്തെളിഞ്ഞു-
മുറക്കം മുറിഞ്ഞും പിടിവളളിയരികിലെന്നോര്‍ത്തു
മിഴിയുയര്‍ത്തിയും ചുണ്ടിലൊരു മൃദുമന്ദഹാസം കോടിയും
ഓര്‍മവണ്ടികളോണവണ്ടികളാായി പായുന്നെന്‍
ചുടുപാളത്തിലൂടെ പാതിരാനിലയമണയും വരെയും


4 comments:

ബിന്ദു .വി എസ് said...

ചാറ്റല്‍ മഴ ,പനിത്തിളപ്പ് .
എല്ലാ ഋതുക്കളിലും ഓരോ അടയാളമായവല്‍
അവള്‍ക്കുള്ള സമര്‍പ്പണം ഈ കവിത
നൊന്തു നൊന്തു കൈ പിടിച്ച്
കണ്ണുകളില്‍ നീര്‍ നിറച്ച്
പരസ്പരം വേദനകളായി
നക്ഷത്ര ക്കടലിനെ നോക്കി നിന്ന ...ഒരോണം കൂടി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മരണക്കിടക്കയിലെ ഓണാഘോഷം പോലെ

Unknown said...

കൂർത്തുമൂർത്ത മൗനരേഖകളുടെ ഇടവേളകളിൽപ്പോലും നാമറിയാതെ പൂത്തുലയുന്നുണ്ട്..
നമ്മുടെതുമാത്രമായ ചില നിശബ്ദ നീലിമകളുടെയഴകുവഴിയുന്ന ഒരു പിടി പാരിജാത പുഷ്പങ്ങൾ!

Unknown said...
This comment has been removed by the author.