Thursday, July 7, 2016

നിനക്കറിയില്ലല്ലോ...


ഏറെ മൗനവും കുറച്ച് അവ്യക്തവാക്കുകളും
മാത്രമാണ് എന്റെ ഭാഷ
ദീര്‍ഘിച്ചും കുറുകിയും
മഴ കുതിര്‍ന്നും വെയില്‍പൊളളിയും
അരികുകള്‍ പൊടിഞ്ഞ് ചെതുക്കിച്ച ലിപികള്‍
ആദ്യാക്ഷരവും അന്ത്യാക്ഷരവും ഒരേ പോലെ.
ജനിച്ചപ്പോള്‍ കരയാത്തയക്ഷരം
മരിക്കുമ്പോഴും കരിയാതിരിക്കും.
ഓരോ അക്ഷരവും ഞാന്‍ തന്നെ-
ശൈശവത്തില്‍ നിന്നും വാര്‍ധക്യത്തിലേക്ക്
ഒരാള്‍ നടക്കുന്നതു പോലെ.
കൊഴിയുന്ന പൂക്കള്‍കൊണ്ട് ഞാന്‍ സംസാരിക്കും
പുഞ്ചിരികൊണ്ടറിയില്ല.
മുലപ്പാലൂട്ടാനും ഒപ്പം
ചെന്നിനായം പുരട്ടാനും എന്റെ ഭാഷയ്കറിയില്ല
ഉരുള്‍പൊട്ടിയടിത്തട്ടില്‍
മണ്ണപ്പം കളിക്കുന്ന മൃതദേഹങ്ങള്‍ക്ക് മനസിലാകും
ശവം മാന്തിയെടുത്ത് വീണ്ടും കുഴിതോണ്ടുന്ന
ജെ സി ബി യ്ക് തിരിയില്ല.
താരാട്ടിന്റെ ഈണങ്ങള്‍ വഴങ്ങില്ല.
സുഖതാളം നിദ്രയിലേക്കുളള ക്ഷണമത്രേ.
സ്വപ്നങ്ങളുടെ കാട്ടില്‍ ഒറ്റയ്ക് പോയി ശരമുനയില്‍ കോര്‍ക്കുമ്പോള്‍
കനിവോടെ പ്രണയിനിക്ക് നീട്ടുന്നത്
അടര്‍ന്നു വീണ തൂവലുകള്‍
പറന്നതൊക്കെയും അവ പറയാറില്ല-
നിലം പററിക്കിടക്കുന്നവയുടെ ഭാഷാഭേദങ്ങള്‍
നിനക്കറിയില്ലല്ലോ.


3 comments:

ബിന്ദു .വി എസ് said...

ഓരോ മൌനവും ഓരോ ദീര്‍ഘാക്ഷരം പോലെ .നീളുന്ന മാത്രകളില്‍ അവയില്‍ പൊട്ടി വിടരുന്ന വാക്കുകളുടെ പൂന്തോപ്പുകള്‍ .പുഞ്ചിരിയിലുമങ്ങനെ .ആയിരത്തൊന്നു രാവിലും തീരാത്ത പ്രണയത്തിന്‍റെ മഹേന്ദ്ര ജാലം .ഈ കവിതയുടെ മറുഭാഷയാകുന്നത് ഹൃദയ സ്പന്ദനങ്ങള്‍ മാത്രം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കൊഴിയുന്ന പൂക്കളുടെ സംസാരംപോലെ നൊമ്പരപ്പെടുത്തുന്ന വരികള്‍

Preetha tr said...

അടർന്നുവീണ തൂവലുകൾ കൈയിലെടുക്കണമെങ്കിൽ വാർദ്ധക്യത്തിൽ നിന്നും ശൈശവത്തിലേക്കൊരുയാത്ര അത്യാവശ്യം. നിരാശയിൽ നിന്നും പ്രത്യാശയിലേക്കും. നിറം വറ്റി നിലംപറ്റികിടക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവനവൻ തന്നെയാണ്.