നന്നേ
ചെറുപ്പത്തിലേ
എനിക്ക്
കിട്ടിയ സമ്മാനമാണ്
ആരാണ്
ഇളം കൈയില്‍ വെച്ചുതന്നതെന്നറിയില്ല
നാളിതുവരെ
കൈവിടാതെ സൂക്ഷിച്ചു.
ഒരിക്കല്‍
നീ ആ പൊതി അഴിച്ചുനോക്കിയതാണ്
കണ്ടത്
മറ്റൊന്നുമല്ല-
മഴ
കഴിഞ്ഞു പെയ്യുന്ന തോരാത്ത
മൗനം
വെളിച്ചം
മുട്ടിനിലവിളിച്ചിട്ടും
തുറക്കാത്ത ഒററമുറി
ശബ്ദങ്ങള്‍
ചിറകൊതുക്കുന്ന സന്ധ്യയുടെ
രഹസ്യം
മച്ചില്‍
ഇരുള്‍ വലനെയ്യുമ്പോള്‍
കാത് കണ്ടെടുത്ത സത്യം
മിണ്ടാച്ചെക്കനൊപ്പം
മൗനവും വളരുന്നതറിഞ്ഞിട്ടും
നീ ചോദിച്ചു
"ഒന്നുരിയാടിക്കൂടേ?
എപ്പോഴും
ഞാന്‍ തന്നെ പറയുന്നു
,വിളിക്കുന്നു
നീ
ഒന്നും പറയുന്നില്ലല്ലോ ,
അറിയുന്നതായി
നടിക്കുന്ന പോലുമില്ലല്ലോ"
പെണ്ണേ,
എനിക്കറിയാം
മൗനവും
പ്രണയമാണെന്ന്
പ്രണയവും
മൗനമാണെന്ന്
ഒരിക്കല്‍
കാക്ക കരയുന്ന പ്രഭാതത്തില്‍
എന്റെ
കൈകളില്‍ നിന്നും അത്
ഊര്‍ന്നുപോകാം
അല്ലെങ്കില്‍
മൗനത്തിന് എന്നെ നഷ്ടപ്പെടാം
അന്ന്
നിന്റെ
ചുണ്ടുകളിലെ വിതുമ്പലുകളില്‍
എന്റെ
മൗനം ചുണ്ടുകള്‍ അമര്‍ത്തും.
നീ
നാളിതുവരെ ആഗ്രഹിച്ചതെല്ലാം
അതിലുണ്ടാകാം
ഒരു
തുളളി ജീവിതത്തെ നിശബ്ദതകൊണ്ട്
തന്നെ സംസ്കരിക്കും
7 comments:
മൗനം.
ഇഷ്ടം.
മൌനം വാചാലം....
വ്യക്തികൾക്ക് പരസ്പരം മൗനത്തിന്റെ ഭാഷ സുഗമമെന്നുവന്നാൽ അവർക്കിടയിൽ ഓരോ വാക്കും അർത്ഥപൂർണ്ണമാവുന്നു. അതേ ഭാഷ തന്നെ പരസ്പരം ദുർഗ്രാഹ്യമെന്നാകിൽ അവർ തമ്മിൽ ആയുസ്സുടനീളം വർത്തമാനിച്ചാലും അത് വ്യർത്ഥവുമാകുന്നു. അല്ലേ..?
മൗനത്താൽ സംസ്കൃതമായതിനാലാവും, മധുരോദാരമീ കവിതത്തുള്ളി...
ശുഭാശംസകൾ.....
ഒരു തുള്ളി ജീവിതം അതിനു
നിശബ്ദതയിൽ തന്നെ സംസ്കാരം
ഗംഭീരം
Gud
കൊള്ളം വായിച്ചു കഴിഞ്ഞപ്പോൾ എന്തോ ഒരു ഫീൽ ......
തോല്‍പ്പിച്ചു കളഞ്ഞുവല്ലോ .ഇപ്പോഴും .ഇന്നും
Post a Comment