Saturday, January 21, 2017

ഏറെയുണ്ട് ഉപ്പിലിട്ടവ.


ഓര്‍മവഴികളിലൊന്നിന്നോരത്തുണ്ടൊരു നാട്ടുമാവ്
മഴമാസക്കാഴ്ചയില്‍ പെടാതെ നനഞ്ഞുനില്‍ക്കും വിനയം
ഒഴിഞ്ഞൊതുങ്ങി നില്‍ക്കും നിശബ്ദത

ചോദ്യങ്ങള്‍ തളിരിട്ട് വളര്‍ന്നുകൊണ്ടിരുന്നു
വര്‍ഷാവര്‍ഷം മേല്‍പ്പന്തലുയര്‍ത്തിയെടുക്കുന്നതും
ആകാശത്തെ ആട്ടിന്‍പറ്റങ്ങളെയും ഇടയക്കാറ്റിനെയും
ചില്ലകളുടെ കൂട്ടിലാക്കിപ്പോറ്റാനാഗ്രഹം കൂട്ടുന്നതും
പ്രകാശം നുളളിപ്പറിച്ചു തുണ്ടങ്ങളാക്കി ചുവട്ടിലിടുന്നതും എന്തിനാവാം?
ആരാണ് ഇലകളെ ഓമനിച്ച് എണ്ണപുരട്ടി വട്ടം വട്ടം വെച്ചൊതുക്കിയെടുക്കുന്നത്?
നിരനിരയായി കയറിപ്പോകുന്ന കുറുമ്പുകള്‍ രഹസ്യം കണ്ടെത്തിയിട്ടുണ്ടാകും
അല്ലെങ്കില്‍ ഉറുമ്പുകളെന്തിനാണ് നിത്യവും മാവിന്‍റെ നെറുകയില്‍ പോകുന്നത്?
അവരും ചോദിക്കുന്നുണ്ടാകണം
തളിരിലകളുടെ കുമ്പിളുകള്‍ എല്ലാ ചില്ലത്തുമ്പുകളിലും ഒരുമിച്ചു വെക്കുന്നതാരാണെന്ന്?
എല്ലാ മാവുകളും ഒരേദിവസം സന്തോഷിച്ചതെങ്ങനെയാണെന്ന്?
വിദൂരക്കാഴ്ചകളുടെ സംഗീതംകൊണ്ട് നിറയ്കാനും
മണ്ണിന്റെ അനുഗ്രഹങ്ങളുടെ കായ്കനികള്‍ കൊറിക്കാനും രണ്ടുപേര്‍.
എപ്പോഴാണ് അണ്ണാന്‍കുടുംബത്തിനും കുയിലിനുമിത് അമ്മവൃക്ഷമായത്?

താരപ്പൂരം കൊഴിയുന്നേരം നാട്ടുമാവ് പൊട്ടിച്ചിരിക്കുന്നതെന്തിന്?.
പൊന്‍പുലരികള്‍ പൂക്കുലകളാകുന്നതെങ്ങനെ?
ബാല്യം പ്രണയകാലത്തിലേക്ക് വളരുന്ന പോലെ അതിശയം തന്നെ.
മീനവും മേടവും ഇരട്ടക്കുലകളാകും
കിളിപ്പാതിയുടെ രുചിക്കൊതി
ചുനവീണ കണ്ണിമാങ്ങ
ഉപ്പുചേര്‍ത്ത് വായിലൂറും പുളിമാങ്ങ
എരിവിട്ട പച്ചമാങ്ങ
കടുമാങ്ങ, ഉപ്പുമാങ്ങ,പഴുത്തമാങ്ങ
കല്ലേറില്‍ ചിതറുന്ന കുലകള്‍
കണ്ണേറില്‍ പതറുന്ന ഞെട്ടുകള്‍

പകുത്തുതിന്നാം പപ്പാതിവീതം
ഇതെനിക്ക് ഇതു നിനക്ക്
മാങ്ങാപ്പൂളുകള്‍ മധുരപ്പൂളുകള്‍
മെത്തപ്പൂള്‍ മുറിക്കാം,  
കോടാലിപ്പൂള്‍ തുല്യമായെടുക്കാം
ചപ്പിവലിച്ചൂറ്റി,യടുത്ത കാറ്റി-
ളക്കത്തിനു കാത്ത നാളുകള്‍
നാവില്‍ നട്ടോരോര്‍മകള്‍
നാട്ടുമാവിന്റെ നേരുകള്‍


No comments: