Thursday, September 8, 2016

ഓണക്കരച്ചില്‍


രാവിന് കസവിട്ട്
കാട്ടുചെടികള്‍ക്ക് സിന്ദൂരം തൊട്ട്
സായാഹ്നത്തിനു പുതുവസ്ത്രം വാങ്ങി
തുമ്പികളുടെ തൊട്ടേ പിടിച്ചേ കളിക്കാരവമിട്ട്
പൊട്ടിയ പാദങ്ങളുമായി അത്തം ചവുട്ടി
കാഴ്ചയുടെയും വേഴ്ചയുടേയും ഉത്രാടപ്പാച്ചിലിലിടൂടെ വരുന്ന ഓണം
ഉത്സവപ്പറമ്പിലവശേഷിക്കപ്പെട്ടതേ
ബാക്കിവെക്കുന്നുളളൂ
കരഞ്ഞുതുടിച്ചു മധുരം വിതറി
പിറന്നുടനേ തിരിച്ചുപോകുന്ന കുഞ്ഞായുസ്-
ഒരു മിനിറ്റിന്റെ ദൈര്‍ഘ്യമുളള പകല്‍.


നീ എത്രയോ തവണ ചവിട്ടിത്താഴ്ത്തിയിട്ടും
ഓര്‍മകള്‍ കൊളുത്തിവലിക്കുന്ന പിടച്ചിലാകണം
അഗാധഗര്‍ത്തതില്‍ നിന്നുമെന്നെ തിരിച്ചെടുക്കുന്നത്?
അണകെട്ടിയടക്കിയ ആഗ്രഹങ്ങളുടെ പുഴക്കരയില്‍
ഉപ്പിലിട്ട മാങ്ങ വില്‍ക്കുന്നവള്‍ ചോദിച്ചതോര്‍മയില്ലേ?
ചുറ്റുകോണികയറിക്കയറി നിഴലിന്റെ പടം പിടിക്കുന്ന
വെയില്‍ ആവര്‍ത്തിച്ചതോര്‍മയില്ലേ?
ജലപ്പരപ്പില്‍ തെന്നിത്തെന്നിപ്പാഞ്ഞാടിയുയര്‍ന്ന
കാറ്റ് മുഖത്തേക്ക് കോരിപ്പകര്‍ന്നാരാഞ്ഞതോര്‍മയില്ലേ
മറുപടി മുട്ടിയ ഒരു ചോദ്യം
ഉളളിന്റെയുളളില്‍ ഊഞ്ഞാലാടുന്ന
ഓണക്കരച്ചില്‍ ആരുടേതാണ്?



1 comment:

ബിന്ദു .വി എസ് said...

ചുറ്റു കോണി കയറി ക്കയറി മേഘങ്ങളെ ച്ചുംബിച്ചെടുത്ത പകല്‍ . ഓണ ക്കരച്ചില്‍ അവസാനിക്കുന്നേയില്ല ഈ കവിതയില്‍