Sunday, November 2, 2014

അമ്മത്തെങ്ങ്


തലതെല്ലും കുനിക്കാതെ
താങ്ങൊട്ടും തേടാതെ
എന്റെ ആകാശത്തെ തൊടുന്ന ഒരു പെണ്‍തെങ്ങ്
പറമ്പിലുണ്ട്
വീടിന്റെ വടക്ക്.

ചിന്തയിലേക്ക്  ഓലവീശി നില്‍പ്പാണ്.
നെടുനിശ്വാസത്തിന്റെ ഒറ്റത്തടി.
ഈ തെങ്ങെനിക്കെന്തുതന്നു?
ഓലപ്പന്തും പീപ്പിയും ഓടിക്കളിച്ച മേച്ചില്‍ക്കാലങ്ങള്‍,
കുരുത്തോലക്കിളിയും ഓലപ്പാമ്പും കൂട്ടുകൂടിവിരിയിച്ച വിസ്മയകഥകള്‍
മച്ചിങ്ങവണ്ടിയിലേറ്റി വലിച്ച ജീവിതഭാരങ്ങള്‍,
നാക്കിന്‍ശുചികൂട്ടുമീര്‍ക്കില്‍ പാളിയനുഗ്രഹിച്ച
അഴുക്കുപുരളാത്ത വാക്കുകള്‍ ,
സന്ധ്യാനാമംചൊല്ലി നിമിഷങ്ങള്‍ക്കകം
ദൈവങ്ങളെ പേടിപ്പിച്ചോടിച്ച് പടിക്കലെത്തുമരൂപഭയങ്ങളെ
വീശിപ്പായിക്കും ഓലച്ചൂട്ടിന്‍ തങ്കക്കതിരുകള്‍.

ഇനിയുമുണ്ട് ബാലപാഠങ്ങള്‍.
കിണര്‍ത്തണുപ്പു ചോരാതെ കോരും
പാളത്തൊട്ടിയുടെയരികുകള്‍ മടക്കിക്കോര്‍ക്കാന്‍
തെറ്റും തെറിയും നാറും പല്ലിടകുത്താന്‍
പൂക്കളുടെ നിറവും മണവും
പറങ്കിമാങ്ങകളും കറയും ചമര്‍പ്പും
കാട്ടു ചെടികളുടെ മുത്തുപവിഴങ്ങളും കൊരുക്കാന്‍
വറ്റും വറുതിയും കോരും പ്ലാവിലകുമ്പിളു കോര്‍ക്കാന്‍ 
പിന്നെ,കുത്തി നോവിക്കാനും പഠിപ്പിച്ച ഈര്‍ക്കില്‍മൂര്‍ച്ചകള്‍.
ചിരട്ടയില്‍ ചുട്ട മണ്ണപ്പം നിവേദിച്ചിട്ടും ദേവകള്‍ കോപിച്ചത്
മുക്കണ്ണുപൊട്ടി ഗംഗ ചോര്‍ന്നൊലിച്ചു അടുപ്പു കെട്ടത്.

അമ്മയാണാദ്യം പറഞ്ഞു തന്നത്
ചകിരി പിരിച്ചാണ് കയറുണ്ടാക്കുന്നതെന്ന്.
കഴുത്തില്‍ കുരുങ്ങി പശുക്കിടാവ് പിടഞ്ഞുതുറിച്ചപ്പോള്‍
മാത്രമേ അതിന്റെ അര്‍ഥം കണ്ടുളളൂ
ശ്വാസം മുട്ടിയതെനിക്കാണന്ന്.
പിന്നെ കയറുകട്ടിലില്‍ പുതപ്പിച്ചു കിടത്തിയ
അമ്മയുടെ കഴുത്തില്‍ അതേ ഓര്‍മയുടെ പാടുകള്‍ .
ശ്വാസം മുട്ടിയതെനിക്കാണെന്നും.

പ്രണയത്തിന്റെ ഇളനീരും സൗഹൃദത്തിന്റെ മധുരക്കള്ളും
എനിക്കാരും തന്നില്ല.
കെട്ടിക്കിടക്കുന്ന വെളളത്തിലെ
അഴുകിയ തൊണ്ടുപോലെ യൗവ്വനം.

എണ്ണ വറ്റിയകണ്ണുകള്‍ ദീപസ്മരണകളോര്‍ത്തെടുക്കുന്ന പോലെ
പാളയില്‍ കിടത്തിക്കുളിപ്പിച്ച നൈര്‍മല്യഭാവങ്ങള്‍
ഓടയില്‍ കിടന്നരിക്കുന്ന പോലെ
നോവുകളുടെ ആരുകള്‍ .
വലതുകാല്‍ വെച്ച് നിറദീപം പിടിച്ചാരും
കയറാത്ത ഈ കൂര ഇനി ആര്‍ക്കു വേണം?
അമ്മയുടെ കുഴിമാടത്തിനു മുകളില്‍ ഞാന്‍ നട്ട ഈ തെങ്ങിനെ
പച്ചമണ്ണിന്റെ ഹാജര്‍ബുക്കില്‍ നിന്നും വെട്ടിയേക്കൂ..





7 comments:

സൗഗന്ധികം said...

തെങ്ങ്‌ ചതിക്കിലെന്നു പറഞ്ഞു കേൾക്കാറുണ്ടെങ്കിലും, നമ്മുടെ ജീവിതത്തോട്‌ അതെത്രമാത്രമുരുമ്മി നിൽക്കുന്നു എന്ന ഈ ഓർമ്മപ്പെടുത്തൽ വേറിട്ട ഒരനുഭവമേകുന്നു. തേങ്ങാച്ചമ്മന്തിയും, തേങ്ങാവെള്ളവും രുചിക്കും മുമ്പേ കോക്കനട്ട്‌ പൗഡറും, കുക്കീസും രുചിച്ചു തുടങ്ങുന്ന പുതുബാല്യങ്ങൾക്ക്‌ മുൻപിൽ, ജീവിതാനുഭവങ്ങളുടെ വേരുകളിലൂന്നി, കവനഭംഗി തൻ ഓലക്കൈകൾ വീശി, ഓർമ്മകളുടെ ഇളനീക്കുടങ്ങളുമേന്തി, തലയുയർത്തിത്തന്നെ നിൽക്കുന്നു ഈ കവിത. വളരെയിഷ്ടം.



ശുഭാശംസകൾ......






drkaladharantp said...

സൗഗന്ധികമുളള വാക്കുകള്‍ക്ക് നന്ദി

കുഞ്ഞൂസ് (Kunjuss) said...

അമ്മത്തെങ്ങ് - നല്ല ചിന്തകൾ കാവ്യമനോഹാരിതയോടെ....

AnuRaj.Ks said...

കവിത നന്നായി...എന്നാലും ഒരു സംശയം തെങ്ങില്‍ ആണും പെണ്ണുമുണ്ടോ.....

Unknown said...

കലാധരന്‍,മധുരക്കള്ളും നിറമുള്ള പ്രണയവും ആരും തന്നില്ലെന്ന നൊന്പരം,വ്യഥകളെ ആറ്റിക്കുറുക്കി പനന്തെങ്ങുപോലെ ഭീകരിണിയായ് നില്‍ക്കുന്ന കാലത്തിനുമേല്‍ നിങ്ങള്‍ ചൊരിയുന്ന പരിഭവങ്ങള്‍,ഇഷ്ടത്തോടെ ചേര്‍ത്തുവെക്കുന്ന അനുഗ്രഹങ്ങളുടെ സമചിത്തമായ അവതരണം,ദുരന്തങ്ങളെ ഉള്ളിലൊതുക്കിയ മൃത്യു സ്മരണ........ഗ്രേറ്റ്

drkaladharantp said...

കരുത്തോലകള്‍ കരിയുമ്പോഴാണ് ജോര്‍ജ് , താങ്കള്‍ പ്രതികരണത്തിലൂടെ അമ്മത്തെങ്ങിനു സ്നേഹസ്പര്‍ശം നല്‍കിയത്. നന്ദി

Preetha Tr said...

"അമ്മയാണാദ്യം പറഞ്ഞു തന്നത്
ചകിരി പിരിച്ചാണ് കയറുണ്ടാക്കുന്നതെന്ന്.
കഴുത്തില്‍ കുരുങ്ങി പശുക്കിടാവ് പിടഞ്ഞുതുറിച്ചപ്പോള്‍
മാത്രമേ അതിന്റെ അര്‍ഥം കണ്ടുളളൂ
ശ്വാസം മുട്ടിയതെനിക്കാണന്ന്.
പിന്നെ കയറുകട്ടിലില്‍ പുതപ്പിച്ചു കിടത്തിയ
അമ്മയുടെ കഴുത്തില്‍ അതേ ഓര്‍മയുടെ പാടുകള്‍ .
ശ്വാസം മുട്ടിയതെനിക്കാണെന്നും."

The words.... the visuals...the penetrating images. Readers feel to witness everything