നിന്റെ
തണ്ണീരില്‍ ദാഹം നിറയുമ്പോള്‍
മാതംഗി,യോര്‍ക്കുന്നുവോ
നിന്റെ കാലം?
ഉറവ
പൊടിയാത്ത നാളുകള്‍,
രാവിന്റെ
-
കറവ
വറ്റാത്ത തൊഴുത്തിലെ കണ്ണുകള്‍.
എങ്കിലും
കിനാവിന്റെ കറ്റ തെറുത്തു
ചുമക്കുവേ
ചുണ്ടിലെന്തേ ചിറകടിച്ചുയരുന്നു?
'അകലെയാകാശത്തസ്തമിക്കും
സൂര്യനൊരുനാളാ
മലമ്പാതയില്‍
തെല്ലു സന്ദേഹക്കാല്‍വെച്ചു
നില്കാം.
അല്ലെങ്കിലുദയകിരണത്തോടൊപ്പം
വന്നു
ഈ
മണ്‍കുടില്‍വാതിലില്‍
മുട്ടിവിളിക്കാം.
രാവിന്
ദുഖമകറ്റും വെളിച്ചം വെളിച്ചം.”
നിന്റെ
കൈക്കുമ്പിളില്‍ ദാഹം
നിറയുമ്പോള്‍
ആനന്ദ,
ഓര്‍ക്കുന്നുവോ
നിന്റെ കാലം?
നിറമിഴിജലഘടികാരം?
അമ്പിളിമാമനെക്കാട്ടിക്കൊതിപ്പീച്ചൂട്ടാനുറക്കാ
നോടിക്കളിക്കുവാന്‍,
ആനകേറാമലയിലാരും
കാണാതെ
പൂക്കളിറുക്കുവാന്‍
കാക്കയോ
പൂച്ചയോ പൂവാലനണ്ണാറക്കണ്ണനോ
പൂവോ
പൊരുളോ ശരണഗന്ധമായാരുമൊന്നുമില്ലെങ്കിലും
കൂട്ടിനുണ്ടുളളില്‍
കൂരമ്പു കുത്തുമൊരു പേര്!
ആനന്ദനിവനെന്ന
സങ്കടസത്യം.
പ്രാണന്
പൊളളിക്കരയും ചുണ്ടിലമ്മപ്പൊരുളായേതോ
കിണര്‍വെളളം
തുണിമുലഞെട്ടായൂറിനനവായ്.
ദാഹമല്ലോ
ദുഖം,
ദുഖമല്ലോ
ദാഹമെന്നറിഞ്ഞവന്‍
നിന്റെ
തണ്ണീരില്‍ ദാഹം കുളിരുമ്പോള്‍
മാതംഗി,യോര്‍ക്കുന്നുവോ
നിന്റെ കാലം?
കയറില്‍
തൂങ്ങിത്തുടിച്ചുലയും
പാളപോലെത്രനാളീ-
ക്കിണറിന്
തൊടികളെണ്ണിക്കഴിയുമെന്നോര്‍ത്തതും
കാട്ടുപൂവിന്നിതള്‍
വിടര്‍ത്തി മധുഗന്ധം മാരുതി
വാരിവിതറുംപോലെ
പോകണം,
പാറണം
സീമന്തരാശിയിലെന്നാശിച്ചതും...
ആശയല്ലോ
ദുഖം ദുഖമെന്നറിഞ്ഞവള്‍
മാതംഗി.
നിന്റെ
കൈക്കുമ്പിളില്‍ ദാഹം
നിറയുമ്പോള്‍
ആനന്ദ,
ഓര്‍ക്കുന്നുവോ
നിന്റെ പില്കാലം?
കൈലാസശിരസിലുമയര്‍ച്ചിച്ച
പൂവിലും
ഗംഗാമാറ്‍ത്തടമാറ്‍ദ്ദവച്ചൂടിലും
പുക്കിള്‍ച്ചുഴിയിലും
പൂങ്കാവനത്തിന്റെ പുല്ലാങ്കുഴലിലും
പ്രജ്ഞയും
പൊരുളും ജ്ഞാനമാര്‍ഗവും തേടി
പാദം പഴുത്തതും
ആസക്തിയാല്‍മരമായി
വളര്‍ന്ന കൊമ്പിലനാസക്തി
തലകീഴിട്ടുലകം
വെല്ലും തപംചെയ്തു ബോധം
മറഞ്ഞതും...
ഉണര്‍വിന്‍കാറ്റിലാലിലകളിളകുന്നൂ,
കാതിലകളിലാരോ
മന്ത്രിക്കുന്നു :-
"കൈക്കുമ്പിള്‍
നീട്ടി മൊത്തിക്കുടിക്കുക
പൈതലിന്
ദുഖം പൈദാഹദുഖം,
പെണ്ണിന്റെ
ദുഖം പെണ്ണെന്ന ദൂഖം.
മണ്ണിന്റെ
മര്‍ത്ത്യന്റെ ദുഖം കുടിച്ചു
ക്ഷയിച്ചു
ലോകാന്ദപൂര്‍ണിമായി
വളരുക ശരണമായിത്തീരുക..”
നീരൊഴിച്ചു
മനം നിറയ്ക്കുമ്പോളിടക്കു
മുറിഞ്ഞതെ
ന്തെന്നറിയാന്‍
മുഖമുയര്‍ത്തുമവനിലേക്കൊഴുകുന്നൂ
നിറജലം
കവിയും പോലവള്‍..
"മാതംഗി
ഞാന്‍,
പാഴ്വാക്കാമെങ്കിലും
ചോദിക്കട്ടെ,
ഈ
കിണറാണെന്‍ ലോകം.
അവിവേകമെങ്കില്‍
പൊറുക്കുക നിലാവേ..
പൊരുളഴിച്ചു
തരുമോ,
ഉള്ദാഹം
ശമിപ്പിക്കുമോ?
പാതാളത്തോളം
താഴ്നും നീരു ചുരത്തുമീ
കിണറും
പിന്നീ കയറും പാളയും കോരിപ്പകരുമീ
ഞാനുമെന്തെന്നു
ചൊല്ലൂ?
സൂര്യനൊപ്പം
നടന്നവന്
നീ
ലേകസഞ്ചാരി,
കുന്നുകള്‍
കണ്ടോന്
ഉറവയുടെ
കാരുണ്യം തേടി ദാഹിച്ചവന്.....
പൊരുളൊഴിച്ചു
തരിക നീ..
കൈക്കുമ്പിള്‍
നീട്ടുന്നൂ മാതംഗി മുന്നില്‍.
കോരിയതൊക്കെയും
ചോര്‍ന്നു പോയെന്നോ?
എന്താണ്
കിണര്‍?
എന്താണിവള്‍?
ദാഹിയാം
പുരുഷന്റെ ദാഹമോ?
കടലിന്
കൊതികള് കുടത്തിലൊതുക്കും
പാഴ്ജന്മമോ?
ആരു
നീ?...
ആരു
നീ?ചോദ്യം
തിരിഞ്ഞു ചോദിക്കുന്നു!
കിണറിനെയറിയാത്തവന്‍
കയറായ്
പിരഞ്ഞു മുറുകാത്തവന്‍
പാളയായുളളില്‍
സ്നേഹം കോരാത്തവന്‍
തുളുമ്പി
കവിയാത്തവന്‍
ആനന്ദനവനെ
ജ്ഞാനസ്ഫടികജല-
ക്കുമ്പിളില്‍ത്തിരയുന്നു.
മന്ദഹസിക്കുന്നൂ
മാതംഗി …
പൂക്കള്‍
ചൂടും ശിരസില്‍
വാക്കു
പൂക്കും വസന്തം
വാക്കു
ചൂടും മനസ്സില്‍
കാടു
പൂക്കും സുഗന്ധം
4 comments:
കൃപാരസ മോഹനം കാവ്യമിതിനാൽ
ദാഹം ശമിച്ചു.ശരിക്കും..
നന്ദി....
ശുഭാശംസകൾ....
കൊള്ളാം... ഭാവുകങ്ങള്‍..
തെളി തണ്ണീര്കുടിച്ച അനുഭവം...ആശംസകള്‍
കവിതയുടെ ആനന്ദ പൂര്‍ണ്ണിമ .വാക്ക് കാടായി പൂത്ത സുഗന്ധം.മാതംഗി എന്ന പൊരുളിനെ അറിയാന്‍ ആനന്ദന്റെ ഭിക്ഷു മാര്‍ഗം പോര.നീര് പകരുംപോഴും അത് സ്വീകരിക്കുമ്പോഴും എന്താവാം അവര്‍ ഇരുപേര്‍ ചിന്തിച്ചത്?ഓരോ ജന്മവും അതിന്റെ ആയുസ്സ് ആരോ നിശ്ചയിച്ച പടി നീക്കുന്നു .ആത്മ ദാഹങ്ങളുടെ വറ്റാത്ത ഉറവകള്‍ .സംഘാനുയായികള്‍ .കോരിയതൊക്കെയും ചോര്‍ന്നു പോകാതെ കിണര്‍ ക്കരയില്‍ കാത്തിരിപ്പാണ് അവള് .കാണാം ,സ്നേഹത്തിന് ധാരയിലേക്ക് നടന്നടുക്കുന്ന ആനന്ദനെ.
Post a Comment