ഒരു
പുസ്തകം വായിച്ചു
അവതാരികയില്‍
ത്രികാലങ്ങളുടെ രക്തപ്രവാഹത്തെക്കുറിച്ച്
പറയുന്നു.
ഒന്നാമത്തെ
കവിത- സങ്കടവസന്തം.
അതു
വിവരണാതീതമായപ്രണയഭാവം
കൊണ്ടു നിറഞ്ഞതും കാട്ടുപൂങ്കുലകളുടെ
സൗരഭ്യം ചൊരിയുന്നതുമായിരുന്നു..
അടുത്തത്
പൗര്‍ണമിരാവിന്റെ കടല്‍.
തീരം
വിജനമാകുമ്പോള് തിരകളുടെ
ഞൊറിവുകളില്‍ നിലാവിന്റെ
ഇളം കാറ്റ് കാണിച്ചതിനപ്പുറം
ഉടലിലിളകിയ തിരകളെക്കുറിച്ച്
അഗാധതയില്‍ നിന്നെടുത്ത
വാക്കുകളടുക്കി വെച്ചെഴുതിയ
ആ കവിത ഞാന്‍ രണ്ടു തവണ
വായിച്ചു .ചില
ബിംബങ്ങള്‍ വേഗം അയഞ്ഞു
തന്നില്ല. അവളെ
വായിച്ചെടുക്കാന്‍
പ്രയാസപ്പെടുമെന്നു
കവിതയിലെഴുതിയതിനു സമാനമായ
സുഖാവസ്ഥയായിരുന്നു അത്.
മാതംഗി
കിണര്‍ക്കരയിലുണ്ടിപ്പോഴും
എന്ന കവിത മൂന്നാമതല്ല ഒന്നാമതു
കൊടുക്കേണ്ടതു തന്നെ.
ആശാന്റെ
കഥാപാത്രങ്ങളെല്ലാം
കിണര്‍ക്കരയിലെത്തി പ്രണയാനുഭവം
പങ്കിടുകയാണ്. ഏതു
പ്രണയമാണുത്തുംഗം?
മഹാസമുദ്രങ്ങള്‍
തടവിലിട്ട പ്രണയദ്വീപിലെ
അശോകവനിയില്‍ നിത്യം വന്നു
കണ്‍നിറഞ്ഞുകണ്ടൊന്നുമേ
അവശ്യപ്പെടാതെ ഒരു താമരപ്പൂവു
നിവേദിച്ചു മടങ്ങുന്ന
മഹാമൗനമായിരുന്നു ആദ്യത്തെ
എട്ടു വരികളില്‍ മയില്‍പ്പേട
പോലെ വിരിഞ്ഞാടിയത്.
ശരണമന്ത്രങ്ങള്‍
ദാഹം ശമിപ്പിക്കാത്ത
താപസയൗവ്വനത്തിന്റെഹൃദയത്തിന്‍
ഉള്‍ക്കനലുകളില്‍
പ്രണയക്കുളിര്‍തണ്ണീരായി
തുളുമ്പിയവളെ മൊത്തിക്കുടിക്കുന്ന
ഓര്‍മകളുടെ ഉറവകള്‍ വറ്റാത്ത
കിണര്‍..വളരെ
തീവ്രമായ, പൊന്നു
കാച്ചിയ സ്നേഹം വ്യക്തമാക്കാന്‍
ഭാഷയപൂര്‍ണമാകുന്നില്ലിവിടെ.
ഇത്തരം
ഒരു പുസ്തകം ജീവിതത്തില്‍
ഇതേ വരെ വായിച്ചിട്ടില്ലാത്തതു
കൊണ്ടാകും എനിക്കത്യന്തം
സംതൃപ്തി തോന്നുകയും ഒരു
കവിത പുസ്തകത്തിന്റെ അവസാന
പേജില്‍ എനിക്കായി ഒഴിച്ചിട്ടതെന്നു
കരുതാവുന്നിടത്ത്
എഴുതിച്ചേര്‍ക്കുകയും
ചെയ്തു.അത്ഭുതമെന്നു
പറയട്ടെ അതു പൂര്‍ത്തിയായപ്പോള്‍
ഓരോ വരിയും പറന്നുയര്‍ന്ന്
മറ്റു കവിതകളുടെ
ചില്ലകളുടെയിടയിലെവിടെയൊക്കെയോ
ചേക്കേറി. പലതവണ
ശ്രമിച്ചിട്ടും അവയെ
വേര്‍തിരിച്ചെടുക്കാനായില്ല.
രക്തത്തില്‍ നിന്നും
പ്രണയത്തിന്റെചുവപ്പ്
വേര്‍തിരിക്കുന്ന പോലെ
ക്ലേശകരവും അസാധ്യവുമായിരുന്നു
ആ യത്നം.
ഈ
പുസ്കകത്തിന്റെ മാര്‍ബിള്‍
നിറസ്പര്‍ശമുളള പുറംചട്ട
ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്
അതില്‍
ഇപ്രകാരം എഴുതിയിരിക്കുന്നു
ഒരു
വായനക്കാരനു വേണ്ടി മാത്രം
രചിക്കപ്പെട്ട ലോകത്തിലെ
ആദ്യത്തെ കാവ്യസമാഹാരം!
1 comment:
സങ്കട വസന്തങ്ങള്‍ കാത്തു വയ്ക്കുന്ന പ്രണയ പുസ്തകം ആദ്യം തുറന്നപ്പോള്‍ ഉള്ളില്‍ നിന്നും കുടഞ്ഞു വീണത് ഒരു വന സുഗന്ധം.വെയില് മരങ്ങള്‍ ചാഞ്ഞ വനപാതകള്‍,കണ്ണീരിന് കൈ വഴികളായി തടാകങ്ങള്‍ അവളുടെ കണ്ണുകളെ സൂക്ഷിക്കുന്നു . ഹൃദയം തുടിക്കുന്നത് പരസ്പരം അറിയാന്‍ ഒരു പ്രണയ ദൂരം പകുത്താല്‍ മതി എന്നത് എത്ര സത്യം ,ഈ ഒറ്റപ്പുസ്തക വായാനാനുഭവം നല്കുന്ന അതെ തീവ്രത.മേഘങ്ങളിലെക് കയ്യെത്തിക്കുന്ന കാറ്റാടി മരങ്ങള്‍ മറച്ചു വച്ച അസ്തമയ സൂര്യന് ..ആഗ്രഹങ്ങളുടെ താമരപ്പൂവുകള്‍ മനസ്സിലേക്ക് വിടര്ത്തുന്നോളെ ആരും കാണരുതെന്ന് ആഗ്രഹിക്കുന്നു .ഒരു രാവിന് വിരഹം മാത്രം .പ്രണയം എന്നാല്‍ എന്താണ് ?എല്ലാം ഭേദിക്കുന്ന ഒരു നിലവിളിപോലെ അത് ചിലപ്പോഴൊക്കെ സ്വയം മരിക്കുന്നു . വീണ്ടും പ്രാണ ബിംബങ്ങളായി എഴുതിയാലും തീരാത്ത ഒന്നായി ഒടുവിലെ പേജില്‍ നിറയുന്നു .അവനായി വായിക്കപ്പെടാന്‍ അങ്ങനെ കാത്തു കിടക്കുന്നത് എത്ര ആനന്ദം ,
Post a Comment