Monday, December 31, 2012

ഇതിലേതല്ലെന്‍ സന്ദേശക്കുറി?

1.
മറക്കരുത് -
തനിച്ചു നനഞ്ഞ ദിനങ്ങളുടെ നിലവിളികള്‍.
അന്ന്...
പക്ഷികള്‍ ചിറകിനെ ഭയന്നിരുന്നു 
നക്ഷത്രങ്ങളുടെ നാലുകെട്ടില്‍ കുറുനരി മേഘങ്ങള്‍
കടിച്ചു കീറിയിട്ട നിലാവിന്റെ കണ്ണും കവിളും.
കാറ്റിന്റെ രഥം മേഘശാഖയിലുടക്കി വീണു.
അപ്പോള്‍ ....
രക്തം കൊണ്ടു മുടികഴുകികെട്ടാനാഗ്രഹിച്ച ഒരു പെണ്ണിന്റെ 
വിലാപം  ദിക്കുകളെ പ്രഹരിച്ചു.
പ്രതിയാരെന്നും പ്രതിജ്ഞയെന്തെന്നും മറക്കരുത്.


2.
ഓര്‍മയുണ്ടോ?
പുതുവര്‍ഷത്തിന്റെ തലേന്ന്
കൈകുമ്പിളില്‍ നിന്നും അടര്‍ന്നു വീണ
തുളളി വിരിഞ്ഞു തൂവെളിച്ചമായത്?
കണ്‍പീലിത്തന്ത്രികളില്‍ വെളിച്ചം
നേര്‍ത്ത വിരലുകള്‍ തൊട്ടപ്പോള്‍
പുലരിയുടെ കവിള്‍ തുടുത്തത്?

3.

വര്‍ഷാന്ത്യക്കുറിപ്പുകളില്‍ കാലം ഇങ്ങനെ കുറുകി.
    ' പുലരിയില്‍ കാടകച്ചോലയിലെ തെളിവെളിച്ചം
     പകല്‍മധ്യത്തില്‍ ആകാശനീലയുടുത്ത സ്വപ്നസഞ്ചാരം.
       മൂവന്തിയില്‍ നേരിന്റെ ദീപക്കാഴ്ചയായി സാന്നിധ്യം
     രാമൂര്‍ധന്യത്തിലെ  നിലാവിന്റെ തിരയിളക്കം.'
                       
ആഴത്തിലെ മരതകമത്സ്യങ്ങള്‍ക്കൊപ്പം 
അയഞ്ഞു നീന്തിയ കൃഷ്ണമണികള്‍ 
ജലാശയത്തോടു കടം ചോദിച്ച ആന്തരികസൗന്ദര്യം
ഏതു നേരമാണ് നിനക്കാശംസിക്കുക
ഇന്നല്ലാതെ ?




5 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

"പുതുവത്സരശംസകള്‍"

AnuRaj.Ks said...

കവിത ഒന്നും മനസ്സിലായില്ല....പുതുവത്സരാശംസകള്

drkaladharantp said...

നന്നായി അനൂ..

സൗഗന്ധികം said...

ശുഭാശംസകൾ...

ബിന്ദു .വി എസ് said...

ഓര്‍മ്മയുണ്ട്

കടലില്‍ പൂവാകകള്‍ പൂത്തു നിറഞ്ഞത്‌
തിരയിളക്കങ്ങളില്‍ കണ്ണാടികള്‍ ഉടഞ്ഞു ചിതറിയത്
ഒരു തുള്ളി ജലത്തില്‍ കാടകം ബിംബിച്ചത്
ഓര്‍മ്മയുണ്ട്
പ്രാണ സങ്കടങ്ങളില്‍ മഴയും മുറിവുമായി അടയാള പ്പെട്ടത്..
സന്ദേശങ്ങളുടെ ഭൂമി ക്കാഴ്ചകള്‍.
സന്ദേശ ങ്ങളുടെ പ്രണയ യാത്രകള്‍