Thursday, December 20, 2012

ഭൂമിയിലെ അവസാനനാളുകള്‍


കാല്‍വിരലുകളില്‍ നിന്നുംപച്ചമണ്ണിന്‌‍ ഗന്ധം
ഈയാം പാറ്റകള്‍ പോലെ പറന്നുയരുന്നു.
ജനാലയഴികള്‍ക്കപ്പുറം ഇരുളുകുടഞ്ഞുകളയുന്നയിലകള്‍.
പച്ചയുടെ ഇളംതൂവലുകള്‍ വിരിയുന്നു.
കിടക്കയിലേക്കു കാപ്പിപ്പൂക്കളുടെ പ്രഭാതസുഗന്ധം.
ഓര്‍മ്മപ്പുതപ്പിനുളളില്‍ മഴ ചാറി
ചേമ്പിലക്കുമ്പിളില്‍ മുത്തുകള്‍ എണ്ണിത്തെറ്റി.

മണ്ണ് -മണ്ണപ്പം-കര്‍പ്പൂരമാന്തണല്‍ ,കണ്ണു പൊത്തി-
യെണ്ണി,യൊളിച്ചപെണ്ണിനെ പാക്കാനെടുത്തതും....
മണ്ണാങ്കട്ട-കരിയില-കാശി,
യാത്രക്കൂട്ടു വന്ന മഴയെ ആട്ടിയോടിച്ചതും
വഴികാട്ടാന്‍ വന്ന പൂങ്കാറ്റിനെ കല്ലെറിഞ്ഞതും
തെറ്റാലിക്കല്ലു തിരിച്ചു വന്നതും
മണ്ണിടിഞ്ഞതും വഴിവഴുക്കിയതും
ഉണ്ണാനിരുന്നപ്പോള്‍ കഥയില്‍ കല്ലുകടിച്ചതും.....
പശുക്കിടാവ് നറുനീണ്ടിത്തലപ്പില്‍ കടിച്ചു നാവുനീലിച്ചതും
മണ്ണാത്തിക്കിളികള്‍ വായ് പൊത്തിയതും
പുല്ലരിഞ്ഞപ്പോള്‍ മഞ്ഞച്ചേര മുറിഞ്ഞതും
അതെ,അവസാനനാളില്‍ ഒത്തിരി പ്രമാണങ്ങള്‍
പേരില്‍കൂട്ടാതെ കിടക്കുന്നു.
പിടിമുറ്റാത്ത പെരുമരത്തിന്റെ വാക്കിനു
പരുക്കന്‍ സ്പര്‍ശമെന്നു പരാതി.

ഒറ്റക്കുടയില്‍ ഇടവഴിയിലെ മഴയില്‍
ഒപ്പം കൂടിയ നനവിന്റെ കൈത്തണ്ട
ചുമലിലൂടെ അരക്കെട്ടിലോക്കൊഴുകിയതും
ഇടിവെട്ടിയതും.
കുടയെവിടെ?
മഴയെവിടെ?

ഇന്നു ലോകം അവസാനിക്കുകയാണ്
ഞാന്‍ നിന്നിലും നീയെന്നിലും
ബാക്കിയുണ്ടാകുമെങ്കിലും
കടലും തിരയും തൊട്ടുരിയാടാതെയിരിക്കുമെങ്കില്‍
കാട്ടുപുല്‍ത്തടത്തില്‍ മേഞ്ഞ മഞ്ഞു വേട്ടയാടപ്പെടുമെങ്കില്‍
സന്ധ്യയുടെ കൂട്ടില്‍നിന്നും നക്ഷ‍ത്രരാവു ചിറകുവിരിക്കുകില്ലെങ്കില്‍
രാവിന്റെ നെഞ്ചില്‍ നിലാവു ഗന്ധര്‍വമുദ്ര ചാര്‍ത്തുകില്ലെങ്കില്‍
പ്രണയപര്‍വതങ്ങള്‍ മരുഭൂമിയോടു തോല്കുമെങ്കില്‍
നമ്മള്‍ ബാക്കിയാകുന്നതെന്തിന്?

എങ്കിലും ഭൂമിയിലെ അവസാന നാളുകള്‍
ഒന്നു ബാക്കി വെക്കാതിരിക്കില്ല-
ബോധിവൃക്ഷശിരസ്സിലെ ഒരില പ്രളയജലത്തിനും മേല്‍
ഗഗനനെറുകയിലേക്കു ഞെട്ടുയര്‍ത്തി നില്‍ക്കും
അതിന്റെ ഞരമ്പുകളില്‍ തുടിക്കുന്ന വാക്കായി
ഞാന്‍ നിന്നെ എഴുതിയിട്ടുണ്ടാകും.











3 comments:

സൗഗന്ധികം said...

പ്രളയത്തിനും മീതേ പറക്കുന്നു പ്രണയം...!!

ശുഭാശംസകൾ.....

ബിന്ദു .വി എസ് said...

യാത്രക്കൂട്ടു വന്ന മഴയെ .ആട്ടി യോടിച്ചതും
പൂങ്കാറ്റിനെ കല്ലെറിഞ്ഞതും
മഴയും കുടയുമില്ലാതെ ....പകച്ചു നിന്നതും
ഈ കവിതയുടെ പങ്കാളികള്‍ .
എങ്കിലും
പ്രണയ നിര്‍വ്വാണ ത്തില്‍ ബുദ്ധന്‍ ഉപേക്ഷിച്ച നഗര ലീലകള്‍

പ്രളയ സ്വാന്ത്വനം .കവിതയുടെ പെരുമരത്തിനു പരുക്കന്‍ വാക്കുകള്‍ എത്ര ഭംഗി .

AnuRaj.Ks said...

തുടക്കം വളരെ നന്നായി...സ്നിഗ്ധമായ ബാല്യകാല സ്മരണകള്