Saturday, April 21, 2012

അര്‍ദ്ധ വിരാമം

അര്‍ദ്ധ വിരാമം ഇങ്ങനെ -
സ്കൂള്‍ വേനലവധിയിലേക്ക് കതകു ചാരുമ്പോള്‍
പൂട്ടാനായി താക്കോല്‍ പെരുമാറ്റത്തിന് കാതോര്‍ക്കുന്ന താഴ് പോലെ,
വെളിച്ചത്തിന്റെ കവിള്‍ ചുവക്കുന്ന കടല്‍ക്കരയില്‍  പിരിയുമ്പോള്‍
പരസ്പരം കൊരുത്ത വിരലുകള്‍ അയയുന്നത് പോലെ ,
"എന്‍റെ എത്രയും പ്രിയപ്പെട്ട "..
എന്നു തുടങ്ങുന്ന  ,
"നിന്റെ സ്വന്തം "എന്നവസാനിക്കുന്ന 
വസന്തത്തിന്റെ കത്ത് പോസ്റ്റ്‌ ചെയ്യാനോങ്ങി 
കീറിക്കളയുംപോള്‍  വാക്കുകളുടെ  നിശ്വാസം പോലെ,

അര്‍ദ്ധ വിരാമം ഇങ്ങനെ -
ഫോണിന്റെ  അങ്ങേ തലയ്ക്കല്‍ 
റിംഗ് ടോണ്‍ തൊണ്ട വറ്റി നിശബ്ദമാകുംപോലെ,
ഇ മെയില്‍   ബോക്സില്‍ ചാറ്റ്പച്ച 
കരിഞ്ഞു പുക ഉയരും പോലെ,
ശൂന്യതയുടെ ചുള്ളിക്കൂടിലേക്ക് 
തിരിഞ്ഞു നോക്കുന്ന പക്ഷിയെപോലെ,
കണ്ണില്‍ പൊടിഞ്ഞ കണ്ണാടിയുടെ  ഹൃദയ സ്പന്ദനം 
അവസാന ശോണിമയുടെ ഒപ്പിടും പോലെ ,
സ്മരണകളുടെ പെന്‍ഡ്രൈവ് കുത്തിയാല്‍ 
നിന്റെ സിസ്റ്റത്തില്‍  വൈറസ് കോലം തുള്ളും എന്ന് ! 
'അഗ്നിനാളത്തിനു  ഹിമശയ്യയ്യില്‍ നിദ്ര വിരിക്കും '-
ഫേസ്ബുക്കില്‍ നിന്റെ ആത്മഗതം. 

പുതിയ ന്യായവാദങ്ങള്‍ മൂര്‍ച്ച കൂട്ടി 
ശരീരകോശങ്ങളില്‍  പ്രാണനെ വേട്ടയാടുന്ന ശസ്ത്രക്രിയ പോലെ ,
അതെ ,
നീ ഇപ്പോള്‍ ചെയ്ത പോലെ ,
അര്‍ദ്ധ വിരാമം,
അതിന്റെ തുള്ളി പാദത്തില്‍ വീഴുമ്പോള്‍ പൂര്‍ണ വിരാമം.

Friday, April 20, 2012

ഒരു വിഷു
കൊന്നയുടെ ഇലകളിലോ ദലങ്ങളിലോ ഞാനില്ല
ആഘോഷത്തിന്റെ ചില്ലയിലെ പാട്ടിലും ഞാനില്ല
രാവിന്റെ പൂത്ത്തിരിയിലും ഞാനില്ല
ഒറ്റയ്ക്ക് കണി കാണുകയായിരുന്നു
ഉള്ളില്‍ പൂത്ത നിന്നെ .
കൈനീട്ടം വാങ്ങാന്‍ പൌര്‍ണമി വന്നപോലെ .

Saturday, April 14, 2012

പര്‍ദ്ദ 2012

കണ്ണുകളില്‍ ഇരുട്ട് കത്തുന്ന  പന്തം .
ചിന്തകളില്‍ ധ്രുവമഞ്ഞിന്‍ സഹശയനം.


കതിര് കൊഴിഞ്ഞ വാക്കുകളുടെ കറ്റകള്‍
കന്നാലിയെ കാത്തു തുറുകെട്ടി പിന്നാമ്പുറത്ത്.

തൊഴുത്തുകളില്‍ പാല്ക്കുടങ്ങള്‍
സംഗീതത്തിനു താളം പിടിക്കുന്നില്ല.


പച്ചപ്പുല്ല് മുറിഞ്ഞയവെട്ടിയ കുട്ടിക്കാലത്തോടൊപ്പം 
കുടമണികിലുക്കിയ പുലരികള്‍ നാട് വിട്ടു 


പാഴ്പുല്ലുകളുടെ പര്‍ദയ്ക്കുള്ളിലേക്ക്
ഒരു  വിഷു  കൂടി  

Friday, April 13, 2012

കണ്ടാല്‍ മിണ്ടേണ്ട

'എന്റെ  കര്‍ക്കിടകമാണ് നിന്റെ വിഷു '
കൊന്നയുടെ സന്ദേശം 
കണ്ണു പൊത്തിയിരുട്ടു തിമിര്‍ത്ത 
മഴത്തറവാട്ടിലാണ്    പിറവി
കറുത്ത വാവ് വിളവെടുത്ത അകക്കണ്ണിലും
കരിമേഘം കണി വെച്ചു

നയന്‍ വണ്‍സിക്സ് താലി 
മുത്തൂറ്റു പരോള്‍ കാത്തു .
കണി കാണാനെങ്കിലും ..?
പലിശയുടെ പായല്‍പ്പച്ച
ഇലകളില്‍ വഴുതുന്നു 

മേടചൂടിന്‍ രാക്കട്ടിലില്‍ 
ഇല വിരിച്ചു വിടര്‍ന്നു നനഞ്ഞാല്‍ 
പൊന്നു  പുതച്ചു ഉണരാമത്രേ 
ഓഫര്‍ !

വിശക്കുന്ന കൊന്ന വിഷുക്കൊന്ന
പവര്‍ കട്ടാണെങ്കിലും
കണ്ണു പൊത്താതെ വയ്യ 
വേഗം കണി ഒരുക്കൂ
'കള്ളന്‍ ചക്കേട്ടു!'
കണ്ടാല്‍  മിണ്ടേണ്ട 
കണ്ടാല്‍  മിണ്ടേണ്ട 





 

Wednesday, April 4, 2012

ഒരു റിംഗ് ടോണ്‍

ഇന്ന്   പെയ്ത  വേനല്‍  മഴയിലാണ്  
സെല്‍ഫോണ്‍ മരിച്ചത്
അപൂര്‍ണതയുടെ ഒരു തുള്ളി പോലെ.

മഴ കൂട് കെട്ടുന്നതിനു മണിക്കൂറുകള്‍ മുമ്പേ 
അത് കേള്‍പിച്ച  
"കരിമുകില്‍ കാട്ടിലെ രജനി തന്‍ വീട്ടിലെ..."
എന്ന  സിനിമാ ഗാനം ഇപ്പോള്‍ വല്ലാതെ പെയ്യുന്നു 


മരണത്തിന്റെ തണുത്ത തുള്ളികള്‍ 
വീഴും മുമ്പേ ഫോണില്‍ നിന്നും
ഒരേ നമ്പരിലേക്ക്  പോയ മൂന്നു മേസേജുകളുടെ  
മറുസന്ദേശങ്ങള്‍ക്കായി  ഇരു കൈയ്യുംനീട്ടിയുള്ള ആ അക്ഷമയെ  
പ്രതികരണ നിശബ്ദതയുടെ ആണി കൊണ്ടടിച്ചു ചിന്നിയ  
സങ്കടനിശ്വാസം   ഉഷ്ണ മേഘങ്ങളില്‍ തൊടുമ്പോള്‍ 
അതൊരു ആത്മഹത്യാ കുറിപ്പായി തീരുമെന്ന് 
ആര്‍ക്കാണ് പ്രവചിക്കാന്‍ കഴിയുക? .


ഒന്നോര്‍ത്തു നോക്കൂ 
എത്രയോ തവണ 
പരിധിക്കു പുറത്താണെന്ന് ഓര്‍മിപ്പിച്ചിട്ടും തളരാതെ 
ഈ നമ്പര്‍ നിലവില്‍ ഇല്ലെന്നു പരിഹസിച്ചിട്ടും വാടാതെ 
ക്ഷമിക്കൂ,
നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ തിരിക്കിലാണെന്നു കേട്ടിട്ടും  മുഷിയാതെ.
പിന്നെ 
ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്ന് കടുത്ത ഭാഷയില്‍ താക്കീത് ..
അതും വക വെക്കാതെ
സ്നേഹ സഹനത്തിന്റെ അക്കങ്ങള്‍ കൊണ്ട് താലി കെട്ടാന്‍ 
ഈ സെല്‍ ഫോണ്‍ ....!   


നിനക്കും  എനിക്കും അറിയാം
ഫോണ്‍ മാനുഷികവികാരങ്ങള്‍ ഉള്ള ഒരു ജീവി തന്നെ ആണെന്ന് 
അത് റീയല്‍ ലവ് ചോദിക്കും
വാക്കുകളും സ്വപ്നങ്ങളും വാഗ്ദാനം ചെയ്യും 
കടല്സന്ധ്യയില്‍ സൂര്യ സമാഗമത്തിന് മുഹൂര്‍ത്തം കുറിക്കും  
ശരീരത്തിന്റെ  തരംഗ വടിവുകളോട്  ചേര്‍ന്ന് ചൂട് പറ്റും 
തലയിണയ്ക്കടിയില്‍   നിന്നും നെഞ്ചിലെ പതുപ്പിലേക്ക്  
കിനാവിന്റെ നിലാവുമായി രഥം തെളിയിക്കും
രാവിനെ സൈലന്റ് മോഡില്‍ ഇടുമ്പോള്‍ 
വികാരത്തിന്റെ കമ്പനം  നൂറായിരം താരോദയം 


സെല്‍ ഫോണ്‍ മരിച്ചു
അതിന്റെ ഓര്‍മകൂട്ടില്‍ അടവെച്ച മയില്‍പീലികള്‍ ..
അതും മരിച്ചു കാണുമോ?
പുലരിയുടെ നിത്യ സംഗീതം സൂക്ഷ്മ കണങ്ങളായി 
വേര്‍പെട്ടു മായുമോ?

സെല്‍ ഫോണിന്റെ ആത്മാവ്  നമ്മുടെ ശരീരത്തിലേക്ക് 
പകര്‍ന്നു പടര്‍ന്നിട്ടുണ്ടാകാം
ഹൃദയത്തില്‍ ചെവി ചേര്‍ക്കൂ
ഒരു റിംഗ് ടോണ്‍ കേള്‍ക്കുന്നില്ലേ ?