Tuesday, July 21, 2015

മരിച്ചവരോട് എനിക്ക് സംസാരിക്കാനറിയാംമരിച്ചവരോട് എനിക്ക് സംസാരിക്കാനറിയാം
വിഷാദഭാഷാഗോത്രത്തില്‍ പെട്ട അവരോട്
തീര്‍ത്തും ഒറ്റപ്പെട്ടുപോകുന്ന സമയങ്ങളില്‍ മാത്രമേ
എനിക്ക് സംസാരിക്കാനായിട്ടുളളൂ

എങ്ങനെ തുടങ്ങണമെന്നു ആലോചിക്കുമ്പോഴേക്കും
നീണ്ടു മെലിഞ്ഞ കൈവിരലുകള്‍ ശരീരത്തിലൂടെ വാക്കുകള്‍ പരതും
ഹൃദയത്തിന്റെ അകവും പുറവും തൊട്ടുഴിയും
ഓരോ കോശവും ഭൂതകാലം ഘനീഭവിച്ച ശബ്ദത്തെ തിരിച്ചറിയും.
അദൃശ്യമായ മനസിന്റെ ആശ്ലേഷാനുഭവം
അണഞ്ഞുപോയ മെഴുതിരി ഉണര്‍ന്നു കത്തും

ചിന്തകള്‍ വാക്കുകളിലേക്ക് വിരിയുംമുമ്പേ
അവരതു പിടിച്ചെടുത്ത് മഞ്ഞപ്രകാശമാക്കും.
ഇഞ്ചക്ഷന്‍ സൂചിയുടെ സ്പര്‍ശനം പോലെയല്ലെങ്കിലും
ശബ്ദരഹിത സംസാരത്തിന് നോവിന്റെ മധുരമുനയുണ്ടാകും.

വര്‍ത്തമാന കാലത്തെക്കുറിച്ച് അവരൊന്നും ഉര്യാടില്ല
ഭൂതകാലത്തെ ജെ സി ബി കൊണ്ട് ഇളക്കിമറിച്ചിടും
അതിന്റെ അടരുകളില്‍ വിത്തുകള്‍ പാകിക്കും
നാം  വിത്തിനകത്താവുകയും വേഗം വളര്‍ന്നിടതൂര്‍ന്ന്
മരമായി ആകാശത്തോളം ചില്ലകള്‍ വിടര്‍ത്തുകയും ചെയ്യും
ഭാവികാലത്തിന് ചിറകുകള്‍ നല്‍കി ഭൂതകാലത്തിലേക്ക് വിടും
അത് പറന്നു വന്ന് ഈ മരക്കൊമ്പില്‍ തന്നെ കൂടുകെട്ടും.
അതെ, അവരുടെ ഭാഷ ഭ്രമാത്മകസൗന്ദര്യമുളള കവിതകളാണ്.

അവരുടെ അസാന്നിദ്ധ്യത്തിന് അടിവരയിടുന്ന മൊഴിമുദ്രകള്‍
പെരുകി നിറഞ്ഞുകവിഞ്ഞ് ആര്‍ദ്രമാകും പിന്നെ പ്രവാഹമാകും.
ഏറെ നേരം സംസാരിക്കുമ്പോള്‍ കണ്‍തടത്തില്‍ നിഴല്‍വീഴും.
വാക്കുകളുടെ നനവ് അവിടെയുണ്ടാകും.

മുത്തച്ഛനെപ്പോലെ തന്നെയാണെല്ലാവരും
ഓര്‍മയുടെ താളിയോലകളില്‍ നീല ദ്രാവകം ഒഴിക്കും
അതില്‍ താരാട്ടും തൊട്ടിലും മണിയറയുടെയുമെല്ലാം ചേര്‍ന്ന കൊളാഷ്
തെളിഞ്ഞു ചേരുവകള്‍ മാറും, അതിന്റെ വ്യാഖ്യാനമാണ് ഭാഷ
നാം ആഗ്രഹിക്കുന്നതെല്ലാം അതിലുണ്ടാകും.

എല്ലാം ഇന്നലെയാക്കുന്ന വ്യാകരണവും
വാത്സല്യത്തിന്റെ പ്രലോഭനവും അവരുടെ ഭാഷയ്ക്കുണ്ട്
ആ ഭാഷയില്‍ അഗാധസ്നേഹത്തിലേക്കുളള ക്ഷണക്കുറിയുമുണ്ട്
ആദ്യം കണ്ടതിനേക്കാള്‍ അവസാനത്തേതിനാണ് ഊന്നല്‍
അവരുടെ ഭാഷ പൂര്‍ണമായി വശമായാല്‍
നാളെ നിന്നോടും എനിക്ക് സംസാരിക്കാമല്ലോ.3 comments:

ബൈജു മണിയങ്കാല said...

അണഞ്ഞുപോയ മെഴുതിരി ഉണര്‍ന്നു കത്തും
അതെ, അവരുടെ ഭാഷ ഭ്രമാത്മകസൗന്ദര്യമുളള കവിതകളാണ്

എത്രയോ ദീപ്തം തിരഞ്ഞെടുത്തിരിക്കുന്ന ഓരോ വാക്കും
അതിൽ തെളിഞ്ഞു കത്തുന്ന വരികൾ
സുന്ദരം മധുരം ഇന്നലെകളിലെ താരാട്ടിനെ പോലെ

സൗഗന്ധികം said...

ഈ കവിതയിൽ, കവിയുടെ മനസ്സ് പിതൃക്കളുമായി സംസാരിക്കുമ്പോൾ അനുവാചകർക്ക് ഹൃദയത്തിന്നകവും പുറവും തൊട്ടുഴിഞ്ഞു നീങ്ങുന്ന ജീവനുള്ള ആശയവിനിമയമായി അതു മാറുന്നു. മണ്മറഞ്ഞ സ്നേഹനൈർമ്മല്യങ്ങളോടൊത്തുള്ള ആശ്ളേഷധ്യാനനിമിഷങ്ങളിൽ നിന്നുണരുമ്പോൾ

“സമയബന്ധം തെല്ലകന്നിടും നേരത്തു
സംസാരസാഗരം താണ്ടിയോരോടുള്ള
സംസാരമദ്ധ്യേ സമർത്ഥമായ് തീർത്തൊരീ
ശീതള കാവ്യസംഭാരമോ സാർത്ഥകം..!“


എന്ന് അനുവാചകഹൃദയങ്ങൾ പാടിപ്പോയാൽ അതിലത്ഭുതമില്ല. മനോഹരമായ കവിത.


ശുഭാശംസകൾ......

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

നല്ല വരികള്‍